അനുയായികൾക്ക് നിരന്തരമായ രാഷ്ട്രീയ വിദ്യാഭ്യാസം നൽകിയത് ബിജെപി മാത്രം: ജോളി ചിറയത്ത്

കഴിഞ്ഞ നാല്പത് വർഷത്തിനകത്ത് അനുയായികൾക്ക് നിരന്തരം രാഷ്ട്രീയ വിദ്യാഭ്യാസം നൽകിയത് ബിജെപി മാത്രമാണെന്ന് നടിയും ആക്ടിവിസ്റ്റുമായ ജോളി ചിറയത്ത്. ഇടതുപക്ഷം അതിൽ വിജയിച്ചു എന്ന് പറഞ്ഞു കൂടാ. കോൺഗ്രസിലാണെങ്കിൽ നേതാക്കൾക്ക് പോലും അത് കിട്ടിയിട്ടുമില്ല. കക്ഷിരാഷ്ട്രീയ പ്രവർത്തനം കൊണ്ടു മാത്രം ഉപജീവനം നടത്തിപ്പോകാമെന്ന് വിചാരിച്ചതിന്റെ ശിക്ഷയാണ് പ്രതിപക്ഷ പാർട്ടികൾ ഇന്ന് അനുഭവിക്കുന്നത്എന്നും നിരന്തരമായ രാഷ്ട്രീയ വിദ്യാഭ്യാസത്താൽ ഉദ്ബുദ്ധരായ ബിജെപി അനുയായികളെ കണ്ടുപഠിക്കൂ എന്നും ജോളി ചിറയത്ത് ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

രാഷ്ട്രീയ ബോധം മാത്രമല്ല ബിജെപി അണികൾ പോലും എന്തെരു ഭാഷാനൈപുണ്യം ഉള്ളവരാണെന്നും എല്ലാവരും വലിയ വാഗ്മികൾ ആണെന്നും -ഒമ്പത് അക്ഷരങ്ങളാൽ പൗരത്വ ബില്ലിനെ സാധാരണക്കാർക്ക് പോലും മനസ്സിലാക്കുന്ന വിധം വിശദീകരിച്ച അവരുടെ കഴിവിനെ കാണാതിരിക്കാനാവുന്നില്ലെന്നും വളരെ ഗഹനമായ കാര്യങ്ങൾ നാരായണഗുരുവൊക്കെ ചെയ്തതുപോലെ ചെറിയവക്കുകളിൽ അവതരിപ്പിക്കുന്നവരെയാണെല്ലോ വാഗ്മി എന്ന് പറയുക? എന്തൊരു രാഷ്ട്രീയ വ്യക്തതയും കാഴ്ചപ്പാടുമാണ് സാധാരണക്കാരായ ബിജെപി ക്കാർക്ക് പോലും എന്ന് പറയാതിരിക്കാനാവുന്നില്ലെന്നും ജോളി ചിറയത്ത് പറഞ്ഞു.

എന്തൊരു ധ്വനി സാന്ദ്രമായ ഭാഷാനൈപുണ്യം! ‘ഓർമ്മയില്ലേ ഗുജറാത്ത്’ എന്ന ഒമ്പത് അക്ഷരങ്ങളാൽ നിരന്തരമായ രാഷ്ട്രീയ വിദ്യാഭ്യാസത്താൽ ഉദ്ബുദ്ധരായ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിലെ കൂലിപ്പണിക്കാരായ ബിജെപി അനുയായികൾ പോലും എത്ര ലളിതസുന്ദരമായിട്ടാണ് പൗരത്വ ബില്ലിനെ ആ ജാഥയിൽ വ്യാഖ്യാനിച്ചത്! എന്ന് ജോളി ചിറയത്ത് ചോദിക്കുന്നു. ശിഹാബുദ്ദീൻ പൊയ്ത്തും കടവിന്റെ പോസ്റ്റ് റീപോസ്റ്റ് ചെയ്തുകൊണ്ടാണ് ജോളി ചിറയത്ത് ഇങ്ങനെ കുറിച്ചത്. 

അതിനിടെ പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി നടത്തിയ പ്രകടനത്തില്‍ മതവിദ്വേഷം വളര്‍ത്തുന്ന പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്ന പരാതിയില്‍ ആറ് ആര്‍ എസ് എസ്, ബി ജെ പി പ്രവര്‍ത്തകരെ കുറ്റ്യാടി പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. വര്‍ഗീയ കലാപം ലക്ഷ്യമിട്ട് പൊതുയോഗത്തില്‍ പ്രസംഗിച്ചെന്ന കുറ്റവും ഇവരുടെ മേല്‍ ആരോപിച്ചിട്ടുണ്ട്. പാലേരി കവറുള്ള കണ്ടിയില്‍ സുധീശന്‍, ഊരത്ത് സ്വദേശികളായ ഒന്തത്ത് പൊയില്‍ ഒ പി മഹേഷ്, പാറക്കെട്ടില്‍ നിധിന്‍, പുത്തന്‍പുരയില്‍ പി സി ലിനീഷ്, നിട്ടൂര്‍ കോട്ടേമ്മല്‍ പി കെ ബിനീഷ്, വേളം ചെരിഞ്ഞ പുറത്ത് മോഹനന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് അറസ്‌റ്റെന്ന് പോലീസ് പറഞ്ഞു.

ഫെയ്‌സ് ബുക്ക് പോസ്റ്റിൻറെ പൂർണ്ണ രൂപം:

ഓർമ്മയില്ലേ, ഗുജറാത്ത് ?
-കുറ്യാടിയിൽ രണ്ടു ദിവസം മുമ്പ് നടന്ന ജാഥയിൽ ബി.ജെ.പി മുഴക്കിയ മുദ്രാവാക്യം സത്യത്തിൽ പ്രൗഢഗംഭീരമായിരുന്നു.
പൗരത്വ ബില്ലിനെ ഇത്രയേറെ ഒരു ലേഖനത്തിനും വ്യാഖ്യാനിക്കാനായിട്ടില്ല. ഒരു പ്രഭാഷണത്തിനും അതിനു് പറ്റിയിട്ടില്ല. സാമൂഹ്യ പ്രതിബദ്ധതയുള്ള പണ്ഡിതരായ എല്ലാ പൗരത്വബിൽ വ്യാഖ്യാതാക്കളും തോറ്റു തൊപ്പിയിട്ടിരിക്കുന്നു!

പൗരത്വജാഥയിൽ കണ്ടതൊക്കെ സാധാരണക്കാരാണ്.കൂലിത്തൊഴിലാളികളാണ്. ജാഥ പിറകിലെത്തുമ്പോൾ നിഷ്ക്കളങ്കതയോടുക്കുന്ന ചില ജാഥാ മെമ്പർമാരുടെ ചമ്മിയ ചിരിയും ശ്രദ്ധേയമാണ്.
ജാഥ കൂടി രഹസ്യമായി നടത്താനായെങ്കിൽ എന്ന് നമ്മുടെ BJP സഹോദരന്മാരിൽ ചിലരെങ്കിലും മോഹിച്ചു പോയിട്ടുണ്ടാവണം. അതിന്റെ വിഷാദ സ്മൃതിയാവാം, ആ ചമ്മിയ ചിരി.

കഴിഞ്ഞ നാല്പത് വർഷത്തിനകത്ത് അനുയായികൾക്ക് നിരന്തരം രാഷ്ട്രീയ വിദ്യാഭ്യാസം നൽകിയത് BJP മാത്രമാണ്. ഇടതുപക്ഷം അതിൽ വിജയിച്ചു എന്ന് പറഞ്ഞു കൂടാ. കോൺഗ്രസിലാണെങ്കിൽ നേതാക്കൾക്ക് പോലും അത് കിട്ടിയിട്ടുമില്ല.
കക്ഷിരാഷ്ട്രീയ പ്രവർത്തനം കൊണ്ടു മാത്രം ഉപജീവനം നടത്തിപ്പോകാമെന്ന് വിചാരിച്ചതിന്റെ ശിക്ഷയാണ് പ്രതിപക്ഷ പാർട്ടികൾ ഇന്ന് അനുഭവിക്കുന്നത്.

നിരന്തരമായ രാഷ്ട്രീയ വിദ്യാഭ്യാസത്താൽ ഉദ്ബുദ്ധരായ BJP അനുയായികളെ കണ്ടുപഠിക്കൂ.
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിലെ കൂലിപ്പണിക്കാർ പോലും എത്ര ലളിതസുന്ദരമായിട്ടാണ് പൗരത്വ ബില്ലിനെ ആ ജാഥയിൽ വ്യാഖ്യാനിച്ചത്! എന്തൊരു രാഷ്ട്രീയ വ്യക്തതയും കാഴ്ചപ്പാടുമാണ് സാധാരണക്കാരായ BJP ക്കാർക്ക് പോലും!

ഓർമ്മയില്ലേ ഗുജറാത്ത്.
-ഒമ്പത് അക്ഷരങ്ങളാൽ പൗരത്വ ബില്ലിനെ സാധാരണക്കാർക്ക് പോലും മനസ്സിലാക്കുന്ന വിധം വിശദീകരിച്ചിരിക്കുന്നു. പറയാതിരിക്കാനാവുന്നില്ല, എന്തൊരു
ധ്വനി സാന്ദ്രമായ ഭാഷാനൈപുണ്യം!