മാനവികതയുടെ ശാദ്വല തീരങ്ങളെ മതവും വംശീയതയും കയ്യേറിയിരിക്കുന്നു

ഗഫൂർ കൊടിഞ്ഞി

ലോക സിനിമയിൽ തന്നെ അൽഭുതമായിരുന്നു ‘ഷോലെ’ എന്ന സിനിമ.ഒരു കാലത്ത് ചമ്പൽകാടുകളെ അടക്കിവാണ ഖബ്ബർസിംഗ് എന്ന കൊള്ളക്കാരന്റെ താണ്ഡവങ്ങളെ ചെറുത്തു തോൽപ്പിക്കുന്ന ഒരു നിഷ്കളങ്ക ഗ്രാമത്തിന്റെ കഥയാണ് ഇന്ത്യയിലാദ്യം 70mm ഫ്രെയിമിലിറങ്ങിയ ഈ ചലച്ചിത്രം. ബോംബെയിലെ മിനർവ തിയറ്ററിൽ ഏഴു വർഷമാണ് ഈ പടം ഓടിയത്.

ബംഗലൂരുവിനടുത്തുള്ള രാമ നഗരിയിലായിരുന്നു ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പശ്ചാത്തലം. കഥ നടക്കുന്ന സ്ഥലത്തിനും റാംനഗർ എന്നാണ് നാമകരണം ചെയ്യപ്പെട്ടത് എന്നത് യാദൃശ്ചികമാവാം.

സിനിമയിൽ സരസ ഭാഷിണിയായ കുതിരവണ്ടിക്കാരി ബസന്തിയെ ഒരാളും മറക്കാൻ സാധ്യതയില്ല. പിൽക്കാലത്ത് ഫാസിസ്റ്റ് രാഷ്ടീയത്തിലേക്ക് ചുവട് മാറിയെങ്കിലും ഹേമമാലിനി എന്ന നടിയെ കാണുമ്പോൾ ഇന്നും മനസിലേക്കോടിയെത്തുക അവർ അഭിനയിച്ച ബസന്തി എന്ന കഥാപാത്രത്തേയാണ്.

റാംനഗർ എന്ന ഗ്രാമത്തിൽ ഹാഫിസ്‌ എന്ന നാമ ത്തിൽ ജീവിക്കുന്ന ഒരു മൗലാനയുണ്ട് അന്ധനാണയാൾ. റാംനഗറിലെ ഏക മുസ്ലിം .മൗലാനയെ അഞ്ചു നേരവും നമാസിന് പള്ളിയിലെത്തിക്കേണ്ട ചുമതല ബസന്തി സ്വയം ഏറ്റെടുത്ത ദൃശ്യം മനം കുളിരുന്നതാണ്.

സ്വന്തം മകൻ ഖബ്ബറിനാൽ കൊല്ലപ്പെടുമ്പോൾ അദ്ദേഹം കാണിക്കുന്ന നിസ്സഹായതയിൽ പൊതിഞ്ഞ അഭിമാനബോധം കാണികളിൽ അൽഭു തം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.

സത്യത്തിൽ ഈ കൊച്ചു കഥാപാത്രസൃഷ്ടിയിലൂടെ ഹിന്ദു മുസ്ലിം സൗഹൃദത്തിന്റെ തുല്യതയില്ലാത്തന്ന ദൃശ്യമാണ് സംവിധായകൻ രമേഷ് ഷിപ്പി വരച്ചുകാണിച്ചത്.

ഇപ്പോഴിത് ഓർക്കാൻ കാരണം റാം നഗരിയിൽ അരങ്ങേറിയ സംഭവ വികാസങ്ങളാണ്. നാൽപത് വർഷം മുമ്പാണ് ഷോലെ എന്ന ചിത്രം പുറത്ത് വരുന്നത്. എത്ര പ്രാവശ്യം ആ സിനിമ കണ്ടു എന്ന് പോലും തിട്ടപ്പെടുത്താനാവില്ല. അത്രമാത്രം ആ സിനിമ ഇന്നും മനസിനെ മോഹിപ്പിക്കുന്നു.

രാമ നഗരിയിലൂടെയുള്ള യാത്രയിൽ ഒരിക്കൽ പോലും ആ നിഷ്കളങ്ക ഗ്രാമത്തെക്കുറിച്ച് ഓർക്കാതെ കടന്നു പോയിട്ടില്ല. ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും തോളോട് തോൾ ചേർന്ന് ജീവിക്കുന്ന ആ സ്ഥലത്തിന്റെ ഐക്യത്തിന് പിറകിൽ ആ ചലച്ചിത്രത്തിന്റെ സ്വാദീന മുണ്ടെന്ന് പോലും തോന്നാറുണ്ടായിരുന്നു. പച്ചക്കറിയും പൂക്കളും വിൽക്കുന്ന അവിടത്തെ കടകളിൽ ഒരു നിമിഷം വണ്ടി നിർത്തി സന്ദർശിക്കുക എന്നത് ഒരു പതിവു രീതിയായിരുന്നു.

എന്നാലിന്ന് സവർണ്ണ ഫാസിസം ഈ കൊച്ചുഗ്രാമ ത്തെ പോലും പിടിമുറുക്കിയിരിക്കുന്നു എന്ന ഞട്ടിപ്പിക്കുന്ന വാർത്തയാണ് ഇന്ന് അറിയുന്നത്. മാനവികതയുടെ ശാദ്വല തീരങ്ങളെ മതവും വംശീയതയും കയ്യേറിയിരിക്കുന്നു എന്ന ദുഃഖസത്യം ഇടനെഞ്ചിനെ വല്ലാതെ അലട്ടുന്നത് കൊണ്ടാണ് ഈ കുറിപ്പ്.