യു പി സര്‍ക്കാര്‍ കൊളോണിയല്‍ ഭരണത്തിന് സമാനം; ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരെ വീടുകളില്‍ കയറി പോലീസ് അക്രമിക്കുകയാണ്: യെച്ചൂരി

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയാണെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് പ്രതിഷേധങ്ങള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടത്. പോലീസ് പ്രതിഷേധക്കാര്‍ക്കു നേരെ വെടിവെച്ചു. ബി ജെ പിയാണ് അക്രമങ്ങള്‍ക്കു പിന്നില്‍.

യു പിയില്‍ യോഗി ആദിത്യ നാഥ് സര്‍ക്കാര്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിന് സമാനമായാണ് പ്രവര്‍ത്തിക്കുന്നത്. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരെ വീടുകളില്‍ കയറി പോലീസ് അക്രമിക്കുകയാണ്. അക്രമത്തിനു വേണ്ടി പോലീസ് സേനക്ക് പുറത്ത് നിന്നുള്ളവരെ റിക്രൂട്ട് ചെയ്തു. പൊതുമുതല്‍ നശിപ്പിച്ചതിന് പണമടയ്ക്കാന്‍ നിരപരാധികള്‍ക്ക് നോട്ടീസ് നല്‍കുകയാണ് പോലീസ് ചെയ്യുന്നത്.പ്രതിഷേധത്തിനിടെ രാജ്യത്ത് കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി. ഇതില്‍ ഭൂരിഭാഗവും യു പിയിലാണ്. ഫിറോസബാദില്‍ മാത്രം ഏഴ് പേരാണ് മരിച്ചത്. പൗരത്വ നിയമത്തിനെതിരെ യു പിയില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ അറസ്റ്റിലായവര്‍ അനുഭവങ്ങള്‍ വിവരിക്കാനെത്തിയപ്പോഴായിരുന്നു യെച്ചൂരിയുടെ പ്രതികരണം.

അതിനിടെ ഉത്തര്‍പ്രദേശിലെ ഫിറോസബാദില്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പോലീസ് വെടിയേറ്റ് ചിക്ത്‌സയിലായിരുന്ന യുവാവ് മരിച്ചു. കഴിഞ്ഞ ഡിസംബര്‍ 20ന് വെടിയേറ്റ ഫിറോസബാദിലെ മസ്രൂര്‍ഗഞ്ച് സ്വദേശിയായ മുഹമ്മദ് അബ്റാര്‍ എന്നയാളാണ് മരിച്ചത്. നട്ടെല്ലില്‍ വെടിയേറ്റതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയ അബ്‌റാര്‍ ജനുവരി പത്തിനാണ് വീട്ടിലെത്തിയത്. ഞായറാഴ്ച രാത്രി ശാരീരിക അസാസ്ഥ്യവും വെടിയേറ്റ ഭാഗത്ത് കടുത്ത വേദനയും അനുഭവപ്പെടുന്നതായി പറഞ്ഞ് കുറച്ച് സമയത്തിനുള്ളില്‍ അബ്‌റാര്‍ മരണപ്പെടുകയായിരുന്നെന്ന് വീട്ടുകാര്‍ അറിയിച്ചു.

ദിവസവേതനക്കാരനായി ജോലി നോക്കുകയായിരുന്ന അബ്റാര്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സമയത്താണ് വെടിയേറ്റത്. പോലീസുമായുള്ള ഏറ്റുമുട്ടലിനിടയില്‍ അബ്‌റാര്‍ കുടുങ്ങിപ്പോകുയായിരുന്നെന്നാണ് കുടുംബം പറഞ്ഞത്. എയിംസ് അടക്കമുള്ള ആശുപത്രികള്‍ അബറാറിനെ ചികിത്സിക്കാന്‍ തയ്യാറായിരുന്നില്ല എന്നും ഒടുവില്‍ ആം ആദ്മി പാര്‍ട്ടി എം എല്‍ഡ എ അമാനത്തുള്ള ഖാന്‍ ഇടപെട്ടതിന് ശേഷമാണ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.