ലൗ ജിഹാദ് – CAA: ആലഞ്ചേരിക്കും സഭാ നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ച് സത്യദീപം

കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതില്‍ ലൗ ജിഹാദ് നടക്കുന്നുവെന്ന് സിറോ മലബാര്‍ മെത്രാന്‍ സിനഡിന്റെ സര്‍ക്കുലറിനെതിരെ എറണാകുളം- അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം.

മതരാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യം നിന്ന് കത്തുമ്പോള്‍ ഏതെങ്കിലും മതത്തെ ചെറുതാക്കുന്ന കാര്യങ്ങള്‍ പറഞ്ഞ് എരിതീയില്‍ എണ്ണയൊഴിക്കാതിരിക്കുകയെന്നത് സാമാന്യ ബുദ്ധിയാണെന്ന് സഭാ പ്രസിദ്ധീകരണത്തിലെ വൈദികന്റെ ലേഖനത്തില്‍ പറയുന്നു.ലക്ഷക്കണക്കിന് ക്രൈസ്തവ കുട്ടികള്‍ എത്രയോ വര്‍ഷമായി ഗള്‍ഫിലും മറ്റും ഇതര മതസ്ഥരുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നു. സിനഡില്‍ 58 മെത്രാന്മാര്‍ കൂടിയിരുന്ന് പ്രസ്താവന ഇറക്കുമ്പോള്‍ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികള്‍ പൊതുസമൂഹത്തില്‍ മറ്റു സമുദായങ്ങള്‍ക്കൊപ്പമാണ് ജീവിക്കുന്നത് എന്ന യഥാര്‍ത്ഥ്യം മനസ്സിലാക്കാതെ പോകുന്നു. സിനഡിന്റെ സര്‍ക്കുലര്‍ നിലവില്‍ എരിതീയില്‍ എണ്ണയൊഴിച്ച് കൊടുക്കുന്നതിന് തുല്യമാണ്. ഇവിടെ തീവ്രവാദികള്‍ ഉണ്ടാവാം. തീവ്രവാദികള്‍ ഇല്ലെന്ന് പറയുന്നില്ല.

സത്യദീപത്തിൻറെ വരികള്‍ക്കിടയില്‍’ എന്ന കോളത്തില്‍ എഴുതിയ ലേഖനത്തിലൂടെയാണ് ഫാ. കുര്യാക്കോസ് മുണ്ടാടന്‍ രൂക്ഷ വിമര്‍ശനമുന്നയിക്കുന്നത്. ‘പൗരത്വ നിയമവും ലൗ ജിഹാദും കൂട്ടിച്ചേര്‍ക്കാമോ’ എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. എറണാകുളം-അങ്കമാലി അതിരൂപത വൈദിക സമിതി സെക്രട്ടറികൂടിയാണ് ഫാ. കുര്യാക്കോസ് മുണ്ടാടന്‍.

‘ലൗ ജിഹാദ് എന്നുവെച്ചാല്‍ മതപരിവര്‍ത്തനം നടത്തുകയെന്ന ഉദ്ദേശ്യത്തോടെ സ്‌നേഹിച്ചു വിവാഹം കഴിക്കുന്നതാണ്. വിവിധ കോടതികള്‍ തള്ളിക്കളഞ്ഞ വിഷയമാണിത്. എത്രയോ ഹിന്ദു, മുസ്‌ലിം പെണ്‍കുട്ടികളും ആണ്‍കുട്ടികളും പ്രേമത്തിന്റെ പേരില്‍ ക്രൈസ്തവ മതം സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ കണക്ക് ആരെങ്കിലുമെടുത്തിട്ടുണ്ടോ?

പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് കേരള കത്തോലിക്കാ സഭയ്ക്ക് ഏകാഭിപ്രായമോ കൃത്യമായ നിലപാടോ ഇല്ലെന്നും കുറ്റപ്പെടുത്തലുണ്ട്. അപകടകരമായ പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിയെയും ബഹുസ്വരതയെയും ബാധിക്കുമെന്നതിനാല്‍ ഇവിടത്തെ രാഷ്ട്രീയപാര്‍ട്ടികളും മത ജാതികളും കൃത്യമായ നിലപാടെടുത്തു. ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ നിലപാട് ഇക്കാര്യത്തില്‍ വ്യക്തമായിരുന്നോ? തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യവും ലത്തീന്‍ സഭയും നിയമത്തെ ശക്തമായി എതിര്‍ത്തപ്പോള്‍ കെ സി ബി സി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ കൂടിയ സിറോ മലബാര്‍ മെത്രാന്‍ സിനഡ്, കേന്ദ്ര സര്‍ക്കാരിനുള്ള ഒരു ഉപദേശത്തില്‍ ചുരുക്കി.

കെ സി ബി സി യുടെ ആസ്ഥാനമായ പി ഒ സി യുടെ ഡയറക്ടര്‍ നിയമത്തെ അനുകൂലിച്ച് ആര്‍.എസ്.എസ്. പത്രത്തില്‍ ലേഖനമെഴുതുകയും ചെയ്തു. സഭയ്ക്ക് ഏകാഭിപ്രായമോ കൃത്യമായ നിലപാടോ ഇല്ലെന്ന് ചുരുക്കം’”- ഫാ. കുര്യാക്കോസ് മുണ്ടാടന്‍ ലേഖനത്തില്‍ ആരോപിക്കുന്നു.

ലേഖനം കുഞ്ഞാടുകൾക്കിടയിലും മുട്ടനാടുകൾക്കിടയിലും വിവാദമായതിനെത്തുടർന്ന് ഫാ. കുര്യാക്കോസ് മുണ്ടാടന്‍ വിശദീകരണവുമായി രംഗത്തുവന്നിട്ടുണ്ട് രാജ്യത്ത് ക്രൈസ്തവര്‍എന്നും സമാധാനത്തിനും ഐക്യത്തിനും സഹിഷ്ണുതയ്ക്കുമാണ് മുന്‍ഗണന നല്‍കിയിട്ടുള്ളത്. ഇപ്പോള്‍ സമൂഹത്തില്‍ ഒരു അസന്തുലീതാവസ്ഥ വന്നിരിക്കുന്നു, സമൂഹത്തില്‍ വര്‍ഗീയമായ ഒരു ധ്രുവീകരണം വന്നിരിക്കുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ ഒരു സമുദായ നേതാവെന്നല്ല, ഒരു സാധാരണക്കാരനായാല്‍ പോലും ഒരു പ്രസ്താവന ഇറക്കുമ്പോള്‍ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതാണ്. ആ സൂക്ഷ്മതയോ സാമാന്യ ബുദ്ധിയോ സിറോ മലബാര്‍ സഭ മെത്രാന്മാര്‍ക്ക് ഇല്ലാതെ പോയതിലുള്ള സങ്കടമാണ് ഞാന്‍ ലേഖനത്തില്‍ പ്രകടിപ്പിച്ചത്. നമ്മുടെ സമുദായത്തിലെ എത്രയോ പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നു. എത്രയോ പേര്‍ ഇസ്ലാം വിശ്വാസികളായ മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നു. എല്ലാ വിഭാഗം വിശ്വാസികളും പരസ്പരം ഇടകലര്‍ന്ന് ജീവിക്കുന്നു. അവിടെയൊക്കെ സ്പര്‍ദ്ധത വളര്‍ത്തുന്ന പ്രസ്താവന നടത്താമോ?

മെത്രാന്മാര്‍ നടത്തിയ ‘ലൗ ജിഹാദ്’ പ്രസ്താവനയ്ക്ക് എന്ത് ശാസ്ത്രീയ തെളിവാണുള്ളത്. എന്‍.ഐ.എയും ഹൈക്കോടതിയും അന്വേഷിച്ച് തള്ളിയ കേസാണിത്. തീവ്രവാദികള്‍ ഇല്ലായെന്ന് താന്‍ പറയുന്നില്ല. തീവ്രവാദികള്‍ എല്ലാ സമുദായത്തിലുമുണ്ടായിട്ടുണ്ട്. പക്ഷേ, പൗരത്വ നിയമ ഭേദഗതിയുടെ ഇന്നത്തെ പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ വര്‍ഗീയമായി ആളിക്കത്തുമ്പോള്‍ അതില്‍ വെള്ളമൊഴിച്ച് അഗ്നികെടുതേണ്ടതിനു പകരം എരിതീയില്‍ എണ്ണയൊഴിക്കുന്ന പ്രവര്‍ത്തി ചെയ്യാന്‍ പാടുണ്ടോ? ആ ഒരു ചിന്തയാണ് ലേഖനമെഴുതാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ഫാ.കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു.