മുസ്‌ലിം പെണ്‍കുട്ടികളോട് പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട ദേശസ്നേഹിയായ അദ്ധ്യാപകന് സസ്‌പെന്‍ഷന്‍

കൊടുങ്ങല്ലൂരിൽ വിദ്യാർത്ഥികൾക്ക് പാക്കിസ്ഥാൻ വിസനൽകാൻ ശ്രമിച്ച  അദ്ധ്യാപകന് വിദ്യാഭ്യാസ വകുപ്പ് പണികൊടുത്തു. മുസ്‌ലിം പെണ്‍കുട്ടികളോട് പാകിസ്താനിലേക്ക് പോവാന്‍ ഭീഷണി മുഴക്കിയ ദേശസ്നേഹിയായ ഒരു അധ്യാപകനെ സസ്‌പെന്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ ഗവ.ഗേള്‍സ് ഹൈസ്‌കൂളിലെ ഹിന്ദി അധ്യാപകന്‍ കെ കെ കലേശനെയാണ് വിദ്യാഭ്യാസവകുപ്പ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്.

ക്ലാസ് മുറിയില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിക്കുകയും കുട്ടികളോട് പാക്കിസ്താനിലേക്ക് പോവാനൊരുങ്ങിക്കൊള്ളാന്‍ ഭീഷണി മുഴക്കുകയുമാണ് കലേശൻജി എന്ന അധ്യാപകന്‍ ചെയ്തത്. ഇതിനെതിരേ വിദ്യാര്‍ഥികളും രക്ഷിതാക്കളും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. അദ്ധ്യാപകനെതിരെ സ്‌കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാനോട് സർക്കാർ ജീവനക്കാരിയായ രക്ഷിതാവ് ഫോണിൽ പരാതി പറയുന്നതിന്റെ ശബ്ദരേഖ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. പൗരത്വ ദേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിച്ച ശേഷമാണ് അദ്ധ്യാപകൻ ഈ വിധം പറഞ്ഞതെന്നാണ് രക്ഷിതാവ് പറയുന്നത്.

വർഗീയപരാമർശം നടത്തുകയും അപമര്യാദയായി സംസാരിക്കുകയും ചെയ്ത അദ്ധ്യാപകനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് യും എ.ഐ.വൈ.എഫും ഫ്രറ്റെണിറ്റി യൂത്ത് മൂവ്മെന്റും വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയിരുന്നു.വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഗീത വിദ്യാലയത്തിലെത്തി ആരോപണവിധേയനായ അധ്യാപകനില്‍നിന്ന് വിശദീകരണം തേടി.

പരാതിക്കിടയാക്കിയ സംഭവം നടന്ന എട്ട് ബി ക്ലാസിലെ കുട്ടികളില്‍നിന്നും രക്ഷിതാക്കളില്‍നിന്നും ഡെപ്യൂട്ടി ഡയറക്ടര്‍ മൊഴിയെടുത്തു. പരാതി സത്യമാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് വീരസവർക്കർ കലേശൻജിക്കെതിരെ നടപടിയുണ്ടായത്. മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ക്കൊപ്പം ഇയാള്‍ പെണ്‍കുട്ടികളോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും കണ്ടെത്തി. ആരോപണവിധേയനായ അധ്യാപകനെതിരേ നടപടി സ്വീകരിക്കണമെന്ന് കൊടുങ്ങല്ലൂർ നഗരസഭാ ചെയര്‍മാന്‍ കെ ആര്‍ ജൈത്രനും ആവശ്യപ്പെട്ടിരുന്നു.