ബാങ്ക് ജപ്തി: ഉദ്യോഗസ്ഥർക്ക് മുന്നിൽ വീട്ടമ്മയുടെ ആത്മഹത്യാ ശ്രമം; യുവതി ഗുരുതരാവസ്ഥയിൽ

ജപ്തി നടപടിക്കെത്തിയ ബാങ്ക് ഉദ്യോഗസ്ഥർക്ക് മുന്നിൽ വീട്ടമ്മയുടെ ആത്മഹത്യാ ശ്രമം.അമിതമായി ഗുളിക കഴിച്ച ശേഷം വീടിന് മുകളിൽ നിന്ന് ചാടാനൊരുങ്ങിയ വീട്ടമ്മയെ ജപ്തി നടത്താനെത്തിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിച്ചു.

കടയ്ക്കൽ കുമ്മിളിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം ചിതറ തൂറ്റിക്കൽ വാർഡിൽ വിശാഖത്തിൽ ഷീജയാണ് (38) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുഴഞ്ഞു വീണ ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.

എസ്.ബി.ഐയുടെ കുമ്മിൾ ബ്രാഞ്ചിൽ നിന്ന് ഷീജ പത്ത് ലക്ഷം രൂപ ഭവന വായ്പയെടുത്തിരുന്നു. ആദ്യഘട്ടത്തിൽ കൃത്യമായി തവണകൾ അടച്ചിരുന്നെങ്കിലും പിന്നീട് മുടങ്ങി. ഏഴര ലക്ഷം രൂപവരെ തിരിച്ചടച്ചെന്നാണ് ഷീജയുടെ ബന്ധുക്കൾ പറയുന്നത്.15 വർഷത്തെ കാലാവധിയുള്ള വായ്പയാണ്. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് നിരന്തരം നോട്ടീസുകൾ അയച്ചു. പിന്നീട് കേസ് ഫയൽ ചെയ്തു.

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയോഗിച്ച കമ്മിഷൻ അടക്കം ഇന്നലെ ബാങ്ക് ഉദ്യോഗസ്ഥർ ജപ്തിക്കായി ഷീജയുടെ വീട്ടിലെത്തി.കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ നിന്ന് എ.എസ്.ഐയും വനിതാ സിവിൽ പൊലീസ് ഓഫീസറുമടക്കം സംഘത്തിലുണ്ടായിരുന്നു.

തങ്ങളെത്തിയപ്പോൾ ഷീജ വീടിന് മുകളിൽ നിൽക്കുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പല തവണ പറഞ്ഞതിനെ തുടർന്ന് ഇറങ്ങി വന്ന് .താൻ ആത്മഹത്യ ചെയ്യാനായി ഗുളിക അമിതമായി കഴിച്ചുവെന്ന് വെളിപ്പെടുത്തി. പറഞ്ഞു തീരും മുമ്പേ ഛർദ്ദിയോടെ കുഴഞ്ഞു വീണു.. കടയ്ക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.