ശബരിമല സ്ത്രീപ്രവേശനം: സർക്കാർ ഇരട്ടത്താപ്പിനെതിരെ തലസ്ഥാനത്ത് യുക്തിവാദികളുടെ മാർച്ച്

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ പിന്നോട്ട് പോകരുതെന്നാവശ്യപെട്ട് തിരുവനന്തപുരത്ത് യുക്തിവാദികളുടെ മാർച്ച്. പാളയം രക്തസാക്ഷിമണ്ഡപത്തിൽ നിന്ന് സെക്രട്ടറിയേറ്റിലേക്കായിരുന്നു പ്രകടനം. തുടർന്ന് സെക്രട്ടറിയേറ്റ് പടിക്കൽ ധർണ്ണയും നടത്തി. കേരളാ യുക്തിവാദിസംഘം തിരുവനന്തപുരം ജില്ലാകമ്മറ്റിയാണ് ശബരിമല വിഷയത്തിലെ രാഷ്ട്രീയപാർട്ടികളുടെ ഒളിച്ചുകളിക്കെതിരെ സമരം നടത്തിയത്.കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രസ്ഥാനങ്ങളെല്ലാം ശബരിമല വിഷയത്തിൽ നാണംകെട്ട മൗനവും ഒളിച്ചുകളിയും നടത്തുമ്പോഴാണ് ഈ മൗനം ഭഞ്ജിച്ചുകൊണ്ട് കേരളത്തിൽ ആദ്യമായി ഒരു സംഘടന ശബരിമല വിഷയത്തിൽ പരസ്യമായി സമരം ചെയ്യാനുള്ള ധൈര്യം കാണിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

ഭരണഘടനാ ധാർമ്മികതയും ലിംഗനീതിയും മതേതരത്വവും മതമേധാവികൾക്കു മുൻപിൽ അടിയറവെക്കുന്ന സർക്കാർ നിലപാട്അംഗീകരിക്കാനാവില്ല. മൗലികാവകാശവുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിയുടെ വിധി. യുവതികളെ ശബരിമലയില്‍ വിലക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനവും ഭരണഘടനയ്ക്ക് വിരുദ്ധവുമാണ്. അതിനെ മറികടക്കാന്‍ ഒരു വിധത്തിലുള്ള നിയമനിര്‍മാണവും സാധ്യമല്ലെന്നിരിക്കെ ഫാസിസ്റ്റുകൾക്കൊപ്പം കൂടി ഭരണഘടന അട്ടിമറിക്കാനും അനുവദിക്കില്ലെന്ന് യുക്തിവാദിസംഘം നേതാക്കൾ വ്യക്തമാക്കി.

‘ശബരിമല വിഷയങ്ങളിൽ തീരുമാനം എടുക്കേണ്ടത് ഞാനോ പിണറായി വിജയനോ അല്ലെന്നും അത് ഹൈന്ദവ ആചാര്യന്മാർ ആണെന്നും’ ഒരു കമ്യൂണിസ്റ്റ് മന്ത്രി വിളിച്ചു പറയുന്നതിൽപരം അസംബന്ധം എന്താണുള്ളത്. ഭരണഘടനയേക്കാൾ വലുത് തന്ത്രസമുച്ചയവും മന്ത്രിയെക്കാൾ വലുത് തന്ത്രിയുമാണെന്ന് ആർഎസ്എസ് നോ പരിവാരങ്ങൾക്കോ തോന്നുന്നതിൽ അത്ഭുതമില്ല. എന്നാൽ ഒരു ഇടതുപക്ഷ സർക്കാറിന്റെ മന്ത്രി പറയുന്നത് അങ്ങേയറ്റത്തെ അസംബന്ധമാണ്.മുൻ നിലപാടിൽനിന്ന് വ്യത്യസ്തമായി സുപ്രീംകോടതിയിൽ സ്ത്രീപ്രവേശനത്തിനെതിരെ നിലപടെടുക്കുമെന്നാണ് ഇപ്പോൾ ദേവസ്വം ബോർഡ് പറയുന്നത്.

സ്വന്തമായി ദേവസ്വം മന്ത്രിയും സ്വന്തമായി ദേവസ്വം ചെയർമാനുമൊക്കെയുള്ള ലോകത്തിലെ ഒരേയൊരു കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടുകൾ അങ്ങേയറ്റം പുനരുത്ഥാനപരമാണ്. ഇത് മതേതരവാദികൾ അംഗീകരിച്ചു കൊടുക്കരുത്. മതവിവേചനം പോലെതന്നെ ഭരണഘടനാ ലംഘനമാണ് ലിംഗ വിവേചനവും എന്നിരിക്കെ ശബരിമലവിഷയത്തിൽ കേരളത്തിലെ എല്ലാ രാഷ്ട്രീയപാർട്ടികളും അവരുടെ യുവജന സംഘടനകളും സ്ത്രീസംഘടനകളും സ്വീകരിക്കുന്നത് അങ്ങേയറ്റത്തെ മതപ്രീണന നയമാണെന്ന് ഇനിയും വിളിച്ചുപറയാതെയും ചർച്ചയാക്കാതെയും ഇരിക്കുന്നത് മതേതര സമൂഹത്തിന് തന്നെ അപകടമാണ്.

ഇരുപത്തൊന്നാം നൂറ്റാണ്ടിലും ആർത്തവ അശുദ്ധിയുടെ പേരിൽ സ്ത്രീകളോടുകാണിക്കുന്ന വിവേചനം ഒരു ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിനും അംഗീകരിക്കത്തക്കതല്ല. എന്നിരിക്കിലും യാതൊരു ഉളുപ്പുമില്ലാതെ ഇടത് വലത് ഭേദമില്ലാതെ ബ്രാഹ്മണിസത്തിന് വിടുവേലചെയ്യുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നത് എന്നത്, ‘കേരളം റിവൈവലിസത്തിൻറെ പാതയിലാണെന്ന്’ പത്തിരുപത് കൊല്ലമായി യുക്തിവാദികൾ നിരന്തരം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നത് സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ് ഇപ്പോൾ.

എല്ലാ അന്ധവിശ്വാസങ്ങളും ഒരുതരം വിശ്വസിക്കലും വിശ്വസിപ്പിക്കലുമാണ്. ആർത്തവ അശുദ്ധിയുടെ പേരിൽ നടക്കുന്ന വിവേചനവും മത വ്യാപാരത്തിലെ ഒരു വിശ്വസിപ്പിക്കലിൻറെ ഭാഗമാണ്. അതുകൊണ്ട് തന്നെ സ്ത്രീകൾ അവിടെക്കയറിയാൽ ഒന്നും സംഭവിക്കാനില്ലെന്ന് ബോധ്യമാകുമെന്നതിനാലാണ് മതവ്യാപാരികൾ ഈ പൊറോട്ടുനാടകം നടത്തുന്നത്. അതിനോടൊപ്പം കൂടിയാൽ പത്ത് വോട്ട് കിട്ടും എന്നതുകൊണ്ടാണ് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വക്താക്കൾ അവർക്കൊപ്പം കൂടിയത്. എന്നാൽ നിയമവും ഭരണവും എല്ലാമുണ്ടായിട്ടും ഒരു ചുക്കും ചെയ്യാത്തവർ ഇതൊന്നും അനുകൂലമല്ലാതിരുന്ന കാലത്ത് നടന്ന നവോത്ഥാന സമരങ്ങളുടെ സ്മൃതിമൂല്യങ്ങളും അയവിറക്കി നവോത്ഥാന പ്രസംഗംങ്ങൾ നടത്തി നിർവൃതിയടയുകയും അവസാനം വോട്ടുകിട്ടാൻ ബിജെപിയെ പോലെ ഹിന്ദുത്വരാഷ്ട്രീയവും മറ്റുവിഷയങ്ങളിൽ അതാത് മതപ്രീണനങ്ങളുമാണ് നല്ലതെന്ന് മനസിലാക്കി വെറും വോട്ടുതെണ്ടി പരിഷകളായി രാഷ്ട്രീയ നേതൃത്വം മാറുന്നത് അപലപനീയമാണെന്ന് യുക്തിവാദിസംഘം നേതാക്കൾ പറഞ്ഞു.

ഇതൊരു സൂചനസമരം മാത്രമാന്നെന്നും ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ പിന്നോട്ട് പോയാൽ ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരെ സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും യുക്തിവാദിസംഘം നേതാക്കൾ വ്യക്തമാക്കി. സഖാവ്: പി.കെ.വേണുഗോപാൽ ധർണ്ണാസമരം ഉദ്ഘാടനം ചെയ്തു. സഖാക്കൾ റ്റി.എസ്.പ്രദീപ്,എൻ.കെ. ഇസഹാക്ക്, കിളിമാനൂർ ചന്ദ്രൻ എന്നിവർ സംസാരിച്ചു.