ജനസംഖ്യാ വര്‍ധനയല്ല, തൊഴിലില്ലായ്മയാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന യദാർത്ഥ പ്രശ്‌നം; ഭാഗവതിന് മറുപടിയുമായി ഉവൈസി

ജനസംഖ്യാ നിയന്ത്രിണത്തിന് നിയമ നിര്‍മാണം നടത്തണമെന്ന ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തിന് എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെ ചുട്ട മറുപടി. ജനസംഖ്യാ വര്‍ധനയല്ല തൊഴിലില്ലായ്മയാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന യഥാര്‍ഥ പ്രശ്നമെന്നും ഇതുസംബന്ധിച്ചാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും ഉവൈസി പറഞ്ഞു. തെലങ്കാനയിലെ നൈസാമാബാദില്‍ ഒരു യോഗത്തില്‍ പ്രസംഗിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മുസ്‌ലിങ്ങള്‍ക്കിടയില്‍ ജനസംഖ്യാ നിയന്ത്രണമില്ലെന്ന് ആര്‍ എസ് എസ് എല്ലാക്കാലത്തും പറയുന്നതാണ്. എനിക്കും രണ്ടിലധികം കുട്ടികളുണ്ട്. നിരവധി ബി ജെ പി നേതാക്കളുടെ സ്ഥിതിയും അതുതന്നെ. ഇത്തരം കാര്യങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുന്ന നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു. 2014 ല്‍ കേന്ദ്രത്തില്‍ ബി ജെ പി അധികാരത്തില്‍ വന്ന ശേഷം എത്ര യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്നു പറയൂ’- അദ്ദേഹം ചോദിച്ചു.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മോദി സര്‍ക്കാര്‍ അമ്പേ പരാജയമാണ്. തൊഴിലില്ലാത്തതിനാല്‍ കുടുംബം പുലര്‍ത്താന്‍ കഴിയാതെ യുവാക്കളടക്കം നിരവധി പേരാണ് രാജ്യത്ത് ആത്മഹത്യ ചെയ്യുന്നത്. എന്താണ് നിങ്ങള്‍ ഈ വിഷയം ചര്‍ച്ച ചെയ്യാത്തത്. ഉവൈസി ചോദിച്ചു.