സമ്പദ്ഘടനയുടെ തകർച്ചയും അത് സൃഷ്ടിക്കുന്ന ജീവിതപ്രതിസന്ധികളും ഇങ്ങനെ അതിജീവിക്കാനാണ് എക്കാലത്തും ചരിത്രത്തിലെ എല്ലാ ഫാസിസ്റ്റുകളും ശ്രമിച്ചിട്ടുള്ളത്

പി.പി.സുമനൻ

രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. 1990-കളിലാരംഭിച്ച ആഗോളവത്കരണ നയങ്ങൾ സമ്പദ്ഘടനയുടെ സമസ്ത മണ്ഡലങ്ങളെയും തകർത്തിരിക്കുകയാണ്. മോദി സർക്കാർ അധികാരത്തിലെത്തിയതോടെ ആഗോളവത്കരണ സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക് ഗതിവേഗം കൂടുകയും ആഗോള ഫൈനാൻസ് മൂലധനത്തിന്റെ സാമന്തപ്രദേശമായി നമ്മുടെ രാജ്യത്തെ അധഃപതിപ്പിക്കുകയുമാണ് ചെയ്തത്.

സമ്പദ്ഘടനയുടെ പ്രതിസന്ധിയും അത് സൃഷ്ടിച്ച ജീവിത പ്രതിസന്ധികളും മോദി സർക്കാരിനെതിരായി എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതിഷേധമുയരുന്ന സാഹചര്യമാണ് രൂപപ്പെടുത്തിയിരിക്കുന്നത്. തങ്ങൾക്കെതിരായി ഉയർന്നുവരുന്ന ജനരോഷത്തെ വഴിതെറ്റിക്കാനും അടിച്ചമർത്താനുമാണ് അവർ ആസൂത്രിതമായി ഹിന്ദുത്വ വർഗീയത അഴിച്ചുവിടുന്നത്. ഭരണകൂട സംവിധാനങ്ങളും ആർ എസ് എസിന്റെ സംഘടനാ സംവിധാനങ്ങളുമൊത്തു ചേർന്ന് ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ ഘടനയെയും ജനങ്ങളുടെ സമാധാനപരമായ സാമൂഹിക ജീവിതത്തെയും അസ്ഥിരീകരിക്കാനുള്ള നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

കോർപറേറ്റ് മൂലധന ശക്തികളും ഹിന്ദുത്വവർഗീയതയും ചേർന്ന് രൂപപ്പെടുത്തിയ ഫാസിസ്റ്റ് രാഷ്ട്രീയമാണ് മോദിയുടെയും അമിത്ഷായുടെയും നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റേത്. 200 വർഷക്കാലം നീണ്ടുനിന്ന ബ്രിട്ടീഷ് വിരുദ്ധ സമരത്തിലൂടെ ഇന്ത്യ ആർജ്ജിച്ച പരമാധികാരത്തെയും സ്വാശ്രയത്വത്തെയും മതനിരപേക്ഷ മൂല്യങ്ങളെയും തങ്ങൾക്ക് ലഭ്യമായ ദേശീയാധികാരം ഉപയോഗിച്ച് തകർക്കുകയാണ് സംഘ്പരിവാർ ചെയ്യുന്നത്.

2014 മുതൽ മോദി സർക്കാർ കോർപറേറ്റ് മൂലധന താത്പര്യങ്ങളെ സംരക്ഷിക്കുകയും ഭരണകൂട സംവിധാനങ്ങളെയും അക്കാദമിക് മേഖലകളെയും ഇന്ത്യയുടെ സാമൂഹിക ജീവിതത്തെയും വർഗീയവത്കരിക്കുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. രണ്ടാം തവണയും അധികാരത്തിലെത്തിയതോടെ സമ്പദ്ഘടനയുടെ കോർപറേറ്റ്‌വത്കരണത്തിനും സാമൂഹിക രാഷ്ട്രീയ രംഗത്തെ കാവിവത്കരണത്തിനും ഗതിവേഗം കൂട്ടുകയാണ് മോദി യും അമിത്ഷായും ചെയ്തത്.

സമ്പദ്ഘടനയുടെ തകർച്ചയും അത് സൃഷ്ടിച്ച ജീവിതപ്രതിസന്ധികളും കടുത്ത വർഗീയ വികാരങ്ങൾ ഇളക്കിവിട്ട് അതിജീവിക്കാനാണ് എക്കാലത്തും ചരിത്രത്തിലെ എല്ലാ ഫാസിസ്റ്റുകളും ശ്രമിച്ചിട്ടുള്ളത്. 2019-20 വർഷത്തിൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച (ഇക്കണോമിക് ഗ്രോത്ത്) 5% മാത്രമായിരിക്കുമെന്നാണ് റിസർവ്‌ബേങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര ഉത്പാദനവും 5%-ൽ ഒതുങ്ങി നിൽക്കും. മൂന്ന് വർഷം മുമ്പ് അടിച്ചേൽപ്പിച്ച നോട്ട് നിരോധനം സമ്പദ്ഘടനയുടെ എല്ലാ മേഖലകളെയും തകർത്തിരിക്കുകയാണ്. ജി എസ് ടിയും അടിച്ചേൽപ്പിച്ചതോടെ പ്രതിസന്ധി രൂക്ഷമാവുകയാണുണ്ടായത്. ഒരു കോടിയിലേറെ പേർക്ക് തൊഴിൽ നഷ്ടമായി. ഓട്ടോമൊബൈൽ രംഗത്ത് മാത്രം 10 ലക്ഷം പേർക്കാണ് തൊഴിൽ നഷ്ടമായത്. ഒരു കോടിയോളം പേരാണ് അസംഘടിത മേഖലയിൽ തൊഴിൽരഹിതരായത്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് മൂന്ന് ലക്ഷത്തിലേറെ വ്യവസായങ്ങളാണ് അടച്ചുപൂട്ടിയത്.

ജി ഡി പി മാത്രമല്ല കയറ്റുമതി, കാർഷിക, വ്യാവസായിക ഉത്പാദനം തുടങ്ങി വികസന വളർച്ചയുടെ (ഡവലപ്മെന്റ് ഗ്രോത്ത്) എല്ലാ സൂചികകളും താഴോട്ട് പോവുകയാണ്. കാർഷിക വ്യാവസായിക മേഖലകളുടെ തകർച്ച ഇപ്പോൾ നിർമാണ രംഗത്തും എത്തിയിരിക്കുകയാണ്. ലക്ഷക്കണക്കിന് ഫ്ലാറ്റുകളും വില്ലകളും വിറ്റഴിക്കാനാകാതെ വൻകിട നിർമാണ കമ്പനികൾ വരെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഓട്ടോമൊബൈൽ ഉത്പന്നങ്ങൾ വാങ്ങിക്കാനാളില്ലാതെ ഗ്യാരേജുകളിൽ കെട്ടിക്കിടക്കുകയാണ്.

രഘുറാം രാജൻ മുതലുള്ള മോദി സർക്കാരിന്റെ ആദ്യകാല ഉപദേഷ്ടാക്കളായിരുന്ന എല്ലാ സാമ്പത്തിക ശാസ്ത്രജ്ഞരും സമ്പദ്ഘടന കടുത്ത മാന്ദ്യത്തിലാണെന്ന് തുറന്നു സമ്മതിക്കുകയും മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ പരസ്യമായി വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. സമ്പദ്ഘടനയുടെ മാന്ദ്യത്തെ മറികടക്കാനായി വിപണിയിൽ വിനിമയം ചെയ്യപ്പെടുന്ന പണത്തിന്റെ തോത് വർധിപ്പിക്കുകയാണ് വേണ്ടതെന്ന സാമ്പത്തിക ശാസ്ത്ര തത്വം പോലും ബി ജെ പി സർക്കാരിന് അംഗീകരിക്കാൻ കഴിയുന്നില്ല.

ധനമന്ത്രി പ്രതിസന്ധിക്കൊരു പരിഹാരവും നിർദേശിക്കാനില്ലാതെ വിലക്കയറ്റത്തെയും മാന്ദ്യത്തെയും എല്ലാം സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്. മാന്ദ്യവിരുദ്ധ പാക്കേജ് എന്ന നിലക്ക് അവതരിപ്പിച്ച എല്ലാ നടപടികളും കോർപറേറ്റുകൾക്ക് സഹായം നൽകാനായിരുന്നു. സർക്കാർ പണം കോർപറേറ്റുകൾക്ക് മാന്ദ്യവിരുദ്ധ പാക്കേജിന്റെ മറവിൽ ഒഴുക്കിക്കൊടുക്കുകയായിരുന്നു. റിസർവ് ബാങ്കിന്റെ കരുതൽ ആസ്തിയിൽ നിന്ന് 1.76 ലക്ഷം കോടി മാന്ദ്യത്തിന്റെ പേരിൽ പിൻവലിച്ച് കോർപറേറ്റുകൾക്ക് സഹായമായി നൽകുകയാണ് മോദി ചെയ്തത്.

ലക്ഷക്കണക്കിന് കോടി രൂപയാണ് നിർമ്മല സീതാരാമൻ പട്ടിൽ പൊതിഞ്ഞുകൊണ്ടുവന്ന് അവതരിപ്പിച്ച ബജറ്റ് വഴിയുള്ള നികുതിയിളവുകളായും പ്രത്യേക എക്‌സിക്യുട്ടീവ് ഉത്തരവുകളിലൂടെയുള്ള ഇളവുകളായും കോർപറേറ്റുകൾക്ക് ഒഴുക്കിക്കൊടുത്തത്. ഈ സർക്കാർ കോർപറേറ്റ് അനുകൂല സർക്കാർ മാത്രമാണ്. കോർപറേറ്റുകൾക്ക് നികുതി വെട്ടിക്കുറക്കുകയും ക്ഷേമപദ്ധതികൾക്കായി നീക്കിവെച്ചിരുന്ന ബജറ്റ് ചെലവുകൾ പോലും തുടർച്ചയായി വെട്ടിക്കുറക്കുകയും ചെയ്യുകയാണ് സർക്കാർ.

കോർപറേറ്റുകളെ സഹായിക്കുകയും പാവപ്പെട്ടവർക്കുള്ള എല്ലാ സബ്‌സിഡി സഹായങ്ങളും ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ് സർക്കാരിന്റെ നയം. ചെലവ് ചുരുക്കലിന്റെ പേരിൽ എല്ലാ ക്ഷേമ പദ്ധതികളും പരിമിതപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുകയാണ്. ഭക്ഷണം, വളം, പാചകവാതകം തുടങ്ങി എല്ലാറ്റിനുമുള്ള സബ്‌സിഡി സഹായങ്ങൾ പരിമിതപ്പെടുത്തുകയും ഇല്ലാതാക്കുകയുമാണ്.

സമ്പന്നർക്ക് നികുതിയിളവുകൾ അനുവദിച്ചും ദേശസാത്കൃത ബാങ്കുകളിലെ അവരുടെ കിട്ടാക്കടം എഴുതിത്തള്ളുകയാണ്. രാഷ്ട്രസമ്പത്ത് കവർന്നെടുത്ത വിജയ്മല്യ, നീരവ്‌മോദി, നിതിൻ സന്ദേശര തുടങ്ങി മോദിയുടെയും അമിത്ഷായുടെയും ചങ്ങാതിമാരായ കുത്തകകൾ രാജ്യത്തിന്റെ നിയമങ്ങളെ വെട്ടിച്ച് വിദേശ രാജ്യങ്ങളിൽ സുഖവാസ ജീവിതം നയിക്കുകയാണ്. കുത്തകകൾക്ക് രാഷ്ട്രസമ്പത്ത് തട്ടിയെടുക്കാൻ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുമ്പോഴാണ് മറുഭാഗത്ത് നിത്യനിദാന ചെലവുകൾക്കായി പൊതുമേഖലാ സ്ഥാപനങ്ങൾ ചുളുവിലക്ക് വിറ്റുതുലക്കുന്നത്.

ഒരു ലക്ഷത്തി അയ്യായിരം കോടി രൂപ പൊതുമേഖലാ ഓഹരി വിൽപ്പനയിലൂടെ സമാഹരിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന സർക്കാർ മഹാരത്‌ന, നവരത്‌ന, മിനിരത്‌ന പദവികളിലുള്ള സ്ഥാപനങ്ങളെയാണ് കൈയൊഴിയുന്നത്. എട്ട് ലക്ഷം കോടി രൂപയുടെ ആസ്തിമൂല്യം കണക്കാക്കുന്ന മഹാരത്‌ന പദവിയിലുള്ള ബി പി സി എൽ, ഇന്ത്യൻസേനക്ക് പ്രതിരോധ ആയുധങ്ങൾ നിർമിച്ചു നൽകുന്ന 42 ആയുധ നിർമാണ ഫാക്ടറികൾ, ഖനികൾ, വിമാനത്താവളങ്ങൾ, ബി എച്ച് ഇ എൽ, എൻ ടി പി സി തുടങ്ങിയവയെല്ലാം നിസാര വിലക്ക് കുത്തകകൾക്ക് കൈമാറുകയാണ്. രാഷ്ട്ര സമ്പത്തിന്റെ സ്വകാര്യവത്കരണം മാത്രമല്ല പൊതുമേഖലാ വിൽപ്പനയിലൂടെ സംഭവിക്കുന്നത് രാജ്യത്തിന്റെ തന്നെ അപദേശീയവത്കരണമാണ്.

പൊതുമേഖലാ സ്ഥാനപനമായ ബി എസ് എൻ എൽ ജീവനക്കാർക്ക് യഥാസമയം ശമ്പളം പോലും നൽകാതെ ജിയോ അടക്കമുള്ള സ്വകാര്യ കുത്തക കമ്പനികൾക്കു വേണ്ടി ബി എസ് എൻ എല്ലിനെ തകർക്കുന്നതാണ് നാം കണ്ടത്. രാജ്യത്തെ ഏറ്റവും ബൃഹത്തായ പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യൻ റെയിൽവേ. റെയിൽവേയിൽ സാർവത്രികമായ സ്വകാര്യവത്കരണമാണ് നടത്തുന്നത്. ആദ്യം ടിക്കറ്റ്‌വിതരണം, കാറ്ററിംഗ്, ക്ലീനിംഗ്, തുടങ്ങിയ മേഖലകളിലാരംഭിച്ച് ക്രമേണ കോച്ച്, എൻജിൻ നിർമാണ ഫാക്ടറികൾ തുടങ്ങി റെയിൽവേ ലൈനുകളുടെയും സ്വകാര്യവത്കരണത്തിലേക്ക് കടന്നിരിക്കുന്നു.

രാജ്യത്തെ 28 റെയിൽപാതകൾ സ്വകാര്യവത്കരിക്കാൻ തീരുമാനിച്ചതിൽ കേരളത്തിലെ എറണാകുളം-തിരുവനന്തപുരം പാതയും ഉൾപ്പെടുത്തിയിരിക്കുകയാണ്. കേന്ദ്രസർക്കാർ നയങ്ങൾ മൂലം ഗുരുതരമായ പ്രതിസന്ധിയാണ് റെയിൽവെ അഭിമുഖീകരിക്കുന്നത്. ഒരു ലക്ഷം കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ റെയിൽവേയിൽ തടസ്സപ്പെട്ടിരിക്കുകയാണ്. ബാങ്കിംഗ് മേഖലയിൽ നടപ്പാക്കുന്ന പരിഷ്‌കാരങ്ങൾ കാരണം സാധാരണക്കാർക്ക് ബാങ്കിംഗ് സേവനങ്ങൾ അപ്രാപ്യമാകുന്നു. രാജ്യത്തെ 10 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാലെണ്ണമാക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം സാധാരണക്കാരുടെ നിക്ഷേപം സമാഹരിച്ച് മുതലാളിമാർക്ക് നൽകുക എന്നതാണ്. എല്ലാ രംഗത്തും കോർപറേറ്റുകളെ സഹായിക്കുന്ന നയം മാത്രമാണ് മോദി സർക്കാരിന്റേത്.

മോദി സർക്കാർ പിന്തുടരുന്ന നയങ്ങൾമൂലം ജീവിതം വഴിമുട്ടിയ ജനത ആ നയങ്ങൾക്കെതിരെ അതിശക്തമായ ചെറുത്തുനിൽപ്പുകൾക്കാണ് തയ്യാറാകുന്നത്. തൊഴിലെടുത്ത് ജീവിക്കുന്നവരിൽ നിന്നുയർന്നുവരാനിടയുള്ള അത്തരം ചെറുത്തുനിൽപ്പുകളെ ദുർബലപ്പെടുത്താനാണ് തൊഴിൽ നിയമഭേദഗതിയും വ്യാപകമായ വർഗീയ ധ്രുവീകരണവും വ്യാജദേശാഭിമാനബോധവും സൃഷ്ടിക്കുന്നത്. ദേശീയത പറഞ്ഞുകൊണ്ടു തന്നെ ദേശസമ്പത്ത് ആഗോളഫൈനാൻസ് മൂലധനശക്തികൾക്ക് കവർന്നു കൊണ്ടുപോകാൻ സൗകര്യമൊരുക്കിക്കൊടുക്കുന്ന രാജ്യദ്രോഹ ഭരണമാണ് നടക്കുന്നത്. അപനിക്ഷേപവത്കരണത്തിലൂടെ രാഷ്ട്ര സമ്പത്താകെ ഇന്ത്യക്കകത്തും പുറത്തുമുള്ള കുത്തകകളുടെ നിയന്ത്രണത്തിന് വിട്ടുകൊടുക്കുകയാണ്.

അതിനെ പ്രതിരോധിക്കുന്ന തൊഴിലാളി യൂനിയനുകളെ തൊഴിൽ നിയമങ്ങൾ തന്നെ മാറ്റി നിശ്ശബ്ദമാക്കാനും പിടിച്ചുകെട്ടാനുമുള്ള അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. നിലവിലുള്ള 44 തൊഴിൽ നിയമങ്ങളെ നാല് ലേബർ കോഡുകളാക്കി മാറ്റുകയാണ്. ആദ്യപടിയായി കോഡ് ഓൺ വേജസ് പാർലിമെന്റിൽ പാസ്സാക്കി കഴിഞ്ഞു. തൊഴിലാളികൾക്ക് പരിമിതമായ തോതിലെങ്കിലും ലഭിച്ചു കൊണ്ടിരിക്കുന്ന അവകാശങ്ങൾ പോലും കവർന്നെടുക്കുകയാണ് ലേബർകോഡുകളുടെ ലക്ഷ്യമെന്ന് മനസ്സിലാക്കണം.

ഇവയിലൂടെ സാർവദേശീയമായി അംഗീകരിക്കപ്പെട്ട എട്ട് മണിക്കൂർ ജോലിയെന്ന അവകാശം അട്ടിമറിക്കപ്പെടുകയും തൊഴിൽ സമയം പത്തും പന്ത്രണ്ടും മണിക്കൂറുകളായി നിശ്ചയിക്കുന്നത് ചോദ്യം ചെയ്യാൻ കഴിയാതാവുകയും ചെയ്യും. മിനിമം വേതനം നിശ്ചയിക്കുന്നതിലും തൊഴിലാളികളുടെ ആവശ്യങ്ങൾ നിരാകരിക്കപ്പെടുന്നു. തൊഴിലാളികളെ പോലെ രാജ്യത്തെ കർഷക ജനതയുടെ ജീവിതവും അരക്ഷിതമായി തുടരുകയാണ്. കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കാൻ സംവിധാനമില്ല. പല കാർഷികോത്പന്നങ്ങൾക്കും വില ഉയരുമ്പോൾ അതിന്റെ ആനുകൂല്യം ലഭിക്കുന്നത് ഇടനിലക്കാർക്ക് മാത്രമാണ്.

1993-ൽ കോൺഗ്രസ് സർക്കാർ തുടക്കം കുറിച്ച് 2003-ൽ ബി ജെ പി സർക്കാർ ഒപ്പിട്ട ആസിയാൻ കരാറിന്റെ പരിണതിയാണ് ഇന്ത്യൻ കാർഷിക മേഖലയിൽ അനുഭവിക്കുന്ന വിലത്തകർച്ച. കടക്കെണിയിലായവരെ രക്ഷപ്പെടുത്താൻ നടപടികളൊന്നും സ്വീകരിക്കാത്ത സർക്കാർ ആർ സി ഇ പി കരാറിൽ ഏർപ്പെട്ട് അവർക്ക് ഇരട്ട ആഘാതമേൽപ്പിക്കാനാണ് ശ്രമിച്ചത്. കർഷകരും ജനങ്ങളും ഉയർത്തിയ അതിശക്തമായ പ്രതിഷേധത്തെ തുടർന്ന് തത്കാലം സർക്കാർ കരാറിൽ ഒപ്പിടാൻ തയ്യാറായില്ലെങ്കിലും ഏവർക്കും ആശങ്ക സൃഷ്ടിക്കുന്നതാണ് ഇക്കാര്യത്തിലുള്ള മോദി സർക്കാരിന്റെ സമീപനം. അവശ്യ വസ്തുക്കളുടെ വിലവർധനവ് രാജ്യത്ത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.

സർക്കാരിന്റെ കോർപറേറ്റ് പക്ഷപാതിത്വവും ജനവിരുദ്ധ നയങ്ങളും ചർച്ച ചെയ്യപ്പെടാതിരിക്കാനും അതിനെതിരായി ഉയർന്നുവരുന്ന തൊഴിലാളി കർഷക ജനകീയ സമരങ്ങളെ അതിജീവിക്കാനുമാണ് സംഘ്പരിവാർ മതജാതി വർഗീയ രാഷ്ട്രീയം കുത്തിയിളക്കുന്നത്. രാജ്യത്തെ ഹിന്ദുക്കളും മുസ്ലീങ്ങളുമായി വിഭജിക്കുകയാണ് പുതിയ പൗരത്വ നിയമ ഭേദഗതിയിലൂടെ സർക്കാർ ചെയ്തിരിക്കുന്നത്. സാമൂഹികജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളെയും വർഗീയവത്കരിക്കാനുള്ള കുത്സിത നീക്കങ്ങളെ പ്രതിരോധിച്ചു കൊണ്ട് ജനങ്ങളുടെ ഉപജീവനോപാധികൾ സംരക്ഷിക്കാനും ജനവിരുദ്ധ നവലിബറൽ നയങ്ങൾ അവസാനിപ്പിക്കാനും ആവശ്യമായ ബഹുജന ഐക്യവും സമരവും വളർത്തിയെടുക്കേണ്ടതുണ്ട്.