കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

കോട്ടയം കുറവിലങ്ങാടിനു സമീപം എം.സി റോഡിൽ കാളികാവ് പെട്രോള്‍ പമ്പിന് മുന്‍വശത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. കോട്ടയം തിരുവാതുക്കൽ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്.

തിരുവാതുക്കൽ ഗുരുമന്ദിരത്തിനു സമീപം ഉള്ളാട്ടിൽപടി തമ്പി (68), ഭാര്യ വത്സല (65), തമ്പിയുടെ മകൻ ബിനോയിയുടെ ഭാര്യ പ്രഭ (46), ബിനോയിയുടെ മകൻ അമ്പാടി (19) പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടം. അമ്പാടിയാണ് കാർ ഓടിച്ചിരുന്നത്.

ബിനോയിക്ക് കുവൈത്തിലാണ് ജോലി. കുടുംബാംഗങ്ങളൊരുമിച്ച് പാലക്കാട്ടു പോയി മടങ്ങുകയായിരുന്നു. കോട്ടയത്ത്​ നിന്ന്​ പെരുമ്പാവൂരിലേക്ക്​ തടിയുമായി പോയ ലോറി കാറിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ ലോറിക്കടിയിലേക്ക്​ പോയി.

രക്ഷാപ്രവർത്തനം നടത്താൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ആദ്യം ആരെയും പുറത്തിറക്കാൻ സാധിച്ചില്ല. തുടർന്ന് കാറിനുള്ളിൽ കുടുങ്ങിപ്പോയ അഞ്ച് പേരെയും നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.