നിത്യാനന്ദ പരമശിവം പുതിയ അവതാരമാണെന്നും കേസ് ഉള്ളത് തൻറെ പഴയ അവതാരം പരമഹംസ നിത്യാനന്ദയ്ക്കാണെന്നും ബലാത്സംഗ സ്വാമി

ഇന്റര്‍പോള്‍ തേടുന്ന വിവാദ ആള്‍ദൈവം നിത്യാനന്ദ പുതിയ വാദവുമായി രംഗത്ത്. ഇത് തൻറെ മൂന്നാമത്തെ അവതാരമാണെന്നും യദാ…യദാഹി… ധർമസ്യ… താൻ ഇനിയും അവതരിക്കുമെന്നും, ആരോപണങ്ങള്‍ നേരിടുന്നത് തൻറെ പഴയ അവതാരമായ പരമഹംസ നിത്യാനന്ദയാണെന്നും ഇപ്പോൾ പുതിയ അവതാരം, നിത്യാനന്ദ പരമശിവം ആണെന്നുമാണ് ആൾദൈവം തൻറെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ അവകാശപ്പെടുന്നത്. ശനിയാഴ്ചയാണ് പുതിയ വീഡിയോയുമായി നിത്യാനന്ദ രംഗത്തെത്തിയിരിക്കുന്നത്.

ഭഗവൻ പരമേശ്വരൻ രാജശേഖരനായും പരമഹംസ നിത്യാനന്ദയായും നിത്യാനന്ദ പരമശിവമായും അവതരിച്ചുകഴിഞ്ഞെന്നും അവതാരപ്പിറവിയെടുത്ത തൻറെ രണ്ടാം അവതാരമായ പരമഹംസ നിത്യാനന്ദയാണ് ആരോപണങ്ങള്‍ നേരിടുന്നതും കുറ്റങ്ങള്‍ ചെയ്തതുമെല്ലാം. എന്നാല്‍ ഇപ്പോള്‍ നിങ്ങളോട് സംസാരിക്കുന്നത് പുതിയ അവതാരമാണ്. പേര് നിത്യാനന്ദ പരമശിവം. എന്നിങ്ങനെ അതിവിചിത്ര വാദമാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ വീഡിയോയില്‍ വിവാദ സന്യാസി ഒളിവിലിരുന്ന് ഇറക്കുന്നത്.

ഇന്റര്‍പോള്‍ ഇയാള്‍ക്കെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോഴും സജീവമാണ് നിത്യാനന്ദ.മണിക്കൂറുകള്‍ നീളുന്ന പ്രഭാഷണങ്ങളാണ് ഈ പേജില്‍ വന്നുകാെണ്ടിരിക്കുന്നത്. ക്ഷീണിച്ച ശരീരത്തോട് കൂടിയ നിത്യാനന്ദയുടെ വിഡിയോകളാണ് ഇപ്പോള്‍ പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്. ബലാത്സംഗക്കേസും കുട്ടികളെ തട്ടിക്കൊണ്ടുപോയി തടവില്‍ വച്ചെന്നും ഉള്‍പ്പെടെയുള്ള കേസുകളാണ് ഇയാള്‍ക്കെതിരെ നിലനില്‍ക്കുന്നത്. കേസ് നിലനില്‍ക്കെയാണ് ഇയാള്‍ രാജ്യത്തു നിന്ന് കടന്നുകളഞ്ഞത്.

രാജശേഖരന്‍ എന്ന പേരിലറിയപ്പെട്ടിരുന്ന നിത്യാനന്ദ തമിഴ്‌നാട് സ്വദേശിയാണ്. 2000ത്തില്‍ ബെംഗളുരൂവില്‍ ആശ്രമം സ്ഥാപിച്ചമതാടെയാണ് ഇയാള്‍ വിവാദത്തിലേയ്‌ക്കെത്തുന്നത്. 2010 ല്‍ തെന്നിന്ത്യന്‍ നടിയുമൊത്തുള്ള വീഡിയോ പുറത്തുവന്നതോടെയാണ് ആശ്രമം വാര്‍ത്താകേന്ദ്രമായത്. ബാലസംഗക്കേസ് കൂടാതെ വര്‍ഷങ്ങളോളം നിത്യാനന്ദയ്‌ക്കൊപ്പമുണ്ടായിരുന്ന ഒരു പിതാവ് നൽകിയ തന്റെ പെണ്‍മക്കളെ നിത്യാനന്ദ തടവില്‍വച്ചിരിക്കുന്നു എന്ന പരാതിയും ഏറെ ഗൗരവമുള്ളതായിരുന്നു.

നിത്യാനന്ദയുടെ ആശ്രമത്തില്‍ നടക്കുന്ന കൊടുംക്രൂരതകളുടെ റിപ്പോര്‍ട്ടുകള്‍ ഓരോ ദിവസവും പുറത്തുവരികയാണ്. ആശ്രമത്തില്‍ മരിച്ച സംഗീതയുടെ അമ്മ ‍ഝാന്‍സി റാണിയുടെ ആരോപണങ്ങളില്‍ നടി രഞ്ജിതയുടെ പേരും പരാമര്‍ശിക്കുന്നുണ്ട്. രഞ്ജിത ആശ്രമത്തിന്റെ നിയന്ത്രണങ്ങള്‍ ഏറ്റെടുത്ത ശേഷമാണ് ഇത്രമാത്രം ക്രൂരതകളുടെ കൂത്തരങ്ങായി ആശ്രമം മാറിയതെന്നും പറയുന്നു. ‘അവര് വന്നതിന് ശേഷമാണ് ആശ്രമത്തില്‍ ഇത്രമാത്രം മാറ്റങ്ങളുണ്ടായത്. കുട്ടികളെ ഉപദ്രവിക്കുന്നതിനും പീഡനത്തിനുമെല്ലാം ഒത്താശ ചെയ്യുന്നത് ആ സ്ത്രീയാണ്….’ ഝാന്‍സി റാണി പറയുന്നു.

രഞ്ജിത തെന്നിന്ത്യ മുഴുവന്‍ അടക്കിവാണ നായികയാണ്. തമിഴിലും മലയാളത്തിലും ഒട്ടേറെ ചിത്രങ്ങളിൽ രഞ്ജിത അഭിനയിച്ചിട്ടുണ്ട്. അതും സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം. സൗന്ദര്യവും അഭിനയവും കൊണ്ട് രഞ്ജിത ആരാധകരുടെ മനം കവര്‍ന്നു.1992ല്‍ ഭാരതിരാജ സംവിധാനം ചെയ്ത നാടോടി തെന്‍ട്രല്‍ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് ആരും കൊതിക്കുന്ന വളര്‍ച്ച. ശ്രീവള്ളി എന്നാണ് ഇവരുടെ യഥാര്‍ഥ പേര്. സിനിമയിലെത്തിയപ്പോള്‍ രഞ്ജിതയായി. 2000ല്‍ രാകേഷ് മേനോന്‍ എന്ന വ്യക്തിയെ വിവാഹം കഴിച്ച രഞ്ജിത 2007ല്‍ വിവാഹമോചനം നേടി. പിന്നീട് മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറമാണ് നിത്യാനന്ദയുമായുള്ള വിവാദ വിഡിയോ പുറത്തുവന്നത്. ഇതോടെ സിനിമാ ജീവിതത്തിന് അവസാനമായി.

പിന്നീട് രഞ്ജിതയെ കണ്ടത് ആശ്രമത്തിലെ അന്തേവാസിയായിട്ടാണ്. നിത്യാനന്ദയേക്കാള്‍ രണ്ടുവയസ് മുതിര്‍ന്ന രഞ്ജിത പിന്നീട് മാ നിത്യാനന്ദ മയി എന്ന പേരു സ്വീകരിച്ച് ആശ്രമത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇതിനുശേഷം അവിടെ നടന്ന നടുക്കുന്ന ക്രൂരതകള്‍ ആരെയും അമ്പരപ്പിക്കും. കുട്ടികളും യുവതികളും പുരുഷന്‍മാരും ലൈംഗിക പീഡനത്തിന് ഇരായായതായി അവിടെനിന്നും രക്ഷപ്പെട്ടെത്തിയവര്‍ വെളിപ്പെടുത്തുന്നു. ഇതിനെല്ലാം ഒത്താശ ചെയ്യുന്നത് രഞ്ജിതയാണെന്നും ഇവര്‍ ആരോപിക്കുന്നു. ഇപ്പോഴും നിത്യാനന്ദയ്ക്കൊപ്പം ഒളിവിലിരുന്ന് കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നത് ഇവരാണെന്നാണ് ഉയരുന്ന ആരോപണം.

ലൈംഗികതയ്ക്കുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങിയ ശേഷം മാത്രമാണു യുവതികളെ ആശ്രമത്തിൽ പ്രവേശിപ്പിച്ചിരുന്നതെന്നും ഇവർ അവകാശപ്പെട്ടു. താന്ത്രിക് സെക്സ് അടക്കമുള്ള സങ്കേതങ്ങളിലൂടെ ആത്മീയവും ശാരീരികവുമായ ഉണർവാണു താൻ ഭക്തർക്കു നൽകുന്നതെന്നായിരുന്നു നിത്യാനന്ദയുടെ വാദം.

ഞാന്‍ ശിവനാണ്, നീ പാര്‍വതിയും’. ആരതി റാവുവിനോട് നിത്യാനന്ദ പറഞ്ഞ വാക്കുകളാണിത്. ഇതിന് പിന്നാലെ ആശ്രമത്തിലെ അന്തേവാസിയായി ആ യുവതി. 2004 മുതൽ 2009 വരെ ശിഷ്യയായിരുന്ന ആരതി റാവുവിന്റെ പിന്നീട് വന്ന വെളിപ്പെടുത്തലാണു നിത്യാനന്ദയുടെ സാമ്രാജ്യത്തിന്റെ അടിത്തറ ആദ്യം ഇളക്കിയത്. ‘നാൽപതോളം തവണയാണ് അയാൾ എന്നെ ബലാത്സംഗത്തിന് ഇരയാക്കിയത്. ദൈവത്തിന്റെ അവതാരമാണെന്നു ഞാൻ വിശ്വസിച്ചു. എന്നാൽ ശാരീരികമായി ഞാൻ ചൂഷണം ചെയ്യപ്പെടുന്നുവെന്ന സത്യം മനസ്സിലാക്കാൻ പോലും സമയമെടുത്തുവെന്നതാണ് സത്യം. ദൈവത്തെ പോലെ ഞാൻ കരുതിയ ഒരാളിൽനിന്നുള്ള തിക്താനുഭവം കുറച്ചൊന്നുമല്ല എന്നെ തളർത്തിയത്’- ആരതി പറയുന്നു.

ആരതി റാവുവിന്റെ പരാതിയിൽ നടന്ന അന്വേഷണത്തിൽ നിരവധി യുവതികളെയും കുട്ടികളെയും നിത്യാനന്ദ ലൈംഗിക ചൂഷണത്തിനു ഇരയാക്കിയതായി കണ്ടെത്തി. നിത്യാനന്ദയ്ക്കെതിരെ പരാതി നൽകിയതോടെ പലതവണ വധശ്രമമുണ്ടായി. ഗുരുതരമായ ലൈംഗിക രോഗങ്ങൾക്കു അവർ അടിമയാണെന്നും പണത്തിനും പ്രശസ്തിക്കും വേണ്ടിയാണു നിത്യാനന്ദയ്ക്കെതിരെ രംഗത്തു വരുന്നതെന്നും നിത്യാനന്ദയുടെ സൈബർ പടയാളികൾ കഥകൾ മെനഞ്ഞു. നിത്യാനന്ദയുടെ ഡ്രൈവർ ആയിരുന്ന ലെനിൻ കറുപ്പൻ നൽകിയ സൂചനകളും നിത്യാനന്ദയ്ക്കെതിരെ കുരുക്ക് മുറുക്കി.