വേട്ടക്കാരനോടപ്പം വേട്ടയാടുകയും, മുയലിനോടപ്പം ഓടുകയും ചെയ്യുന്ന സി.പി.എം

വിനോദ് കുമാർ രാമന്തളി

വേട്ടക്കാരനോടപ്പം വേട്ടയാടുകയും, ‘മുയലിനോടപ്പം ഓടുകയും ചെയ്യുക ‘എന്ന ചൊല്ല് അന്വർത്ഥമാക്കുകയാണ് സി.പി.എം. സഖാക്കൾ അലൻ,താഹ വിഷയത്തിൽ നേരത്തെ മുഖ്യമന്ത്രി നാല് ‘കാര്യങ്ങൾ’പറഞ്ഞു . 1)ഇവർ പരിശുദ്ധരല്ല, 2)ഇവർ ചായകുടിക്കാൻ പോയതല്ല, 3) യു.എ.പി.എ ചുമത്തിയത് മഹാ അപാരാധമല്ല, 4) ഇവർ മാവോയിസ്റ്റുകളാണ് പരിശോധന നടന്നു. 

പിണറായി വിജയൻ വേട്ടക്കാരനോടപ്പം തന്നെ ഓടി !!!! അമിത്ഷാ ധന്യനായി ….. എൻ.ഐ.എ സാഹ്ലാദം അലനെയും , താഹയെയും ഏറ്റെടുത്തു !!!

ഇപ്പൊ സി.പി.എമ്മിനകത്തും , ജനാധിപത്യവാദികൾക്കിടയിലും ന്യായീകരിക്കാനാകാത്ത വിധം പ്രശ്നങ്ങളും, സംഘർഷങ്ങളും ഉടലെടുത്തിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങൾ ഒരു ന്യൂനപക്ഷ വേട്ടയും കൂടിയായി കാണാൻ തുടങ്ങി. അവസരം നിയമസഭയിൽ പ്രതിപക്ഷം നന്നായി ഉപയോഗപ്പെടുത്തുകയും കൂടിയായപ്പോൾ സി.പി.എമ്മും, അതിന്റെ മുഖ്യമന്ത്രിയും ആകെ പ്രതിരോധത്തിലായി.

ഒടുവിൽ ഇരയോടപ്പം അല്ലെങ്കിൽ മുയലിനോടപ്പം ഓടാൻ തീരുമാനമെടുത്തിരിക്കുന്നു ? നേരത്തെ പോലീസ് നടപടിയെ ന്യായീകയിച്ച് 4 കാര്യങ്ങൾ പറഞ്ഞ മുഖ്യമന്ത്രി അത് തിരുത്തിയോ എന്നറിയില്ല. പിണറായി വിജയൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയക്കാൻ തീരുമാനിച്ചിരിക്കുന്നു. എൻ.ഐ.എ ഏറ്റെടുക്കാൻ മാത്രം ഈ കേസിന് ഗ്രാവിറ്റിയില്ലെന്നും, അലനെയും,താഹയെയും കേരളാപോലീസിന് തിരികെ നൽകണമെന്നുമാണ് ഉള്ളടക്കമെന്ന് നിയമസഭയിൽ വ്യക്തമാക്കി. എന്തായാലും നന്നായി. അലനും, താഹക്കും നീതി കിട്ടണം.

എന്നാൽ ഈ നടപടി സി.പി.എം നേതാക്കന്മാരിൽ ഒരുതരം സ്ഥലജലഭ്രമത്തിൽ പെട്ടത് പോലെയാണ് ഏഷ്യാനെറ്റ് ചർച്ചയിൽ യുവ നേതാവ് ഷംസീർ പറഞ്ഞു കൂട്ടിയ വർത്തമാനങ്ങൾ. എന്താ പറയേണ്ടത്, പറഞ്ഞാൽ എങ്ങനെ ഭവിക്കും എന്നൊന്നും വകതിരിവില്ല.തീർച്ചയായും ഇത് ഷംസീറിന്റെ കുഴപ്പമല്ല. തത്വാധിഷ്ഠിതമല്ലാത്ത രാഷ്ട്രീയത്തിൽ എത്തിപ്പെട്ടാൽ ഇടതുപക്ഷം എങ്ങനെ ബൂർഷ്വാസിയെ പോലും നാണിപ്പിക്കുന്ന വിധം അപഹാസ്യമാകും എന്നതിന്റെ മറ്റൊരു ദൃഷ്ടാന്തമാണിത്.

ദളിതുകളും, ന്യൂനപക്ഷ വിഭാഗങ്ങളും മറ്റു ജനാധിപത്യ ശക്തികളെയും ഹിന്ദുത്വ ശക്തികളുടെ ഭരണാധികാരം ക്രൂരമായി വേട്ടയാടുന്ന വർത്തമാന സാഹചര്യത്തിൽ കേരളം പോലുള്ള ഇടതുപക്ഷ അവബോധവും, മതേതര ഇടവും, ജനാധിപത്യാവകാശങ്ങളും നിലനിൽക്കുന്ന ഒരിടത്ത് അമിത്ഷാ പോലുള്ള ഫാസിസ്റ്റ്കൾക്ക് മുന്നിൽ ഓച്ചാനിച്ച് നിൽക്കേണ്ടുന്ന അവസ്ഥ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ തന്നെയാണ് ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. അതിനു മറുപടി പറയേണ്ടി വരും.