കനയ്യ കുമാര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ വീണ്ടും കല്ലേറ് രണ്ടുപേർക്ക് പരിക്ക്

സിപിഐ നേതാവും ജെഎൻയൂ മുൻ വിദ്യാർത്ഥി യൂണിയൻ ചെയർമാനുമായ കനയ്യ കുമാറിന്റെ വാഹനവ്യൂഹത്തിന് നേരെ വീണ്ടും ആക്രമണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രസംഗിച്ചു മടങ്ങവെയാണ് കനയ്യക്ക് നേരെ ആക്രമണം നടന്നത്. സുപോൾ ജില്ലയിൽനിന്നും സഹർസയിലേക്കു മടങ്ങുകയായിരുന്നു വാഹനവ്യൂഹം. ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.കനയ്യ സഞ്ചരിച്ച വാഹനത്തിന്റെയും മറ്റു നിരവധി വാഹനങ്ങളുടെയും ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു.

കനയ്യ കുമാറിന് എതിരെ നാലു ദിവസത്തിനിടെ രണ്ടാമത്തെ തവണയാണ് ആക്രമണം നടക്കുന്നത്.കഴിഞ്ഞ ദിവസവും കനയ്യ സഞ്ചരിച്ച വാഹനത്തിനു നേരെ കല്ലേറ് നടന്നിരുന്നു. സരണ്‍ ജില്ലയില്‍ വച്ചായിരുന്നു ഇത്.

നരേന്ദ്ര മോദിയെ രൂക്ഷമായി എതിര്‍ക്കുന്ന കനയ്യ കുമാര്‍ പൗരത്വനിയമ ഭേദഗതിക്കെതിരായും ദേശീയ പൗരത്വ രജിസ്റ്ററുമായും ബന്ധപ്പെട്ട് ബിഹാറിൽ വ്യാപകമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.