ജെ.എൻ.യു വിദ്യാർത്ഥിനിയെ ഹോസ്റ്റല്‍ മുറിയിൽ പീഡിപ്പിച്ച മുൻ എ.ബി.വി.പി നേതാവ് അറസ്റ്റിൽ

ജെ.എന്‍.യു കാമ്പസില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ എ.ബി.വി.പി മുൻ നേതാവ് അറസ്റ്റിൽ. ജെ.എന്‍.യുവിലെ യോഗി ആദിത്യനാഥ് എന്നറിയപ്പെടുന്ന ഗവേഷക വിദ്യാർഥിയായ രാഘവേന്ദ്ര മിശ്രയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഹോസ്റ്റല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറുകയും പീഡിപ്പിച്ചെന്നുമാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി. തുടര്‍ന്ന് കാമ്പസിലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി രാഘവേന്ദ്ര മിശ്രയെ പിടികൂടുകയായിരുന്നു.

ഇതിനുപിന്നാലെയാണ് വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. രണ്ടാം യോഗി ആദിത്യനാഥ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാൾ അതേ വസ്ത്രധാരണവും പിന്തുടർന്നിരുന്നു. നേരത്തെ നിരവധി പെൺകുട്ടികൾ ഇയാൾക്കെതിരെ പരാതി നൽകിയെങ്കിലും നടപടിയെടുത്തിരുന്നില്ല.