ഇന്ത്യയില്‍ ജോലി ചെയ്യണമെന്നുണ്ടെങ്കില്‍ ഹിന്ദുക്കളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കണം: ഭയ്യാജി ജോഷി

ഇന്ത്യയില്‍ ജോലി ചെയ്യണമെന്നുണ്ടെങ്കില്‍ ഹിന്ദുക്കളുടെ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കേണ്ടി വരുമെന്ന് ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി. രാജ്യത്തിന്റെ നിര്‍ണ്ണായക ശക്തികളാണ് ഹിന്ദുക്കളെന്നും ഭയ്യാജി ജോഷി പറഞ്ഞു. ഗോവയിലെ പനജിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി.

ഇന്ത്യയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഹിന്ദു സമുദായത്തിന് ഒപ്പം ജോലി ചെയ്യാന്‍ തയ്യാറാകണം. അതിലൂടെ ഹിന്ദുക്കളുടെ ശാക്തീകരണം സാധ്യമാക്കുന്നതില്‍ പങ്കുവഹിക്കണം. സ്മരണാതീത കാലം തൊട്ട് ഇന്ത്യയുടെ വളര്‍ച്ചയ്ക്കും താഴ്ചയ്ക്കും ഹിന്ദുക്കള്‍ സാക്ഷിയായിട്ടുണ്ട്. ഹിന്ദുക്കളില്‍ നിന്ന് ഇന്ത്യയെ ഒഴിച്ചുനിര്‍ത്താന്‍ സാധിക്കില്ല. എല്ലായ്‌പ്പോഴും രാജ്യത്തിന്റെ നിര്‍ണ്ണായക ശക്തികളാണ് ഹിന്ദുക്കളെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുക്കള്‍ വര്‍ഗീയവാദികളല്ല. അതിനാല്‍ ഹിന്ദുക്കളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ മടി കാണിക്കേണ്ട ആവശ്യമില്ല. ഹിന്ദുക്കളുടെ ഇടയില്‍ ഐക്യത്തിന് വേണ്ടി നിലകൊള്ളുന്നു എന്നത് കൊണ്ട് മറ്റ് മതക്കാര്‍ക്ക് എതിരാണെന്ന് ചിന്തിക്കേണ്ടതില്ല. ഹിന്ദുക്കള്‍ ശക്തരായാല്‍ ഒരു നാശവും സംഭവിക്കില്ല. സമൂഹത്തിന്റെ നന്ദമയ്ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുക. ഹിന്ദുക്കള്‍ മറ്റ് രാജ്യങ്ങളില്‍ അധിനിവേശം നടത്തിയിട്ടില്ല. സ്വയരക്ഷയ്ക്ക് വേണ്ടി മാത്രമാണ് പോരാടിയിട്ടുള്ളത്. എല്ലാവര്‍ക്കും അതിനുള്ള അവകാശമുണ്ടെന്നും ഭയ്യാജി ജോഷി പറഞ്ഞു.

Work in India with Hindus and for their empowerment: RSS leader Bhaiyyaji Joshi