ആർ.എസ്.എസ് സൈദ്ധാന്തികനും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറുമായ പി.പരമേശ്വരൻ അന്തരിച്ചു

കേരളത്തിലെ ആർഎസ്എസ് സൈദ്ധാന്തികനും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറുമായ പി. പരമേശ്വരൻ അന്തരിച്ചു. ഒറ്റപ്പാലം ആയുർവേദ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം. 93 വയസായിരുന്നു. ചേർത്തല സ്വദേശിയാണ്.

സംഘ പരിവാർ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ ബൗദ്ധിക മുഖമെന്ന നിലയിൽ കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി കേരളത്തിലെ ഹിന്ദുത്വ സാംസ്കാരിക മണ്ഡലത്തിലെ സജീവ സാന്നിദ്ധ്യമായിരുന്നു.പി.. പരേമശ്വരൻ. ഭാരതീയ ദർശനങ്ങളിൽ ഗഹനമായ പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഭാരതീയ വിചാര കേന്ദ്രത്തിന്റെ ഡയറക്ടർ,​ കന്യാകുമാരി വിവേകാനന്ദ കേന്ദ്രം അദ്ധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചു.

27-ൽ ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ മുഹമ്മ, താമരശ്ശേരിൽ ഇല്ലത്തായിരുന്നു ജനനം. . പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ചങ്ങനാശ്ശേരി എസ്.ബി കോളേജിൽ നിന്നും പ്രീഡിഗ്രിയും , തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദവും നേടി.

ചെറുപ്പകാലത്തു തന്നെ ആർഎസ്എസ് ൽ പ്രവർത്തിക്കുകയും 1950-ൽ അതിന്റെ മുഴുവൻ സമയ പ്രവർത്തകനാകുകയും (പ്രചാരകൻ) ചെയ്തു. 1957-ൽ ഭാരതീയ ജനസംഘത്തിന്റെ സംഘടനാ സെക്രട്ടറിയായി ചുമതല വഹിച്ചിട്ടുണ്ട്. തുടർന്ന് ജനസംഘത്തിന്റെ ആൾ ഇന്ത്യാ ജനറൽ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു.

കന്യാകുമാരി വിവേകാനന്ദ സ്മാരക നിർമ്മാണത്തിൽ ആർഎസ്എസ് നോടൊപ്പം ചേർന്ന് സജീവമായി പ്രവർത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് പ്രക്ഷോഭം നടത്തി ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഡൽഹിയിലെ ദീന ദയാൽ റിസർച്ച് ഇൻസ്റ്റിട്യൂട്ടിന്റെ ഡയറക്റ്ററായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

2004ൽ പത്മശ്രീയും 2018ൽ പത്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.. ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ,​ വിവേകാനന്ദനും മാർക്സും,​ ശ്രീ അരവിന്ദൻ ഭാവിയുടെ ദാർശനികൻ,​ മാർക്സിൽ നിന്നും മഹർഷിയിലേക്ക് ,​ കേരളം ഭ്രാന്താലയത്തിൽ നിന്ന്‌ തീർഥാലയത്തിലേയ്‌ക്ക്‌ തുടങ്ങിയവ..യാണ് പ്രധാന കൃതികൾ.

Senior most RSS pracharak P Parameswaran dies