ഓസ്‌കര്‍ 2020: വാക്വീന്‍ ഫീനിക്‌സ് മികച്ച നടന്‍; നടി റെനി സെല്‍വഗര്‍

92- മത് ഒസ്‌കര്‍ പുരസ്‌കാര വിതരണം ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി സ്റ്റുഡിയോയില്‍ ആരംഭിച്ചു. ജോക്കറിലെ അഭിനയത്തിന് വാക്വീന്‍ ഫീനിക്‌സ് മികച്ച നടനുള്ള പുരസ്‌കാരവും നടിയും ഗായികയുമായി ജൂഡിയുടെ ജീവിതം പറഞ്ഞ ജൂഡി സിനിമയിലെ അഭിനയത്തിന് റെനി സെല്‍വഗര്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി. മികച്ച സഹനടിക്കുള്ള പുരസ്‌കാരം മാരേജ് സ്‌റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ലോറ ഡെന്‍ സ്വന്തമാക്കി. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുളള പുരസ്‌കാരം ബ്രാഡ് പിറ്റ് നേടി. ടോം ഹാങ്ക്‌സ്, ആന്റണി ഹോപ്കിന്‍സ്, അല്‍പച്ചിനോ തുടങ്ങിയവരെ പിന്തള്ളിയാണ് ബ്രാഡ് പിറ്റ് പുരസ്‌കാരം നേടിയത്.

മികച്ച സംവിധാനത്തിനും വിദേശ ഭാഷാ ചിത്രത്തിനും തിരക്കഥ്ക്കുമുള്ള പുരസ്‌കാരം നേടി പാരസൈറ്റ്. ബോന്‍ ജൂന്‍ ഹോ ആണ് ചിത്രം സംവിധാനം ചെയ്തത്. ആദ്യമായാണ് ഒരു ദക്ഷിണ കൊറിയന്‍ ചിത്രം ഓസ്‌കറില്‍ ഈ വിഭാഗങ്ങളില്‍ പുരസ്‌കാരം കരസ്ഥമാക്കുന്നത്. മികച്ച ഡോക്യുമെന്ററി ഫീച്ചറായി അമേരിക്കന്‍ ഫാക്ടറി തിരഞ്ഞെടുത്തു. മികച്ച പ്രൊഡക്ഷന്‍ ഡിസൈനിനുള്ള പുരസ്‌കാരം വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലൂടെ ബാര്‍ബറ ലിങും നാന്‍സി ഹൈഗ് എന്നിവര്‍ സ്വന്തമാക്കി. പുരസ്‌ക്കാര വിതരണം ഇപ്പോഴും പുരോഗമിക്കുകയാണ്.