കേരളത്തിൻറെ സാംസ്കാരിക – രാഷ്ട്രീയ അജണ്ട മാറ്റുന്നതില്‍ ഒരു വലിയ പങ്കാണ് പരമേശ്വരന് ഉണ്ടായിരുന്നത്

പ്രൊഫ.ടി.ടി. ശ്രീകുമാർ

പി പരമേശ്വരൻറെ നിര്യാണത്തില്‍ അദ്ദേഹവുമായി സംവദിക്കാന്‍ കഴിഞ്ഞ എൺപതുകളുടെ ഓർമ്മയില്‍ നിന്നുകൊണ്ട് ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുകയാണ്. അദ്ദേഹത്തിന്റെ നിര്യാണം അദ്ദേഹം പ്രതിനിധാനം ചെയ്തിരുന്ന ഹിന്ദുത്വവാദത്തിനു പ്രത്യേകിച്ച് പരിക്കൊന്നും ഏല്പ്പിക്കാത്ത ഒരു കാലത്താണ് സംഭവിച്ചിരിക്കുന്നത്. ഈ മുഹൂർത്തത്തില്‍ ഞാന്‍ ആലോചിച്ചു പോയത് എന്തായിരുന്നു കേരളീയ ധൈഷണികതയില്‍ പി പരമേശ്വരന്‍ അവശേഷിപ്പിച്ചു പോകുന്നത് എന്നതാണ്. തീവ്ര വലതുപക്ഷത്തിന്റെയും ഇടതു പക്ഷത്തിന്റെയും മറ്റുള്ളവരുടെയും സാംസ്കാരിക- രാഷ്ട്രീയ അജണ്ട മാറ്റുന്നതില്‍ ഒരു വലിയ പങ്കാണ് പരമേശ്വരന് ഉണ്ടായിരുന്നത് എന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സിലാകുന്നു.

കേരളത്തിലെയും ഇന്ത്യയിലെയും കമ്യൂണിസ്റ്റ് നേതൃത്വവും മറ്റു വിമർശനാത്മക പാരമ്പര്യങ്ങള്‍ ഉയർത്തിപ്പിടിക്കുന്നവരും ചരിത്രത്തെ കേവലം യാന്ത്രികമായി സമീപിച്ചവര്‍ ആയിരുന്നില്ല. അത്തരം പ്രവണതകള്‍ പലപ്പോഴും ദൃശ്യമായിരുന്നു എങ്കിലും. ഗാന്ധിയെ ആയാലും ശ്രീനാരായണ ഗുരുവിനെ ആയാലും വിവേകാനന്ദനെ ആയാലും നെഹ്രുവിനെ ആയാലും വൈരുദ്ധ്യാധിഷ്ടിത ചിന്തയുടെയോ വിമർശനാത്മക ചിന്തയുടെയോ അടിസ്ഥാനത്തില്‍ മനസ്സിലാക്കുക എന്നത് ആ സമീപനത്തിന്റെ മുഖ്യ രീതിശാസ്ത്രമായിരുന്നു. പി പരമേശ്വരന്‍ ഇവിടെയാണ്‌ തന്റെ ചിന്തയുടെ വിഭാഗീയതയെ സമര്‍ത്ഥമായി ഉപയോഗിച്ചത്. ഇ എം എസ്സും മറ്റുള്ളവരും ഗാന്ധിയെ കുറിച്ച് ഗുരുവിനെ കുറിച്ച് വിവേകാനന്ദനെ കുറിച്ച് ഭാരതീയ ചിന്തയെ കുറിച്ച് ഒക്കെ നടത്തിയിട്ടുള്ള വിമർശനങ്ങളെ നിരന്തരം തോണ്ടി എടുത്തു ഇതിലെല്ലാം “ഭാരതീയ വിരുദ്ധത” ആരോപിച്ചുകൊണ്ടായിരുന്നു പരമേശ്വരന്‍ തന്റെ ധൈഷണിക സാന്നിധ്യം അറിയിച്ചത്.

ഇടതു നേതൃത്വത്തെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ വെല്ലുവിളി ആയി മാറുകയും അവര്‍ രണ്ടു രീതിയില്‍ തിരിച്ചടിക്കുകയും ചെയ്തു. ഒന്ന് തങ്ങള്‍ ഇവരുടെ ഒക്കെ വിമർശകരല്ല എന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു തുടങ്ങി, രണ്ടു ഹിന്ദുത്വയ്ക്ക് ഇവരോടോക്കെയുള്ള ആഭിമുഖ്യം കപടമാണെന്ന വിമര്‍ശനം മുന്നോട്ടുവച്ചു. ആദ്യത്തെ പ്രതിരോധത്തിനു വലിയ വിലയാണ് നൽകേണ്ടി വന്നത്. ഗാന്ധിയേയും ഗുരുവിനെയും വിവേകാനന്ദനെയും വിമർശനാത്മമായി ചരിത്രവൽക്കരിച്ചിരുന്ന സ്ഥാനത്ത് അവരെയെല്ലാം സ്വന്തം ബാനറുകളിലേക്കും പോസ്റ്ററുകളിലേക്കും സമ്മേളന വേദികളിലേക്കും കേവല ബിംബങ്ങളാക്കി കൊണ്ടുവരേണ്ടി വന്നത് പരമേശ്വരന്റെ ആക്രമണം ശക്തമായപ്പോള്‍ ആയിരുന്നു. അതോടെ ഇവരെയൊക്കെ വിമർശിക്കുന്ന സമീപനം കേരള ധൈഷണിക വൃത്തങ്ങളില്‍ ആര്‍ എസ്സി എസ്സിന് മരുന്നിട്ടു കൊടുക്കുന്നത് പോലെയാണെന്ന ചിന്ത ഇടതു കേന്ദ്രങ്ങളില്‍ ശക്തമായി. മറ്റു വിമർശനാത്മക പാരമ്പര്യങ്ങളില്‍ നിന്ന് വന്നവർക്കും പ്രതിരോധത്തിലേക്ക് കുറച്ചൊക്കെ ഉൾവലിയേണ്ടി വന്നു.

ഗുരുവിനെ ബൂർഷ്വ എന്ന് വിളിച്ചു, വിവേകാനന്ദന്‍റെ ബൂർഷ്വ – ഫ്യൂഡല്‍ പാരമ്പര്യത്തെ കുറിച്ച് പറഞ്ഞു, ഗാന്ധിയെ തള്ളിപ്പറഞ്ഞു തുടങ്ങിയ ആരോപണങ്ങള്‍ പരമേശ്വരന്‍ ചർച്ചകളില്‍ വലിച്ചിഴച്ചു. അത് ചരിത്രത്തെ ഒരു പരിധിവരെ വസ്തുനിഷ്ഠമായി കാണാന്‍ ശ്രമിക്കുന്ന മാർക്സിസ്റ്റ് ചരിത്ര-വര്ഗ്ഗ വിശകലനത്തിന്റെ ഭാഗമാണ് എന്ന വസ്തുത അദ്ദേഹം ബോധപൂര്‍വം മറച്ചുവച്ചു. അതോടെ ഗാന്ധി വിമര്ശനം കേരളത്തില്‍ ഗാന്ധി വിരുദ്ധതയായി. വിവേകാനന്ദ വിമര്ശനം ഭാരതീയ ചിന്താ പാരമ്പര്യത്തിന്റെ നിഷേധം മാത്രമായി. ഇന്ന് കാണുന്ന പോലത്തെ ഉദ്ധരണികളില്‍ അഭിരമിക്കുന്ന ഗാന്ധിഭക്തിയും വിവേകാനന്ദ വാഴ്ത്തുകളും ഒക്കെ ആ സംവാദ സന്ദർഭത്തിന്റെ സൃഷ്ടി ആയിരുന്നു.

ഇടതു നേതൃത്വത്തില്‍ അല്പമെങ്കിലും ചെറുത്തുനിന്നത് പരസ്പരം പോരടിച്ചു നിന്നിരുന്നവര്‍ എങ്കിലും ഇ എം എസ്സും എന്‍ ഇ ബാലറാമും മാത്രമായിരുന്നു. എൺപതുകളിലും, ഗാന്ധി പിന്തുടർന്നത്‌ മതത്തിന്റെ രാഷ്ട്രീയമാണെന്നും അത് മതമൌലിക വാദം തന്നെ ആയിരുന്നെന്നും ഇ എം എസ് പറയാന്‍ തയ്യാറായിരുന്നു. മാത്രമല്ല, അതൊരിക്കലും മാറ്റിപ്പറയാനും അദ്ദേഹം മുതിർന്നില്ല. പാർട്ടിയുടെ തിരുത്തല്‍ എഴുതിയത് ഹർകിഷന്‍ സിംഗ് സുർജിത്ത് ആയിരുന്നു. വിവേകാനന്ദനെ വൈരുധ്യചിന്തയുടെ അടിസ്ഥാനത്തില്‍ കാണണം എന്ന് പറയാന്‍ ബാലറാം തയ്യാറായിരുന്നു. പക്ഷെ അപ്പോഴേക്ക് അത്തരം അന്വേഷണങ്ങളുടെ സാധ്യത ഏതാണ്ട് പൂർണ്ണമായും അടച്ചുകൊണ്ട്‌ ഗാന്ധിയും വിവേകാനന്ദനും ഒക്കെ രണ്ടു വ്യത്യസ്ത പൊതുബോധ നിർമ്മിതികളുടെ ഭാഗമായി ബിംബവൽക്കരിക്കപ്പെട്ടിരുന്നു. അവരുടെ പാരമ്പര്യം അവകാശപ്പെടുന്ന രണ്ടു രാഷ്ട്രീയ ധാരകളുടെ ബന്ദികളായി അവർക്ക് മാറേണ്ടി വന്നു.

പരമേശ്വരൻറെ ഇടതു വിമർശനത്തിന്റെ കാതലായ വശം അതിലെ വൈരുധ്യാധിഷ്ടിത— വിമർശനാത്മക പാരമ്പര്യങ്ങളെ നിരായുധീകരിക്കുക എന്നതായിരുന്നു. എന്നാല്‍ അതിന്റെ ഗുണപരമായ വശം ഹിന്ദുത്വയുടെ ഇതിനോടോക്കെയുള്ള സമീപനം തുറന്നു കാണിക്കാന്‍ അതു അവസരം സൃഷ്ടിച്ചു എന്നതാണ്. കേരളത്തില്‍ ഹിന്ദുത്വ വിരുദ്ധ ധൈഷണിക രാഷ്ട്രീയം എണ്പതുകളില്‍ ശക്തമായത് പരമേശ്വരനോട് കൂടി പൊരുതിത്തന്നെയാണ്. പക്ഷെ ഭാരതീയ പാരമ്പര്യത്തോടുള്ള, ഗാന്ധിയോടും വിവേകാനന്ദനോടും വിമർശനാത്മക സമീപനത്തെ അതിനായി ഒരു പരിധിവരെ ബലികൊടുക്കേണ്ടി വന്നു എന്നതും ഒരു യാദാർഥ്യമാണ്.

ഇന്ന് ഗാന്ധി വിമർശനമോ വിവേകാനന്ദ വിമർശനമോ പഴയ രീതിയില്‍ സാധ്യമല്ല. എന്റെ തന്നെ അനുഭവം വ്യത്യസ്തമല്ല. ചോംസ്കിയുടെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ടു അദ്ദേഹത്തിന്റെ ലെനിന്‍ വിമർശനങ്ങളെ കൂടി പരാമർശിച്ചു കൊണ്ട് ഞാന്‍ ഇന്ത്യന്‍ എക്സ്പ്രസ്സില്‍ (Chomski, Lenin and the Indian Left) എഴുതിയ ലേഖനം പോലും വളച്ചൊടിച്ചു ഉദ്ധരിച്ചു സ്വന്തം ഇടതു-ചോംസ്കി വിമർശനത്തിനു പരമേശ്വരന്‍ ഉപയോഗിച്ചത് അന്ന് കേവലം ഒരു പുതിയ എഴുത്തുകാരനായിരുന്ന എന്നെ അമ്പരപ്പിച്ചിട്ടുണ്ട്.

ഹിന്ദുത്വയുടെ രാഷ്ട്രീയമായ വളർച്ചക്ക് ആവശ്യമില്ലാത്ത ഒന്നായിരുന്നു ദാർശനിക ചർച്ചകള്‍. അത് വളർന്നത്‌ കറകളഞ്ഞ അപര വിദ്വേഷത്തിന്റെ തീ ആളിക്കത്തിച്ചാണ്. അതിനു സമാന്തരമായി കേരളത്തിന്റെ വിമർശകനാത്മക പാരമ്പര്യത്തെ നിര്‍വീര്യമാക്കുക എന്നൊരു ദൌത്യം സ്വയം ഏറ്റെടുത്തു എന്നതാണു പരമേശ്വരന്റെ നിർണ്ണായക സംഭാവന. അതില്‍നിന്ന് പുറത്തു കടക്കാനും ബിംബവൽക്കണരണത്തിന്റെ രാഷ്ട്രീയത്തില്‍ നിന്ന് ഗാന്ധിയേയും വിവേകനന്ദനെയുമൊക്കെ മോചിപ്പിച്ച്‌ അവരുടെ ചരിത്രത്തിലെ യദാർത്ഥ സ്ഥാനങ്ങള്‍ ഭീതിരഹിതമായി, ചരിത്രപരമായി, അവരുടെ പരിമിതികളില്‍ ഊന്നിക്കൊണ്ടുകൂടി വിമർശനാത്മകമായി പുനര്‍നിർണ്ണയിക്കുക എന്നതും വിഷമം നിറഞ്ഞ ഒരു രാഷ്ട്രീയ ദാര്‍ശനിക കടമയാണ് എന്ന് കൂടി പരമേശ്വരന്റെ നിര്യാണം നമ്മളെ ഓർമ്മിപ്പിക്കേണ്ടതുണ്ട്‌.