ഡല്‍ഹിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങി പൂജ്യം സീറ്റും 4% വോട്ടുമായി കോണ്‍ഗ്രസ്

രാജ്യം ഏറ്റവും കൂടുതല്‍ കാലം ഭരിച്ച, രാജ്യ തലസ്ഥാനത്ത് 15 വര്‍ഷത്തോളം തുടര്‍ച്ചയായി ഭരിച്ച കോണ്‍ഗ്രസ് ഡല്‍ഹി രാഷ്ട്രീയത്തില്‍ നിന്നും അപ്രസക്തമാകുന്നു. ഡല്‍ഹി സംസ്ഥാനം രൂപവത്ക്കരിച്ച ശേഷമുള്ള ഏറ്റവും ദയനീയ തോല്‍വിയാണ് ഇത്തവണ കോണ്‍ഗ്രസിനുണ്ടായത്. മികച്ച ഒരു നേതൃത്വമില്ലാതെ, വ്യക്തമായ പ്രചാരണ അജന്‍ഡകളില്ലാതെ തിരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് ഇത്തവണ നിലംതൊടില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു.

എന്നാല്‍ കഴിഞ്ഞ തവണത്തേതില്‍ നിന്ന് വിത്യസ്തമായി ഒരു സീറ്റെങ്കിലും നേടുമെന്ന് ഏവരും കരുതി. എന്നാല്‍ പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്ത തിരഞ്ഞെടുപ്പില്‍ സീറ്റ് നേടിയില്ലെന്ന് മാത്രമല്ല വോട്ട് വിഹിതം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ തവണ 9.7 ശതമാനത്തോളം വോട്ട് കോണ്‍ഗ്രസിനുണ്ടായിരുന്നു. എന്നാല്‍ നാല് ശതമാനത്തോളം വോട്ടാണ് ഇത്തവണ കോണ്‍ഗ്രസിന് നേടാനായത്. ഡല്‍ഹിയില്‍ ഒരിക്കല്‍ പോലും കോണ്‍ഗ്രസിന്റെ വോട്ട് വഹിതം ഇത്ര താഴേക്ക് പോയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. 67 സീറ്റുകളില്‍ കോണ്‍ഗ്രസിന് കെട്ടിവച്ച കാശ് നഷ്ടമായി. ആറിലൊന്ന് വോട്ടുകള്‍ നേടാന്‍ കഴിയാത്തവര്‍ക്കാണ് കെട്ടിവച്ച കാശ് നഷ്ടപ്പെടുന്നത്.

കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് എത്തിയ കോണ്‍ഗ്രസ് ഇത്തവണ ഏതാനും സീറ്റുകള്‍ നേടാനാകുമെന്ന് ഉറച്ച് വിശ്വസിച്ചാണ് ഒറ്റക്ക് മത്സരിക്കാനിറങ്ങിയത്. എന്നാല്‍ മഹാഭരിഭക്ഷം മണ്ഡലങ്ങളിലും മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പലയിടത്തും ശക്തമായ ഒരു മത്സരം കാഴ്ചവെക്കാന്‍ പോലും കോണ്‍ഗ്രസിനായില്ല.

ഡല്‍ഹിയില്‍ എക്കാലവും കോണ്‍ഗ്രസിന്റെ വോട്ട്ബാങ്കായിരുന്ന ന്യൂനപക്ഷ വിഭാഗത്തിന്റേയും ഗ്രാമീണ ജനതയുടേയും വോട്ടുകള്‍ എ എ പിയിലേക്ക് ഒവുകിയതാണ് വലിയ തിരിച്ചടിക്ക് ഇടയാത്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം തങ്ങള്‍ക്ക് തുണയാകുമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടിയിരുന്നു. എന്നാല്‍ പൗരത്വ പ്രതിഷേധങ്ങള്‍ നേരിട്ട് നേതാക്കല്‍ പങ്കെടുത്തില്ലെങ്കിലും എ എ പിയെതന്നെ ന്യൂനപക്ഷ വിഭാഗം വിശ്വാസത്തിലെടുക്കുകയായിരുന്നു.