അരവിന്ദ് കേജ്‌രിവാളിനും ‘ആപി’നും അഭിനന്ദനങ്ങൾ അറിയിച്ച്‌ പ്രധാനമന്ത്രി

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഹാട്രിക്ക് വിജയം നേടിയ ആം ആദ്മി പാർട്ടിയുടെ വിജയത്തിന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം നേടിയ അരവിന്ദ് കേജ്‌രിവാളിനും ‘ആപി’നും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും ഡൽഹിയിലെ ജനങ്ങളുടെ അഭിലാഷങ്ങൾ നടപ്പിൽ വരുത്താൻ എല്ലാവിധ ആശംസകളും നേരുന്നുവെന്നുമാണ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്.

ബി.ജെ.പിയുടെ പ്രതീക്ഷകളെയെല്ലാം തകർത്തുകൊണ്ട് ഡൽഹിയിൽ ആം ആദ്മി വൻ മുന്നേറ്റം നടത്തിയിരുന്നു. അതേസമയം, ഒരു സീറ്റു പോലും നേടാനാവാതെ രണ്ടുസീറ്റുകളിൽ ഒഴികെ കെട്ടിവെച്ച കാശുപോലും നഷ്ടപ്പെട്ട് നാണം കെട്ട തോൽവിയുമായി കോൺഗ്രസ് തകർന്നടിയുകയായിരുന്നു.4% വോട്ട് മാത്രമാണ് കോൺഗ്രസിന് ആകെ ലഭിച്ചത്. നിലവിലെ കണക്കുകൾ അനുസരിച്ച് 70ൽ 62 സീറ്റുകൾ ആം ആദ്മിയും 8 സീറ്റുകൾ ബി.ജെ.പിയും നേടി.

ഡൽഹിയെ ഞെട്ടിക്കുമെന്ന് ബി.ജെ.പി നേതാക്കൾ അവകാശപ്പെട്ടിരുന്നെങ്കിലും റിസൾട്ട് വന്നപ്പോൾ നേതാക്കളും അണികളും ഒരുപോലെ ഞെട്ടി.’ഞങ്ങൾ 55 സീറ്റ് നേടിയാൽ അത്ഭുതപ്പെടരുത്’ എന്നായിരുന്നു ബിജെപി നേതാവ് മനോജ് തിവാരിയുടെ അവകാശവാദം.  ഡൽഹിയിൽ കേവല ഭൂരിപക്ഷത്തിന് 36 സീറ്റുകളാണ് വേണ്ടത്. ഇത് മൂന്നാം തവണയാണ് എ.എ.പി ഭരണത്തിലേറുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ ആംആദ്മിയുടെ മുന്നേറ്റമായിരുന്നു.

മോദിയുടെ അഭിനന്ദനത്തിന് നന്ദി അറിയിച്ചുള്ള മറുപടിയുമായി കെജ്‌രിവാള്‍ ഉം ട്വിറ്റ് ചെയ്തു. സാറിന്റെ ആശംസകൾക്ക് നന്ദി, രാജ്യ തലസ്ഥാനത്തെ ലോകോത്തര നഗരമാക്കി മാറ്റുവാന്‍ കേന്ദ്രത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നതായിരിക്കുമെന്നു കെജ്‌രിവാള്‍ ട്വിറ്ററിലൂടെ മറുപടി നൽകി.

നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിൽ ഏവർക്കും നന്ദി അറിയിച്ച് ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‍രിവാൾ നേരത്തെ രംഗത്തെത്തിയിരുന്നു. പ്രവർത്തകരോടും, ഡൽഹിയിലെ ജനങ്ങളോടും ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദിയെന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു പുതിയ രാഷ്ട്രീയത്തിന്‍റെ ഉദയമാണെന്നും,ഗാന്ധിയൻ, വികസന രാഷ്ട്രീയത്തിന്‍റെ കാലമാണിനിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇതെന്‍റെ മാത്രം വിജയമല്ല, ഇത് ഡൽഹി നിവാസികളുടെ മൊത്തം വിജയമാണ്, എല്ലാ കുടുംബങ്ങളുടെയും വിജയമാണ്, മികച്ച വിദ്യാഭ്യാസം കിട്ടിയ കുട്ടികളുടെ വിജയമാണ്. മികച്ച ചികിത്സ കിട്ടിയ കുടുംബങ്ങളുടെ വിജയമാണ്. സ്വന്തം മകനായി നിങ്ങളെന്നെ കരുതി. ഇത്ര വോട്ട് നൽകി. ഇതൊരു പുതിയ രാഷ്ട്രീയത്തിന്‍റെ ഉദയമാണ്. ഗാന്ധി രാഷ്ട്രീയത്തിന്‍റെ ഉദയമെന്നും ഡൽഹിക്കാർ രാജ്യത്തോട് ഒരു പുതിയ സന്ദേശം നൽകുകയാണെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. രാഷ്ട്രീയ എതിരാളികളെയോ എതിർപ്രചാരണങ്ങളെയോ പരാമർശിക്കാതെ, എല്ലാവരോടും സ്നേഹം മാത്രം എന്ന് പറഞ്ഞുകൊണ്ടും ഭാരത് മാതാ കീ ജയ്, വന്ദേ മാതരം, ഇങ്ക്വിലാബ് സിന്ദാബാദ്’ എന്നീ മുദ്രാവാക്യങ്ങളുയർത്തിയുമായിരുന്നു കെജ്‍രിവാളിന്‍റെ പ്രസംഗം.

PM Modi congratulates Kejriwal and AAP for victory in Delhi polls