സിനിമാ-സീരിയൽ ഓഫറുകൾ നൽകി,16 കാരിയെ നൂറോളംപേർ പീഡിപ്പിച്ചു​

കോഴിക്കോട് കക്കാടംപൊയിലിലെ റിസോർട്ടിൽ ഉൾപ്പെടെ പതിനാറുകാരിയെ നിരവധി പേർക്ക് കാഴ്ചവച്ച കേസിൽ യുവതി ഉൾപ്പെടെ അഞ്ചുപേരെ പൊലീസ് ഇതുവരെ അറസ്റ്റുചെയ്തു. മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ള ചിലരെ തിരിച്ചറിഞ്ഞതായും അന്വേഷണസംഘം വ്യക്തമാക്കുന്നു. ഇവരുടെകൂടി അറസ്റ്റ് രേഖപ്പെടുത്തിയാലേ അന്വേഷണം തുടരാനാകൂവെന്നാണ് പൊലീസ് പറയുന്നത്. കോഴിക്കോട് റൂറൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. ഹരിദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

സംഘത്തിന് പെൺവാണിഭം മാത്രമല്ല മയക്കുമരുന്ന് ഇടപാടും ഉണ്ടായിരുന്നതായാണ് പറയുന്നത്. ചിക്കമംഗളൂരു സ്വദേശിയായ പതിനാറുകാരിയെ നിരവധി പേർക്ക് കാഴ്ചവച്ച കേസിൽ അന്വേഷണം പുരോഗമിക്കുമ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകൾ.

കഴിഞ്ഞവർഷം ഫെബ്രുവരി 12നാണ് കേസിനാസ്പദമായ സംഭവം. നാട്ടുകാർ സംശയമുന്നയിച്ചതോടെ കൂടരഞ്ഞി കക്കാടംപൊയിലിലെ സ്വകാര്യ റിസോർട്ടിൽ തിരുവമ്പാടി പൊലീസ് പരിശോധന നടത്തിയപ്പോൾ പെൺവാണിഭ സംഘം പിടിയിലാവുകയായിരുന്നു. റിസോർട്ട് ഉടമ മലപ്പുറം ചീക്കോട് സ്വദേശി മുഹമ്മദ് ബഷീർ (49), വളമംഗലം പൂക്കോട്ടൂർ മൻസൂർ പാലത്തിങ്കൽ (27), കൊണ്ടോട്ടി തുറക്കൽ നിസാർ ബാബു (37) എന്നിവരാണ് അന്ന് അറസ്റ്റിലായത്. ഇവരിൽ നിന്നാണ് വയനാട്ടിലെ റിസോർട്ടുകളിലുൾപ്പെടെ വച്ച് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായത്. തുടർന്ന് കേസ് കോഴിക്കോട് റൂറൽ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

പെൺകുട്ടിയെ വയനാട്ടിലെത്തിച്ച ചിക്കമംഗളൂരു സ്വദേശി ഫർസാന (25)​ എന്ന യുവതിയെ പിന്നീട് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു.പെൺകുട്ടിയെ സിനിമാ- സീരിയൽ രംഗത്ത് വൻ ഓഫറുകൾ നല്കി കേരളത്തിലേക്ക് ഫർസാന കൂട്ടിക്കൊണ്ടുവരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ഫർസാനയെ ചോദ്യംചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യപ്രതി വയനാട്ടിലെ ഏജന്റ് വയനാട് മടക്കിമല സ്വദേശി ടി.കെ. ഇല്യാസിനെയും അന്വേഷണസംഘം പിടികൂടി. പെൺകുട്ടിയെ നൂറോളംപേർ പീഡിപ്പിച്ചതായാണ് പുറത്തുവരുന്ന വിവരം.പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോൾ പെൺകുട്ടി ഗർഭിണിയായിരുന്നു. നേരത്തെ അറസ്റ്റിലായ ജാമ്യത്തിലിറങ്ങിയ നിസാർ ബാബുവാണ് ഗർഭത്തിനുത്തരവാദിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയതോടെ ഇയാൾ ഒളിവിൽ പോയി.

പ്രമുഖരുൾപ്പെടെ നാല്പതോളം പേരെ ചോദ്യംചെയ്തതിൽ നിന്ന് ചിലരെ പ്രതികളാക്കി ഉടൻ അറസ്റ്റുചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. പെൺകുട്ടിയെ കക്കാടംപൊയിലിലെ റിസോർട്ടിലെത്തിച്ച് നാലുദിവസമാകുമ്പോഴേക്കും സംഘം പിടിയിലായിരുന്നു. എന്നാൽ, വയനാട്ടിൽ ഒരുമാസത്തോളം പെൺകുട്ടിയെ വിവിധ റിസോർട്ടുകളിലായി താമസിപ്പിച്ചിരുന്നു.

Girl was offered chances in cinema-serial and 100 persons might have sexually abused