ജാതി വിവേചനം: തമിഴ്‌നാട്ടില്‍ 450 ദളിതര്‍ ഇസ്ലാം മതം സ്വീകരിച്ചു

കടുത്ത ജാതി വിവേചനവും പീഡനങ്ങളും സഹിക്കവയ്യാതെ തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്ത് 450 ദളിതര്‍ ഇസ്‌ലാം മതം സ്വീകരിച്ചു. മരിച്ചാല്‍ പൊതു ശ്മശാനങ്ങളില്‍ അടക്കാന്‍ വരെ അനുമതി ലഭിക്കാത്ത അത്രയും ക്രൂരമായ പീഡനം നേരിടേണ്ടിവന്ന സാഹചര്യത്തിലാണ് ദളിതര്‍ കൂട്ടത്തോടെ ഇസ്‌ലാം മതം സ്വീകരിച്ചത്. കഴിഞ്ഞ ഡിസംബര്‍ രണ്ടിനാണ് ഇസ്ലാം മതം സ്വീകരിക്കാന്‍ തങ്ങള്‍ തീരുമാനിച്ചതെന്ന് അവര്‍ പറഞ്ഞു. മേട്ടുപ്പാളയത്ത് അയിത്ത മതില്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മതില്‍ തകര്‍ന്നുവീണ് 17 ദളിതര്‍ മരിച്ച സംഭവത്തിന് ശേഷമായിരുന്നു ഇത്.

‘എന്റെ പേര് മാധന്‍ എന്നായിരുന്നു. ഇപ്പോള്‍ എന്റെ പേര് സുലൈമാന്‍ എന്നാണ്. എന്റെ സമുദായത്തിലെ ആളുകള്‍ ദിവസേന വിവേചനം അനുഭവിക്കുന്നത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. അവര്‍ നമുക്കെതിരെ പ്രയോഗിക്കുന്ന വാക്കുകളും അവരുടെ മനോഭാവവുമാണ് എന്നെ ഇസ്ലാം മതം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. ഇസ്‌ലാമില്‍ തുല്യതയും സാഹോദര്യവും ഞങ്ങള്‍ കണ്ടെത്തി. ഇതോടെ മുസ്ലിമാകാന്‍ തീരുമാനിച്ചു’ – മതം മാറിയ സുലൈമാന്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു.

മുസ്‌ലിംകള്‍ തന്നെ മറ്റൊരു ജാതിക്കാരനായി കണക്കാക്കുന്നില്ലെന്നും അവരില്‍ ഒരാളായാണ് തന്നെ പരിഗണിച്ചതെന്നും മതംമാറിയ അജിത്കുമാര്‍ എന്ന മുഹമ്മദ് റഹ്മാന്‍ പറഞ്ഞു. അവര്‍ ഞങ്ങളുടെ വീട്ടിലേക്ക് വരാന്‍ തയ്യാറാണ്. ഞാന്‍ ഒരു ജാതിക്കാരന്‍ അല്ലെന്നും ഒരു മുസ്ലീമാണെന്നുമാണ് അവര്‍ പറയുന്നത്. തനിക്ക് എല്ലാ സഹായങ്ങളും അവര്‍ ചെയ്തു തന്നുവെന്നും മുഹമ്മദ് ഖാന്‍ പറഞ്ഞു.

ജാതീയതയുടെ പിടിയില്‍ നിന്ന് മുക്തമാകുന്നതിനായി ഇസ്ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചതായി ദലിത് അനുകൂല സംഘടനയായ തമിഴ് പുലിഗല്‍ ജനറല്‍ സെക്രട്ടറി നിലവേനില്‍ പറഞ്ഞു. മൂവായിരത്തോളം പേര്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ തയ്യാറാണെന്നും 450 പേര്‍ ഇതിനകം മതം മാറിയെന്നും നിലവേനില്‍ വ്യക്തമാക്കി.