നന്മ നിറഞ്ഞ ഗൗരിയെ സ്വസ്തി…! സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു! ഈ മണ്ണ്- പെണ്ണ് മാഫിയ സംഘത്തിൽ നിന്ന് ഞങ്ങളെ കാത്തരുളേണമേ!

ലിബി. സി.എസ്

വിശ്വാസത്തിന്റെയും മതത്തിന്റെയും തിരുവസ്ത്രമാണെന്ന് കുറെ വിശ്വാസിപൊട്ടന്മാർ തെറ്റിദ്ധരിക്കുന്ന വെള്ള നൈറ്റിയണിഞ്ഞ ‘മണ്ണ്- പെണ്ണ്’ മാഫിയാ സംഘമായ കത്തോലിക്കാ സഭ അടിമലത്തുറയിൽ നടത്തിയ ഭൂമികയ്യേറ്റവും അതിനെ എതിർത്തവർക്ക് നേരെയുണ്ടായ ഊരുവിലക്കുമൊക്കെ വളരെ നിസാരമായ ഒരു സംഭവമായിട്ടാണ് ഇവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും യുവജന സംഘടനകളുമൊക്കെ കൈകാര്യം ചെയ്തതെന്ന് നാം കണ്ടു.

ഉഷാറാണിയും കുടുംബവും ഇപ്പോഴും കത്തോലിക്കാ കുഞ്ഞാടുകളുടെ ആക്രമണം ഭയന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപം ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയാണ്. ലത്തീന്‍ കത്തോലിക്കാ പള്ളി വികാരിയും പള്ളിക്കമ്മിറ്റിയുമാണ് ഇവിടെ അര ഏക്കര്‍ റവന്യൂ ഭൂമിയടക്കം മൊത്തം പതിനൊന്നേക്കര്‍ തീരഭൂമി മത്സ്യതൊഴിലാളികളുടെ പേരില്‍ കയ്യേറിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലാ കളക്ടര്‍ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ഈ കത്തോലിക്കാ ഭൂമാഫിയ മൂന്നും അഞ്ചും സെന്റ് വീതം പ്ലോട്ടുകളാക്കി 266 കുടുംബങ്ങള്‍ക്ക് പുറമ്പോക്ക് ഭൂമി വിറ്റ് കോടികള്‍ കെെവശപ്പെടുത്തി.

കയ്യേറ്റഭൂമിയില്‍ വിശാലമായ കണ്‍വന്‍ഷന്‍ സെന്ററും മാർക്കറ്റും കുടിവെള്ള വിതരണ പദ്ധതിയും നടപ്പാക്കി. ഇതെല്ലം കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രകൃതിദുരന്തങ്ങളില്‍ വീടു നഷ്ടപ്പെട്ട മത്സ്യതൊഴിലാളികളുടെ പേരിലാണ് അരങ്ങേറിയത്. കയ്യേറ്റവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തടയാന്‍ എത്തിയ റവന്യൂ അധികൃതരെയും നേരിട്ട് അന്വേഷണത്തിന് എത്തിയ കളക്ടറെയും മത്സ്യതൊഴിലാളികളുടെ പേരില്‍ തടയാനും ശ്രമങ്ങളുണ്ടായി. കയ്യേറ്റ ഭൂമിയിറ്റല്‍ കണ്‍വന്‍ഷന്‍ സെന്ററിന് പുറമെ 167 വീടുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലാണ്. മതത്തിന്റെ പേരില്‍ നടക്കുന്ന കയ്യേറ്റം തടയാന്‍ ഗവണ്മെന്റ് മുതിര്‍ന്നേക്കില്ലെന്ന കണക്കുകൂട്ടലിലാണ് കത്തോലിക്കാ ഭൂമാഫിയയുടെ പ്രവര്‍ത്തനം. കയ്യേറ്റവും നിയമലംഘനവും നേരിടാൻ ഉത്തരവാദിത്വപ്പെട്ടവർ ഇടപെടുമെന്ന് പ്രത്യാശിക്കാം. എന്നാൽ ഈ ഭൂമികയ്യേറ്റത്തെ ചോദ്യം ചെയ്തവർക്ക് നേരെ കത്തോലിക്കാസഭയെന്ന ക്രിമിനൽ മാഫിയാസംഘം നടത്തുന്ന ഊരുവിലക്കുകളും അതിക്രമങ്ങളും കേരളത്തിലെ പൊതുസമൂഹം നിസാരമായി തള്ളിക്കളയരുത്.

വെള്ള നൈറ്റിക്കാർ കടപ്പുറത്തെ വിദ്യാഭ്യാസവും സാമൂഹ്യബന്ധവുമില്ലാത്ത വിശ്വാസികളെ ചൂഷണം ചെയ്യലും ഊര് വിലക്കും ഭീഷണിയുമൊക്കെ അടിമലതുറയിൽ മാത്രമല്ല. കേരളത്തിലങ്ങോളമിങ്ങോളം തീരദേശങ്ങളിൽ പലരൂപത്തിൽ ഇത് ഉണ്ട്. ദൈവകോപം ഭയന്ന് പാവങ്ങൾ പുറത്തു പറയുന്നില്ലെന്നേയുള്ളു.സഭയെ എതിർക്കുന്നവരുടെ വീടുകളിൽ അവർ കുഞ്ഞാടുകളെ തന്നെയാണ് വിവാഹം കഴിച്ചിട്ടുള്ളതെങ്കിൽ കുടും ബ പ്രശ്നനങ്ങൾ ഉൾപ്പെടെ വെള്ള നൈറ്റിക്കാരും സിൽബന്ധികളും കൂടി ക്രിയേറ്റ് ചെയ്യും.ബന്ധുക്കളും അയൽക്കാരുമൊക്കെ അവരോടൊപ്പം കൂടും കേരളത്തെ സംബന്ധിച്ച് വലിയൊരു സാമൂഹ്യ വിപത്തായി ഈ കാ…ത്തൊലിക്കാ സഭ മാറിക്കൊണ്ടിരിക്കുകയാണ്.

ഞാൻ അർത്തുങ്കൽ സ്വദേശിയായ ഒരു തീരദേശവാസിയാണ്. അർത്തുങ്കൽ ദേശത്തെ കത്തോലിക്കാ മാഫിയാ സംഘത്തിൻറെ കുഞ്ഞാടുകൾ അവകാശപ്പെടുന്നത് 400 വർഷത്തെ പാരമ്പര്യമാണ്. പക്ഷേ മാർപ്പാപ്പയെ അംഗീകരിക്കുന്ന എത്രസഭയുണ്ടെന്നും മാർപാപ്പയെ അംഗീകരിക്കാത്ത ഇൻഡ്യൻ സഭകളെക്കുറിച്ചോ ഒന്നും പള്ളികമ്മറ്റികാർക്ക് പോലും അറിയില്ല.അവർക്ക് എല്ലാം ക്രിസ്ത്യാനികൾ ആണ്. എങ്കിലും ആർ സി ക്കാരെ പ്രത്യേകം അറിയാം.ജീവിതത്തിൽ ഏതെങ്കിലുമൊക്കെ സന്ദർഭത്തിൽ അവരാൽ അപമാനിക്കപ്പെട്ടിട്ടുണ്ടാകും. അതുകൊണ്ട് അവർ വേറെ എന്തോ കാ… തൊലിക്കയാണെന്ന് അറിയാം.ഇതൊക്കെയാണ് 400 വർഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന പള്ളിയിലെ ഏറ്റവും അടുത്ത അസ്മാദികളുടെ പോലും ബോധനിലവാരം എന്ന് എനിക്ക് കഴിഞ്ഞദിവസമാണ് പള്ളിയിലെ വളരെ പ്രധാനിയായ ഒരു അസ്മാദിയോട് സംസാരിച്ചതിൽനിന്നും മനസിലായത്.

ഈ കടപ്പുറത്തുള്ള ഇടവകകളിൽ 80% പേരും കുടികിടപ്പുകാരും കടൽത്തീരത്ത് പുറമ്പോക്ക് കയ്യേറി താമസിക്കുന്നവരുമാണ്. നാനൂറ് വർഷമായി കർത്താവും അർത്തുങ്കൽ പള്ളിയും വെളുത്തച്ചനും കറുത്തച്ചനുമൊക്കെ ഇവിടെയുണ്ടെങ്കിലും ഞങ്ങൾ ഉൾപ്പെടെയുള്ള വീട്ടുകാർക്ക് കുടി കിടപ്പ് അവകാശമെങ്കിലും കിട്ടിയത് കമ്യൂണിസ്റ്റ് പാർട്ടി കേരളം ഭരിച്ചതുകൊണ്ടും ഗൗരിയമ്മ റവന്യു മന്ത്രിയായിരുന്നതുകൊണ്ടുമാണ്. കോൺഗ്രസ് കാരായ എൻ്റെ ഫാദർ ഉൾപ്പെടെയുള്ളവരോട് ഇതുപറയുമ്പോഴാണ് അവർ പല സന്ദർഭങ്ങളിലും കുടുംബമഹിമയും വീമ്പും പറഞ്ഞു വരുമ്പോൾ നാവ് അടക്കാറുള്ളത്.

കത്തോലിക്കാ മാഫിയാ സംഘവും യേശുവും വെളുത്തച്ചനും മാതാവും സഭയുമൊക്കെ കമ്യൂണിസ്റ്റ് പാർട്ടി രൂപം കൊല്ലുന്നതിന് മുൻപും ഇവിടെ ഉണ്ടായിരുന്നു. എന്നാൽ എൻറെ അപ്പാപ്പന് കുടി കിടപ്പ് കിട്ടിയ പത്തു സെന്റിലാണ് അവർ നാലു നാലുമക്കളുമായി കഴിഞ്ഞുകൂടിയത്. ഞങ്ങൾ ക്രിസ്ത്യാനികൾ മറ്റുമതങ്ങളെക്കാൾ സ്ത്രീകളെ പീഡിപ്പിക്കുന്നവരാണ്. സ്വത്തിൽ അവകാശം മാത്രമല്ല മര്യാദയ്ക്ക് ഭക്ഷണം പോലും കൊടുക്കില്ല. റിമ കല്ലിങ്കൽ ഒക്കെ അത്‌ വെറുതെ പറഞ്ഞതല്ല. അതുകൊണ്ട് രണ്ടുപെങ്ങന്മാർക്കും കൊടുക്കാതെ എൻറെ ഫാദറും അനുജനും കൂടി പപ്പാതി വീതിച്ചെടുത്ത ആ കുടികിടപ്പാണ് ഞങ്ങളുടെയൊക്കെ തറവാട്.

കഴിഞ്ഞകാലമൊക്കെ മറക്കുമ്പോൾ എൻറെ വീട്ടിലുള്ളവരെപ്പോലും ഞാനിത് ഓർമ്മിപ്പിക്കാറുണ്ട്. മാതാവിൻറെ പ്രതിമയുംകൊണ്ട് വീടുതോറും നടന്നു രൂപ…താ കമ്പനി പിരിക്കുമ്പോൾ. ഓർക്കേണ്ടത് ” നന്മ നിറഞ്ഞ കെ.ആർ.ഗൗരിയെ സ്വസ്തി, സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു ….എന്നാണെന്ന് പറയും. അല്ലെങ്കിൽ പിരിവിന് വരാൻ പലർക്കും വീട്‌പോലും ഉണ്ടാവില്ലായിരുന്നു.

അർത്തുങ്കൽ പള്ളിയുടെ സ്‌കൂളും അതുപോലെ പണ്ടുമുതലേ ഉള്ളതാണ്. പക്ഷേ പഠിക്കണമെങ്കിൽ ഫീസ് കൊടുക്കണമായിരുന്നു. സിഎംഎസ് ഉം എൽ എം എസ് ഉം ചെയ്ത വിദ്യാഭാസ പ്രവർത്തനമല്ല കാ…തൊലിക്കാ സഭ ചെയ്തിരുന്നത്. അവർ ചെയ്ത സേവനങ്ങളുടെ മറവിലാണ് ഇവരുടെ വിദ്യാഭ്യാസക്കച്ചവടം വളർത്തിക്കൊണ്ടുവന്നത്. കേരളത്തിൻറെ നവോത്ഥാന ചരിത്രത്തിൽ കത്തോലിക്കാസഭയ്ക്ക് ഒരു റോളും ഇല്ല. CMS ഉം LMS ഉം ബാസൽ മിഷനും ചെയ്ത സേവനങ്ങൾ ഇവരുടെ അകൗണ്ടിൽ സാധാരണ ജനം തെറ്റിദ്ധരിക്കുകയായിരുന്നു. കടപ്പുറത്തെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം കിട്ടിയത് വെളുത്തച്ചൻറെ അനുഗ്രഹം കൊണ്ടല്ല ജോസഫ് മുണ്ടശ്ശേരിയുടെ അനുഗ്രഹം കൊണ്ടായിരുന്നു.ആ മുണ്ടശ്ശേരിയെ താഴെയിറക്കാൻ വിമോചന സമരം നടത്തിയ ആളുകളാണ് കാ…ത്തൊലിക്കാ സഭ. “മുണ്ടശ്ശേരീടെ മണ്ടേലെന്താ ചകിരിച്ചോറോ ചരയോ?” എന്ന് ഈ കുഞ്ഞാടുകളെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ച മുട്ടനാടുകളാണ് വെള്ള നൈറ്റിയിട്ട മാഫിയാ ടീം.

ചരിത്രബോധമില്ലാത്ത കുറെകുഞ്ഞാടുകളും നൈറ്റിക്കാരും അവർക്ക് ഓശാനപാടുന്ന രാഷ്ട്രീയക്കാരും കൂടി മതത്തിന്റെയും വിശ്വാസത്തിന്റെയും മറവിൽ പഴയ ഗോത്രവർഗ്ഗ നിയമങ്ങളൊക്കെ അടിച്ചേൽപ്പിച്ച് ജനാധിപത്യത്തിനും മനുഷ്യാവകാങ്ങൾക്കും വെല്ലുവിളി ഉയർത്തിക്കൊണ്ട് സമാന്തര ഭരണം നടത്തിക്കൊണ്ടിരിക്കുകയാണ്. കുഞ്ഞാടുകളെ മാനസീകമായി ഷൻഡീകരിച്ച് അടിമത്ത വ്യവസ്ഥിതി നടപ്പിലാക്കുന്ന ഈ വെളുത്ത ഭീകരതയെ ജനാധിപത്യവും മതേതരത്വവും പുലരണമെന്ന് ആഗ്രഹിക്കുന്ന പൊതു സമൂഹം കണ്ടില്ലെന്ന് നടിക്കരുത്.

എന്നാൽ ക്രിസ്തുമത വിശ്വാസികൾക്കിടയിൽ ഇപ്പോൾ പ്രകൃത്യാൽ തന്നെ രൂപപ്പെട്ടുവന്ന ഒരു നവോത്ഥാന പ്രക്രിയ നടക്കുന്നുണ്ട് എന്നത് വാസ്തവമാണ്. അത് മുമ്പെന്നത്തേക്കാൾ ശക്തവും ജന പിന്തുണയും ആർജ്ജിക്കുന്നുമുണ്ട്. അതിൽ ഏറ്റവും ശ്രദ്ദേയമായ ഒരുകാര്യം എല്ലാവരും സവർണ്ണത്വം ആരോപിച്ച് പരിഹസിക്കുന്ന സീറോമലബാർ സഭാ അംഗങ്ങൾക്കിടയിൽ നിന്നാണ് കൂടുതൽ റിബൽസ് ഉണ്ടായിവരുന്നതും മതാധികാരത്തെ ചോദ്യം ചെയ്യാൻ സന്നദ്ധരാകുന്നതും എന്നതാണ്. ചെറിയ ഒരു വിഭാഗമാണെങ്കിലും പുരോഹിതന്മാർ മുതൽ വിശ്വാസികൾ വരെ അന്ധവിശ്വാസങ്ങളെയും മതാധികാരത്തെയും ചോദ്യം ചെയ്തു തുടങ്ങിയിരിക്കുന്നു എന്നത് ആശാവഹമായ ഒരുകാര്യമാണ്.

ഫ്രാങ്കോയുടെ പീഡനാനന്തര വിവാദങ്ങൾക്ക് ശേഷമാണ് ഇത് ശക്തിപ്രാപിച്ചത് എന്ന് തോന്നുന്നു. കാരണം അതിനുശേഷം നിരവധി വിശ്വാസികളായ കൃത്യമായ നിലപാടുള്ള റിബൽസിനെ എനിക്ക് പരിചയപ്പെടാൻ അവസരം ഉണ്ടായിട്ടുണ്ട്. അവരിൽ അധികം പേരും സീറോമലബാർ സഭക്കാരാണ് എന്നത് ഒരുവസ്തുതയാണ്. ഇത്തരം ഒരു പോസിറ്റിവ് ആയ ഉണർവ് കത്തോലിക്കാ സഭയ്ക്കുള്ളിൽ നിന്ന് തന്നെ ഉണ്ടായിട്ടും കേരളത്തിലെ രാഷ്ട്രീയ നേതൃത്വം പുരോഗമന പക്ഷത്തോടൊപ്പമോ ഇരകൾക്കൊപ്പമോ നിൽക്കാതെ മതാധികാരികൾക്കൊപ്പം നിൽക്കുന്ന നെറികെട്ട കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

ഈ വെള്ള നൈറ്റി ടീംസ് ന് ഇപ്പോൾ വിശ്വാസികൾക്കിടയിൽ പോലും വലിയ വിലയില്ലാതായിട്ടും രാഷ്ട്രീയ നേതൃത്വം ഇവരെ ഭയപ്പെടുകയാണ്. മതവും രാഷ്ട്രീയവും തമ്മിലുള്ള അവിഹിതവേഴ്ച ഏതെങ്കിലും മതത്തിൻറെ പേരിലുള്ള രാഷ്ട്രീയപാർട്ടികൾ മാത്രമല്ല മതേതരന്മാരും തുടരുന്നുണ്ട് എന്നതാണ് സത്യം.

പണ്ടൊക്കെ അച്ചനോ കന്യാസ്ത്രീയോ ഉള്ള വീടിനെ കാണുന്ന മനോഭാവത്തിലല്ല വിശ്വാസികൾ പോലും ഇന്ന് ഈ വക കാര്യങ്ങളെയൊക്കെ കാണുന്നത്. കുറച്ചുകൂടി യാഥാർഥ്യബോധത്തോടെ ചിന്തിക്കാനും വിവാഹമാലോചിക്കുമ്പോൾ പോലും കന്യാസ്ത്രീയുള്ള വീട് ആണെന്നറിഞ്ഞാൽ ഉത്തരവാദിത്വ ബോധമില്ലാത്ത രക്ഷിതാക്കളും ആങ്ങളമാരുമൊക്കെയാണെന്നും പെണ്ണു കൊടുക്കേണ്ട എന്നുവരെ ചിന്തിക്കുന്ന അവസ്ഥയിലേക്ക് കേരളത്തിലെ വിശ്വാസിസമൂഹം മാറിയെങ്കിലും രാഷ്ട്രീയ നേതൃത്വത്തിന് ഇത് മനസിലാവാത്തതെന്താണ്‌?

ഇതൊന്നും മറ്റുള്ളവരെ അപമാനിക്കാൻ പറഞ്ഞതല്ല. എൻറെ സ്വന്തംഅനുഭവത്തിൽ ഉൾപ്പെടെ ഇതാണാവസ്ഥ. കേരളത്തിൽ ഏറ്റവും കൂടുതൽ കന്യാസ്ത്രീകൾ ഉള്ളത് ഞങ്ങളുടെ നാട്ടിലാണ്. ദൈവവിളി കൊണ്ടല്ല ക്രിസ്ത്യാനികളായ രക്ഷിതാക്കൾ അവരുടെ കാര്യം സെയ്ഫ് ആക്കാനാണ് പെൺകുട്ടികളെ എല്ലാം അറിഞ്ഞുകൊണ്ടുതന്നെ കന്യാസ്ത്രീമഠങ്ങളിൽ നടതള്ളുന്നത്.

രണ്ടു സെന്റിലും മൂന്ന് സെന്റിലും താമസിക്കുന്ന കൂലിപ്പണിക്കാരായ ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും കുട്ടികളെ അവർ വിദ്യാഭ്യാസം ചെയ്യിക്കുകയും വിവാഹം കഴിച്ചയക്കുകയും ചെയ്യുന്നില്ലേ? ചെറുപ്പം മുതൽ സ്വാർത്ഥരും അന്ധവിശ്വാസത്തിന്‌ അടിമകളുമായി വളർത്തുന്ന ഒരു സഭയാണ് കത്തോലിക്കാസഭ. അതുകൊണ്ടാണ്. 90 % പേരും സ്വന്തംകാര്യം സിന്ദാബാദ് കരാകുന്നത്. എൻറെ വീട്ടിൽ രണ്ടു പെൺകുട്ടികളും ഒരാൺകുട്ടിയുമാണുള്ളത്. എസ്എസ്എൽസി കഴിഞ്ഞപ്പോൾ അനുജത്തിയേയും പ്രീഡിഗ്രി കഴിഞ്ഞപ്പോൾ എന്നെയും കന്യാസ്ത്രീമഠത്തിൽ അയക്കുകയായിരിന്നു. ഞാൻ രണ്ടാഴ്ചകഴിഞ്ഞപ്പോൾ ചാടിപ്പോന്നു. അനുജത്തി ഇപ്പോഴും കന്യാസ്ത്രീയായി കത്തോലിക്കാ സഭയുടെ ജയിലിൽ കഴിയുന്നു. അർത്തുങ്കൽ സ്‌കൂളിൽ ആ വർഷം എസ്എസ്എൽസിക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടിയാണ് എൻറെ അനുജത്തി. കുറെ പാരിദോഷികങ്ങൾ ഒക്കെ കിട്ടിയിരുന്നു. അവളെ മഠത്തിൽ അയക്കരുതെന്നും നല്ല ഭാവിയുള്ള കുട്ടിയാണെന്നും അദ്ധ്യാപകർ ഉൾപ്പെടെ വീട്ടിൽവന്നു പറഞ്ഞു. ഞാൻ അവളെപ്പോലെ ബ്രൈറ്റ് ഒന്നുമല്ലായിരുന്നു. ഒരു ആവറേജ് സ്റ്റുഡന്റ് ആയിരുന്നു. അദ്ധ്യാപകരല്ല ആരുപറഞ്ഞാലും ആരുകേൾക്കാൻ ?

രക്ഷിതാക്കൾക്ക് പഠിപ്പിക്കാനും കെട്ടിച്ചുവിടാനും താത്പര്യമില്ലാത്തതുകൊണ്ടാണ് അതിൻറെ ലാഭം നോക്കിയാണ് എല്ലാം സാമ്പത്തീക മാനദണ്ഡത്തിലൂടെ മാത്രം കാണുന്ന ക്രിസ്ത്യൻ മാതാപിതാക്കൾ ഇതുപോലെ മക്കളെ കുരുതികൊടുക്കുന്നത്. അല്ലാതെ ഒരു ദൈവവിളിയുമല്ല. തിരിച്ചുവന്ന എന്നെ സെന്റ്‌മൈക്കിൾസിൽ ഡിഗ്രിക്ക് പഠിപ്പിച്ചത് ഞങ്ങളുടെ ആയിരംതയ്യിൽ റേഷൻകട നടത്തുന്ന ചേട്ടനാണ്. ഡിഗ്രിക്ക് ശേഷം പഠിപ്പിച്ചത് ഫ്രാൻസിസ് സാറും ആയിരുന്നു. അല്ലാതെ വീട്ടുകാരും ബന്ധുക്കളും ആരുമല്ല. അനുജനെ പഠിപ്പിക്കാൻ ബന്ധുക്കളോട് സഹായം ചോദിച്ച അമ്മച്ചിയോട് അവനെ വള്ളത്തിൽ വിടാനായിരുന്നു ഉപദേശിച്ചത്. ആണായതുകൊണ്ട് അമ്മച്ചി തൊണ്ടുതല്ലിയും ജോലിചെയ്തും കഷ്ടപ്പെട്ട് അവനെ പഠിപ്പിച്ചു. ജോലികിട്ടിയപ്പോൾ ബന്ധുക്കളൊക്കെ സ്വന്തക്കാരായി. അതാണ് ക്രിസ്ത്യൻ കൾച്ചർ. കയ്യിൽ കാശുണ്ടെങ്കിൽ മുള്ളിയപ്പോൾ തെറിച്ച ബന്ധുക്കളൊക്കെ സ്വന്തക്കാരും കാശില്ലാത്തവനെങ്കിൽ സ്വന്തം സഹോദരനാണെങ്കിലും അറിയുന്നവനായി ഭാവിക്കുകപോലുമില്ല. രൂപ…താക്കാരല്ലേ?

കന്യാസ്ത്രീകളുടെ രക്ഷിതാക്കളെയാണ് സമൂഹം ബഹിഷ്കരിക്കേണ്ടത്. കത്തനാർമരെയല്ല. സ്വന്തമായി കന്യാസ്ത്രീയാകാനും ഈ അടിമ മജീവിതത്തിനും സന്നദ്ധരല്ലാതെ കുടുംബജീവിതം നയിക്കുന്ന രക്ഷിതാക്കളാണ് പ്രായപൂർത്തിയാകാത്ത സ്വന്തം പെൺമക്കളെ കന്യാസ്ത്രീ മഠങ്ങളിൽ നട തള്ളുന്നത്. ഈ ഏർപ്പാടിൽ സാമ്പത്തീക നേട്ടം ഒന്നും കാര്യമായിട്ടില്ല. വളരെ അപ്പൂർവം സഭകളാണ് കന്യാസ്ത്രീമാർക്ക് പ്രതിഫലം കൊടുക്കുന്നത്. ബാക്കിയുള്ള സഭകളെല്ലാം തൊഴിൽ ചൂഷണമാണ്. വിദ്യാഭ്യാസം ചെയ്യിക്കാനും ഭക്ഷണം കൊടുക്കാനും വിവാഹം കഴിച്ചയക്കാനും ഉള്ള പ്രാഥമീകമായ രക്ഷിതാക്കളുടെ ഉത്തരവാദിത്വം നിറവേറ്റാൻ പോലും താത്പര്യമില്ലാത്ത രക്ഷിതാക്കളാണ് കന്യസ്ത്രീകളാക്കാൻ പെൺകുട്ടികളെ സഭയ്ക്ക് കാഴ്ചവെക്കുന്നത്.

ഇത്തരം രക്ഷിതാക്കൾക്കെതിരെ പോക്സോ നിയമത്തിലേതുപോലെ കേസെടുക്കാൻ നിയമം കൊണ്ടുവരാതെ കത്തോലിക്കാസഭയെന്ന മണ്ണ്- പെണ്ണ് മാഫിയയുടെ വിപത്തിൽനിന്നും ഇവരുടെ ഭൂമികയ്യേറ്റവും കന്യാവാണിഭവും അവസാനിപ്പിക്കാനാവുമെന്ന് ആരും ധരിക്കരുത്. ഒപ്പം സ്വന്തം ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കന്യസ്ത്രീമഠങ്ങളിൽ നടതള്ളുന്ന സ്വാർത്ഥരായ മാതാപിതാക്കളെ അകറ്റി നിർത്താനും ബഹിഷ്കരിക്കാനും പൊതുസമൂഹം തയാറാകണം.

Church boycott in Kerala: Latin Catholic family with 3 kids assaulted, forced to live in lodge