ഡല്‍ഹി തിരഞ്ഞെടുപ്പില്‍ തന്റെ തന്ത്രങ്ങളും വിലയിരുത്തലും പാളിയെന്ന് അമിത് ഷാ

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ വിലയിരുത്തലുകളും കണക്ക് കൂട്ടലും തെറ്റിയെന്ന് സമ്മതിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. ഗോലി മാരോ, ഇന്തോ- പാക് മാച്ച് തുടങ്ങിയ പ്രചാരണങ്ങള്‍ ബി ജെ പി ഒഴിവാക്കേണ്ടതായിരുന്നു. പാര്‍ട്ടി നേതാക്കള്‍ നടത്തിയ ഇത്തരം വിദ്വേഷ പ്രപചാരണങ്ങള്‍ തിരിച്ചടിയായെന്നും അമിത് ഷാ പറഞ്ഞു. ഡല്‍ഹിയില്‍ ടൈംസ് നൗ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ഇത്തരം വിദ്വേഷ പ്രപചാരണങ്ങളില്‍ നിന്ന് പാര്‍ട്ടി നേതാക്കള്‍ മാറിനില്‍ക്കണം. തന്റെ വിലയിരുത്തല്‍ തെറ്റി. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിജയിക്കാന്‍ വേണ്ടി മാത്രമല്ല. ബി ജെ പിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ കൂടിയാണെന്നും അമിത് ഷാ പറഞ്ഞു.

പൗരത്വ നിയമത്തിന് എതിരായ സമരങ്ങള്‍ മാത്രമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അനുകൂല പ്രകടനങ്ങള്‍ മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് താനുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും തന്റെ ഓഫീസുമായി ബന്ധപ്പെട്ട് സമയം ചോദിക്കാം. മൂന്ന് ദിവസത്തിനകം ചര്‍ച്ചയ്ക്ക് സമയം അനുവദിക്കുന്നതായിരിക്കുമെന്നും അമിത് ഷാ പറഞ്ഞു. 

അതേസമയം ദേശീയ പൗരത്വ രജിസ്റ്റര്‍ ദേശവ്യാപകമാക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു. അക്രമ പ്രവര്‍ത്തനങ്ങള്‍ യാതൊരു തരത്തിലും അംഗീകരിക്കാനാകില്ല. ഇന്ത്യയിലെ മുസ്ലീങ്ങളുടെ പൗരത്വം എടുത്തുകളയാനുള്ള യാതൊരു നിര്‍ദ്ദേശവും പൗരത്വ നിയമ ഭേദഗതിയില്‍ ഉള്‍പ്പെടുന്നില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ചില ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസ്താവനകള്‍ തിരച്ചടിക്ക് കാരണമായിട്ടുണ്ടാകാമെന്ന് അമിത് ഷാ പറഞ്ഞു. എന്നാല്‍ ഒരു വ്യക്തിയുടെ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പാര്‍ട്ടിയെ വിലയിരുത്തരുതെന്നും അമിത് ഷാ പറഞ്ഞു.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് എട്ട് സീറ്റില്‍ മാത്രമേ വിജയം നേടാനായുള്ളൂ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് ലോക്‌സഭാ സീറ്റിലും വിജയിച്ച ബി.ജെ.പി ഭരണം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് മത്സര രംഗത്ത് ഇറങ്ങിയത്. എന്നാല്‍ കടുത്ത സാമുദായിക ധ്രവീകരണം ലക്ഷ്യമിട്ട് നടത്തിയ തിരഞ്ഞെടുപ്പ് പ്രചരണവും ബി.ജെ.പിക്ക് ഗുണം ചെയ്തില്ല. മാത്രമല്ല കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബി.ജെ.പിയുടെ വോട്ടിംഗ് ശതമാനത്തില്‍ കുറവുണ്ടാകുകയും ചെയ്തു.

കശ്മീരില്‍ ഇപ്പോള്‍ സ്ഥിതി ശാന്തമാണ്. ആര്‍ക്കുവേണമെങ്കിലും കശ്മീരില്‍ പോകാം. അവിടെ പോയി സമാധാനം തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതാണ് നിലവിലെ പ്രശ്‌നമെന്നും അമിത് ഷാ പറഞ്ഞു.