കോതമംഗലം പള്ളിത്തര്‍ക്കം; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം; വിധി നടപ്പാക്കാന്‍ കഴിയില്ലെങ്കില്‍ കോടതിയെ അറിയിക്കണം

കോതമംഗലം പള്ളി ഏറ്റെടുക്കാന്‍ വൈകുന്നതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പള്ളി ഏറ്റെടുത്ത് കൈമാറണം എന്ന ഉത്തരവ് നടപ്പാക്കാത്തത് അംഗീകരിക്കാനാവില്ലെന്നും വിധി നടപ്പാക്കാന്‍ കഴിയില്ലെങ്കില്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കണമെന്നും കോടതി പറഞ്ഞു.

മാത്രമല്ല ഈ മാസം 25 ന് കലക്ടര്‍ നേരിട്ട് ഹാജരാകണമെന്നുംപള്ളി ഏറ്റെടുക്കാനുള്ള തീരുമാനം എങ്ങനെയാണ് നടപ്പാക്കാന്‍ പോകുന്നതെന്ന് വിശദീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.കോതമംഗലം ചെറിയ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് നടപ്പാക്കാത്തത് ചോദ്യം ചെയ്താണ് ഓര്‍ത്തഡോക്സ് വിഭാഗം ഹര്‍ജി സമര്‍പ്പിച്ചത്.

ഓര്‍ത്തഡോക്സ് വൈദികന്‍ തോമസ് പോള്‍ റമ്പാന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആയിരുന്നു പള്ളിഭരണം എത്രയും വേഗം ഏറ്റെടുത്ത് കൈമാറണമെന്നും അല്ലെങ്കില്‍ കളക്ടര്‍ നേരിട്ട് ഹാജരാകാനും ഹൈക്കോടതി ഉത്തരവിട്ടത് എന്നാല്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് കളക്ടര്‍ നല്‍കിയ അപേക്ഷ പരിഗണിച്ച കോടതി വിധി നടപ്പാക്കാന്‍ സാവകാശം അനുവദിച്ചിരുന്നു.

സിംഗിള്‍ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണം എന്നാണ് സര്‍ക്കാര്‍ ആവശ്യം. ഉത്തരവിനെതിരെ സര്‍ക്കാരും യാക്കോബായ വിഭാഗവും സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിട്ടുണ്ട്. പള്ളിയും സ്വത്തുക്കളും ജില്ലാ കളക്ടര്‍ ഏറ്റെടുക്കാന്‍ സുപ്രീം കോടതിയുടെ വിധിയില്‍ നിര്‍ദേശമില്ലെന്നിരിക്കെ സിംഗിള്‍ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നാണ് സര്‍ക്കാര്‍ വാദം.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913