ലൈസന്‍സ് ഫീസ് അടയ്ക്കുന്നില്ല; നിയമത്തിന് ഈ രാജ്യത്ത് ഒരു വിലയുമില്ലേ; കോടതികൾ അടച്ചുപൂട്ടണോ എന്ന് കേന്ദ്രത്തോട് കോടതി

കേന്ദ്ര സർക്കാറിന് നൽകാനുള്ള പിഴത്തുക അടക്കാത്ത വോഡാഫോൺ-ഐഡിയ, ഭാരതി എയർടെൽ അടക്കമുള്ള ടെലികോം കമ്പനികൾക്കെതിരെ നടപടിയെടുക്കാത്തതിൽ കേന്ദ്രസർക്കാരിനെതിരെയും ടെലിക്കോം കമ്പനികൾക്കെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ച് സുപ്രീം കോടതി. കോടതിയിൽ അടുത്ത വാദം കേൾക്കുന്നതിന് മുമ്പ് പിഴത്തുക അടച്ചു തീർക്കണമെന്ന് ജസ്റ്റിസ് അരുൺ മിശ്ര ഉത്തരവിട്ടു. മാത്രമല്ല, ഇക്കാര്യത്തിൽ വീഴ്ച വരുത്തിയ ടെലികോം കമ്പനി മേധാവികളോട് വിശദീകരണം നൽകാനും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാൻ വേണ്ടിയാണ് കോടതി ഇത് സംബന്ധിച്ച് ഇവർക്ക് നോട്ടീസ് അയച്ചത്.

സർക്കാരിന് ലഭിക്കാനുള്ള പിഴത്തുക പിരിച്ചെടുക്കാത്തത് ഉദ്യോഗസ്ഥ വീഴ്ചയാണെന്നും ഇക്കാര്യം സംബന്ധിച്ച് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കേന്ദ്ര സർക്കാറിനോട് സുപ്രീംകോടതി ചോദിച്ചു. ഈ നാട്ടിൽ ഒരു നിയമവും നിലനിൽക്കുന്നില്ലേ എന്നും എന്ത് അസംബന്ധമാണ് ഇവിടെ നടക്കുന്നതെന്നും സുപ്രീംകോടതി അടച്ചു പൂട്ടണമോ എന്നും കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചു. ഇവിടെ നടക്കുന്നത് പണാധിപത്യമല്ലാതെ മറ്റെന്താണെന്നും കോടതി കേന്ദ്രത്തോട് ആരാഞ്ഞു. ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തേണ്ടിവരുമെന്നും കുറ്റക്കാർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടി വരുമെന്നും ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി. കേന്ദ്രത്തിന്റെ ഉദ്യോഗസ്ഥന് കോടതി ഉത്തരവ് സ്റ്റേ ചെയ്യാനുള്ള അധികാരമുണ്ടോ എന്നും കോടതി ചോദിച്ചു.

ഭാരതി എയർടെൽ, വോഡാഫോൺ-ഐഡിയ എന്നിവരെ കൂടാതെ അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസ്, ടാറ്റാ ടെലിസർവീസസ് എന്നിവറം പിഴത്തുകയിൽ ഇളവ് നൽകണമെന്ന് അപേക്ഷിച്ചുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചത്. എയർടെൽ 21,682.13 കോടിയും വോഡാഫോൺ 19,823.71 കോടിയും റിലയൻസ് കമ്യൂണിക്കേഷൻസ് 16,456.47 കോടിയും ബി.എസ്.എൻ.എൽ 2,098.72 കോടിയും എം.ടി.എൻ.എൽ 2,537.48 കോടിയുമാണ് പിഴയായി അടയ്ക്കാനുള്ളത്. പിഴത്തുകയായ 1.5 ലക്ഷം കോടി രൂപ ടെലികോം കമ്പനികൾ അടക്കണമെന്ന് കഴിഞ്ഞ ഒക്ടോബർ 24ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ജനുവരി 23 ആണ് പിഴത്തുക ഒടുക്കാനായി കോടതി നിർദ്ദേശിച്ച അവസാന തീയതി.

What should shutdown the Court? Don’t we have any value?: SC criticised the Centre