ആപ്പിൻ്റെ വിജയം: എവിടേയും തൊടാതെയുള്ള ആ ഉരുണ്ടു കളിക്കുള്ള സമ്മാനവുമാവാം?

ഗഫൂർ കൊടിഞ്ഞി

ഡൽഹിയിൽ ആപ്പിന്റെ വിജയത്തിൽ അർമാദിക്കുന്നവർ ഇത് കൂടി അറിയുക. അരവിന്ദ് കജരിവാൾ കാശ്മീർ പ്രശ്നത്തിൽ സ്വീകരിച്ച നിലപാടിനുള്ള വോട്ടാവാം അദ്ദേഹത്തിന് ലഭിച്ചത്?

പൗരത്വ വിഷയത്തിൽ എവിടേയും തൊടാതെയുള്ള ആ ഉരുണ്ടു കളിക്കുള്ള സമ്മാനവുമാവാം ഈ വിജയം ?

ആഴ്ചകളായി ഷഹീൻ ബാഗിൽ ഊണുറക്കമില്ലാതെ ഭരണഘടന സംരക്ഷിക്കാൻ നടത്തുന്ന സമരത്തെ കണ്ടില്ലെന്ന് നടിച്ചെന്ന് മാത്രമല്ല ആ സമരത്തെ ചില ആപ്പ് നേതാക്കൾ തള്ളിപ്പറഞ്ഞു. ഇതിനെല്ലാം ലഭിച്ച ഉപഹാര വുമാകാം ഡൽഹി അധികാരക്കസേര.

പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചോ അതിനെ ചോദ്യംചെയ്ത് രാജ്യത്താകെ നടക്കുന്ന സമരങ്ങളെക്കുറിച്ചോ അരവിന്ദ് കെജ്‌രിവാള്‍ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഒന്നും പറഞ്ഞതുമില്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വീണ്ടും വിഭജിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നിയമവഴിയിലൂടെ നടപടികളെടുക്കുന്നതിനെ വിമര്‍ശിക്കുന്നത് ഭൂരിപക്ഷ മതത്തിന്റെ പിന്തുണ നഷ്ടമാകാന്‍ ഇടയാക്കുമെന്ന സംശയം എ എ പിക്കുണ്ടായിരുന്നുവെന്ന് തന്നെ കരുതണം. പ്രചാരണം അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങളില്‍ മാത്രമൊതുക്കാന്‍ കെജ്‌രിവാളും കൂട്ടരും തയ്യാറായത് അതുകൊണ്ടാണ്. വിജയശേഷമുള്ള പ്രതികരണങ്ങളില്‍ ദേശീയതയുടെയും ഹിന്ദുമതത്തിന്റെയും അംശങ്ങള്‍ കൃത്യമായി ചേര്‍ക്കാന്‍ കെജ്‌രിവാള്‍ തയ്യാറായതിന്റെ കാരണവും മറ്റൊന്നല്ല.

തന്നേയുമല്ല തൻ്റെ വിജയം ഹനുമാൻ സാമിക്ക് നിവേദിക്കുക വഴി അദ്ദേഹവും മതരാഷ്ട്രീ യമാണ് പയറ്റുന്നത് എന്ന് വ്യക്തമാണ്. അഥവാ ബിജേപി നടത്തുന്ന വർഗ്ഗീയ അജണ്ടയിൽ നിന്ന് പങ്ക് പറ്റാനാണ് കെജരിവാളും ശ്രമിക്കുന്നത് എന്നർത്ഥം.

ചുരുക്കത്തിൽ മൃദു വർഗ്ഗീയം കളിച്ച് നേടിയ ഈ നേട്ടം ഇന്ത്യക്ക് ഒരു പ്രതീക്ഷയും നൽകുന്നില്ല എന്നതല്ലേ സത്യം? വര്‍ഗീയ അജന്‍ഡകളിലൂടെ ജനത്തെ ഭിന്നിപ്പിക്കാനുള്ള സംഘ്പരിവാര ശ്രമത്തെ തുറന്നുകാട്ടി, മതനിരപേക്ഷ ജനാധിപത്യത്തിന്റെ തുടര്‍ച്ച ഓരോരുത്തരുടെയും സ്വാതന്ത്ര്യത്തിന് അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തി തിരഞ്ഞെടുപ്പ് വിജയം നേടുമ്പോള്‍ മാത്രമേ സമകാലിക ഇന്ത്യയില്‍ യഥാര്‍ഥത്തിലുള്ള രാഷ്ട്രീയ വിജയമുണ്ടാകുകയുള്ളൂ. 

ഇന്ന് ഇന്ത്യ നേരിടുന്ന പ്രശ്നത്തിന് ഏത് തരം വർഗ്ഗീയതയോടും സമരസപ്പെട്ട ഒരു നിലപാട് പ്രശ്നങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കാനേ ഉപകരിക്കൂ. വിഷയത്തെ കേവലം തിരഞ്ഞെടുപ്പ് രാഷ്ട്രീയ ത്തിലൂടെ മാത്രം കാണുന്നവർ ഒരു പക്ഷെ ഇത് അംഗീകരിക്കണമെന്നില്ല.

ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുകയും അതിന്റെ ഫലം ജനങ്ങള്‍ക്ക് അനുഭവവേദ്യമാകുകയും ചെയ്യുമ്പോള്‍, ഭരണത്തുടര്‍ച്ച അവരാഗ്രഹിക്കും. വര്‍ഗീയവിഷം വമിപ്പിക്കുന്ന പ്രചാരണങ്ങളിലൂടെ വികാരമുണര്‍ത്താനുള്ള ശ്രമത്തെ ജനം തള്ളിക്കളയുകയും ചെയ്യും. അതുപക്ഷേ, എല്ലായിടത്തും ആവര്‍ത്തിക്കാനിടയുള്ള ഒന്നാണെന്ന് പറയാനാകില്ല.

അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങളില്‍ ജനം വിശ്വാസമര്‍പ്പിക്കുന്നുവെന്ന് ഉറപ്പുണ്ടായിരിക്കെ, സംഘ്പരിവാരത്തിനു മേലുള്ള രാഷ്ട്രീയ വിജയത്തിന് കൂടി അരവിന്ദ് കെജ്‌രിവാളിനും എ എ പിക്കും ശ്രമിക്കാമായിരുന്നു. അതുണ്ടായില്ല എന്നതാണ് എ എ പിയുടെ വിജയത്തിന്റെ മാറ്റുകുറക്കുന്നത്, ബി ജെ പിയുടെ പരാജയത്തിന്റെ കനം കുറക്കുന്നതും.

തീവ്ര ഹിന്ദുത്വത്തെ തോല്‍പ്പിക്കാന്‍ മൃദു ഹിന്ദുത്വത്തെക്കൂടി ആയുധമാക്കുകയും അതിനായി രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന ആശങ്കകളോട് മുഖംതിരിച്ചു നില്‍ക്കുകയും ചെയ്യുമ്പോള്‍, പ്രത്യേകിച്ചൊരു തിരഞ്ഞെടുപ്പില്‍, മതനിരപേക്ഷ ചേരിയുടെ കരുത്ത് രാജ്യത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കാനുള്ള അവസരം കളഞ്ഞുകുളിക്കുകയാണ് ചെയ്യുന്നത്. അതാണ് ബി ജെ പിയുടെ വലിയ തോല്‍വി നല്‍കുന്ന ആശ്വാസത്തിനൊപ്പം ഡല്‍ഹി ഫലമുണ്ടാക്കുന്ന അസ്വസ്ഥത.

രാജ്യത്ത് വലിയ ശക്തിയായിരുന്ന കാലത്ത്, മൃദു ഹിന്ദുത്വ നിലപാടുകളിലൂടെ കോണ്‍ഗ്രസ് അധികാരത്തുടര്‍ച്ച ഉറപ്പാക്കിയിരുന്നത് തീവ്ര ഹിന്ദുത്വത്തിന്റെ വളര്‍ച്ചക്ക് ഏതളവിലാണോ സംഭാവന നല്‍കിയത്, അതിന്റെ അനുരണനങ്ങള്‍ക്കുള്ള സാധ്യത ശേഷിപ്പിക്കുന്നു കെജ്‌രിവാളും എ എ പിയും.

മതനിരപേക്ഷതയിൽ ഊന്നി നിന്ന് മത്സരിച്ച കോൺഗ്രസിനും മാർക്സിസ്റ്റ് പാർട്ടികൾക്കും ലഭിച്ച വോട്ട് നിരീക്ഷിച്ചാൽ തന്നെ ഇത് ബോധ്യമാകും. എന്ന് വെച്ചാൽ ഇനിയുള്ള കാലത്ത് ഏത് രാഷട്രീയ കക്ഷികൾക്കും പിടിച്ചു നിൽക്കണമെങ്കിൽ അല്പം വർഗീയമസാല അരച്ച് ചേർത്താലേ മുന്നോട്ട് നീങ്ങാനാവൂ എന്നർത്ഥം.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913