ബഹ്റയ്ക്കു പിന്നിലെ അദൃശ്യ കരങ്ങൾ: ഇദ്ദേഹത്തെ എന്തിനാണ് മുഖ്യമന്ത്രിയും സി പി എമ്മും പിന്തുണയ്ക്കുന്നത്?

റോയി മാത്യു

പൊലീസും കെൽട്രോണും സ്വകാര്യ കമ്പനികളുമായുള്ള അവിശുദ്ധ ബന്ധത്തിൽ സർക്കാരിനു നഷ്ടം സംഭവിച്ചതായി സിഎജി…. ഒരു സ്വകാര്യ കമ്പിനിക്കു വേണ്ടി പോലീസ് മേധാവി ബഹ്റ കളത്തിലിറങ്ങിക്കളിച്ചുവെന്നാണ് സിഎജിയുടെ കണ്ടെത്തൽ.ഇത്ര ഗുരുതരമായ ക്രമക്കേടുകൾ നടത്തിയ ഇദ്ദേഹത്തെ എന്തിനാണ് മുഖ്യമന്ത്രിയും സി പി എമ്മും പിന്തുണയ്ക്കുന്നത്?

ഒരു പുസ്തകമെഴുതി എന്ന് പറഞ്ഞ് ഡിജി പി. ജേക്കബ് തോമസിനെ ഒന്നര വർഷം സർവ്വീസിന് പുറത്ത് നിർത്തിയ മുഖ്യമന്ത്രിയാണ് ബഹ്റയെ തന്റെ ചിറകിൻ കീഴിൽ ഒതുക്കി നിർത്തി സംരക്ഷിക്കുന്നത്!

സി എ ജി റിപ്പോർട്ടിനെ വേദ വാക്യം പോലെ കരുതി രാഷ്ടീയ ശത്രുക്കൾക്കെതിരെ ആയുധമായി ഉപയോഗിച്ച മാർക്സിസ്റ്റ് പാർട്ടി ഇപ്പോൾ സി എ ജി റിപ്പോർട്ടിനെക്കുറിച്ച് ചോദിക്കുമ്പോൾ ജബ .. ജബ . ..

ഉപകരണങ്ങൾ വാങ്ങിയതിലെ ക്രമക്കേടിനെക്കുറിച്ചും ബഹ്റയുടെ ഇടപെടലിനെക്കുറിച്ചും സി എ ജി റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ …:
(പേജ് 36 – 40)

2, 14, 2, വോയ്സ് ലോഗ്ഗർ സിസ്റ്റത്തിന്റെ സംഭരണം

30 വോയിസ്സ് ലോഗൻ (യൂണിറിന് 3 ലക്ഷം വീതം) വാങ്ങാൻ വേണ്ടി 90 ലക്ഷത്തിന്റെ അനുമതി ഉണ്ടെന്നും അത് സംഭരിച്ച് നൽകുന്നതിനുളള ഒരു ടെക്നോ കമേഴ്ഷ്യൽ നിർദ്ദേശം കെൽട്രോൺ നൽകണമെന്നും പോലീസ് വകുപ്പ് കെൽട്രോണിനെ അറിയിച്ചു (2016 ജനവരി). യൂണിറ്റിന് 3.07 ലക്ഷം വച്ച് അഞ്ച് യൂണിറ്റുകൾ നൽകാമെന്ന് സമ്മതിച്ച് ഒരു നിർദ്ദേശം കെൽട്രോൺ പോലീസ് വകുപ്പിന് നൽകി (2015 മാർച്ച്). പരസ്പര ധാരണയിലെത്തി യൂണിറ്റിന് 3 ലക്ഷം എന്ന നിരക്കിൽ പോലീസ് വകുപ്പ് കെൽട്രോണിന്റെ നിർദ്ദേശം സ്വീകരിച്ചു. തുടർന്ന് പോലീസ് വകുപ്പ് 10 യൂണിറ്റ് വോയ്സ് ലോഗ്ഗറുകൾ 30 ലക്ഷത്തിന് വിതരണം ചെയ്യാനുള്ള വർക്ക് ഓർഡർ കെൽട്രോണിന് നൽകി (2015 എപിൽ ). കെൽട്രോൺ ഉൽപന്നം നൽകുകയും 30 ലക്ഷത്തിന്റെ ഇൻവോയ്സ് 2015 ആഗസ്റ്റ് 31 ന് പോലീസ് വകുപ്പിന് സമർപ്പിക്കുകയും ചെയ്തു. ഉപകരണം സ്ഥാപിച്ചതിനുശേഷം 2016 ജനുവരി 16-ന് പൂർത്തിയാക്കൽ സർട്ടിഫിക്കറ്റ് പോലീസ് വകുപ്പിന് നൽകുകയും ചെയ്തു. പ്രതിഫലമായി 30 ലക്ഷം 2016 സെപ്റ്റംബറിൽ കെൽട്രോണിന് നൽകി.

വോയിസ് ലോഗറുകൾ സംഭവിച്ചത് മിതവിലയ്ക്കും സുതാര്യമായ രീതിയിലുമാണോ എന്നറിയാൻ കെൽട്രോൺ സൂക്ഷിച്ചിരുന്ന രേഖകൾ ഓഡിറ്റ് പരിശോധിക്കുകയുണ്ടായി. അതിൽ നിന്നും അതിൽ നിന്നും പോലീസ് വകുപ്പിൽ നിന്ന് കമേഴ്ഷ്യൽ നിർദ്ദേശത്തിനുള്ള അഭ്യർത്ഥന ലഭിച്ചശേഷം കെൽട്രോൺ മെസേർസ് തേഡ് എന്റിറ്റി സെക്യൂരിറ്റി സൊല്യൂഷൻസ് പ്രെെവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്ന് യൂണിറ്റിന് വില 2.60 ലക്ഷം വച്ച് 30 എണ്ണം എട്ട്-പോർട്ട് വോയസ് ലോഗ്ഗറുകൾ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷനുകൾ കരസ്ഥമാക്കിയിരുന്നു (2015 ഫെബ്രുവരി 27) എന്ന് കണ്ടു. യൂണിറ്റിന് വില 2.07 ലക്ഷത്തിന് വോയ്സ് ലോഗറുകൾ വിതരണം ചെയ്യാനുള്ള ഒരു പുതുക്കിയ നിർദ്ദേശവും അവരിൽ നിന്ന് കെൽട്രോണിന് ലഭിച്ചിരുന്നു. ഈ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് 30 വോയ്സ് ലോഗ്ഗറുകൾ യൂണിറ്റിന് 3.07 ലക്ഷം വിലയ്ക്ക് വിതരണം ചെയ്യാമെന്ന നിർദ്ദേശം കെൽട്രോണും സമർപ്പിച്ചത് (2015 മാർച്ച്).

എഡിജിപി (നവീകരണം) തനിക്ക് മെസേർസ് ലോ അബെെഡിംഗ് ടെക്സനോളജീസ് (എൽഎറ്റി) ന്യൂഡൽഹിയിൽ നിന്നും ലഭിച്ച (2015 മാർച്ച് 07) 8-ചാനൽ വോയ്സ് ലോഗ്ഗറിന് യൂണിറ്റ് വില നികുതി ഒഴിച്ച് 1.72 ലക്ഷം എന്ന നിരക്കിൽ ഒരു വാണിജ്യ നിർദ്ദേശം അടങ്ങിയ ഒരു ഇ മെയിൽ കെൽട്രോണിന്റെ രേഖകളിൽ നിന്നും ഓഡിറ്റ് കണ്ടെത്തി. കെൽട്രോൺ മുന്നോട്ടു വച്ച നിരക്കുകൾ സാധാരണ വിപണി വിലയേക്കാൾ കൂടുതലായതിനാൽ സ്വീകാര്യമല്ലെന്നും കെൽട്രോണിനെ അറിയിച്ചിരുന്നു (2015 മാർച്ച് 09).

കെൽട്രോൺ പിന്നീട് എൽഎറ്റിയിൽ നിന്ന് ഒന്നു മുതൽ അഞ്ചുവരെ യൂണിറ്റ് 16-ചാനൽ വോയ്സ് ലോഗ്ഗറുകൾ യൂണിറ്റിന് നികുതി ഒഴിച്ച് 2.40 ലക്ഷം വിലയും ഒരു വർഷത്തെ വാറന്റിയും ഉൾപ്പെടെ വിതരണം ചെയ്യുന്നതിനുള്ള ഒരു വാണിജ്യ നിർദ്ദേശം വാങ്ങി എന്ന് ഓഡിറ്റ് നിരീക്ഷിച്ചു. അതനുസരിച്ച് കെൽട്രോൺ പോലീസ് വകുപ്പിന് വോയ്സ് ലോഗ്ഗറുകൾ യൂണിറ്റിന് 3.07 ലക്ഷം നിരക്കിൽ വിതരണം ചെയ്യാം എന്ന് സമ്മതിച്ചുകൊണ്ട് ഒരു പുതുക്കിയ നിർദ്ദേശം സമർപ്പിച്ചു. പോലീസ് വകുപ്പ് കൂടിയാലോചനവഴി യൂണിറ്റിന് 3 മൂന്ന് ലക്ഷത്തിന് സമ്മതിച്ച് കെൽട്രോണിന്റെ നിർദ്ദേശം സ്വീകരിക്കുകയും 30 ലക്ഷത്തിന് 10 യൂണിറ്റുകൾ നൽകാനായി കെൽട്രോണിന് വിതരണ ഉത്തരവ് നൽകുകയും ചെയ്തു (2015 മാർച്ച്). ഉപകരണങ്ങൾ എത്തിച്ചു കൊടുക്കുകയും (2016 ജനുവരി) 2016 സെപ്റ്റംബറിൽ വില നൽകുകയും ചെയ്തു.

എഡിജിപി (നവീകരണം)യിൽ നിന്ന് എൽഏറ്റിയുടെ വാണിജ്യ നിർദ്ദേശം ലഭിച്ചു കഴിഞ്ഞതിനുശേഷം കെൽട്രോൺ വോയ്സ് ലോഗ്ഗറുകൾ വിതരണം ചെയ്യാനായി ആദ്യം കണ്ടെത്തിയ മെസേർസ് തേഡ് എന്റിറ്റി സെക്യൂരിറ്റി സൊല്യൂഷൻസ് പ്രെെവറ്റ് ലിമിറ്റഡ് എന്ന വില്പനക്കാരെ ഉപേക്ഷിച്ചു കളഞ്ഞു എന്ന് ഓഡിറ്റ് നിരീക്ഷിച്ചു. എൽഎറ്റിയുമായി അവർ കൂടിയാലോചന തുടങ്ങുകയും വ്യവസ്ഥകൾക്ക് അന്തിമ രൂപം നൽകുകയും ചെയ്തു. എൽഎറ്റിയുമായി വ്യാപാര ഇടപാട് ഉറപ്പിക്കുന്നതിന് മുമ്പ് ആദ്യത്തെ വിൽപ്പനക്കാരായ മെസേർസ് തേഡ് എന്റിറ്റി സെക്യൂരിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഉൾപ്പെടെയുള്ള മറ്റ് വില്പ്പനക്കാരിൽ നിന്ന് മത്സരസ്വഭാവമുള്ള നിരക്കുകൾ ലഭ്യമാക്കുന്നതിന് കെൽട്രോൺ ഒരു ശ്രമവും നടത്തിയില്ല.

കെൽട്രോൺ വോയ്സ് ലോഗ്ഗറുകൾ പോലീസ് വകുപ്പിന് നൽകിയത് വകുപ്പ് അതിനുവേണ്ടി വക കൊള്ളിച്ച് അവരെ അറിയിച്ച അതേ തുകയ്ക്ക് തന്നെയാണ് എന്ന് കണ്ടു. സുതാര്യതയും ലേലത്തിൽ പങ്കെടുക്കാൻ എല്ലാവർക്കും തുല്യ അവസരവും ഉറപ്പുവരുത്തുന്നതിനായി പൊതുസംഭരണം നടത്തുന്നത് തുറന്ന/ നിയന്ത്രിത ദർഘാസ് വഴി മാത്രം ആയിരിക്കണം എന്ന സ്റ്റോഴ്സ് പർച്ചേസ് മാനുവൽ/ കേന്ദ്രവിജിലൻസ് കമ്മീഷൻ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടു. ബന്ധപ്പെട്ട നിയമ വ്യവസ്ഥകൾ പാലിച്ചാണ് നടപടിക്രമങ്ങൾ നടത്തിയതെന്ന് സ്ഥിരീകരിച്ചാലെ പണം കൊടുക്കാവൂ എന്ന വർക്ക് ഓർഡറിലെ വ്യവസ്ഥ കെൽട്രോൺ പാലിക്കാതിരുന്നിട്ടും, കെൽട്രോൺ വ്യവസ്ഥ നിറവേറ്റി എന്ന് തെറ്റായി എസ്പിസി സർക്കാരിനെ അറിയിച്ചു (2016 മേയ്). പൊതുസംഭരണത്തിന് കേന്ദ്ര വിജിലൻസ് കമ്മീഷൻ നിർബന്ധമാക്കിയിട്ടുള്ള വ്യവസ്ഥകളൊന്നും പാലിക്കാതെ വോയ്സ് ലോഗ്ഗറുകളുടെ സംഭരണത്തിൽ എഡിജിപി (നവീകരണം), എൽഎറ്റി, കെൽട്രോൺ എന്നിവരുടെ അവിശുദ്ധ കൂട്ടുകെട്ട് സംഭരണ പ്രക്രിയ നിഷ്ഫലമാക്കി.

കെൽട്രോണിന്റെ അംഗീകൃത ടിഎസ്പി ചാർജ്ജിനുമുകളിൽ അവർ നേടിയ ലാഭം തിരിച്ചടയ്ക്കാൻ അവർക്ക് നിർദ്ദേശം നൽകുമെന്നും അങ്ങനെ ചെയ്തില്ലെങ്കിൽ അവർക്ക് കൊടുക്കാനുള്ള പണത്തിൽ നിന്ന് കുറവു ചെയ്യുമെന്നും കേരള സർക്കാർ (2019 മേയ്) പ്രസ്താവിച്ചു. ദർഘാസ് വിളിക്കാതിരിക്കാനുള്ള കാരണം ഫയലിൽ വ്യക്തമാക്കിയിട്ടുണ്ടായിരുന്നെന്നും അത് ഒരു നിരീക്ഷണ ഉപകരണം എന്ന നിലയിൽ അതിന്റെ രഹസ്യസ്വഭാവം കണക്കിലെടുത്തായിരുന്നു എന്നും ഓഡിറ്റിനെ അറിയിച്ചു.

ഈ മറുപടി നിലനിൽക്കുന്നതല്ല കാരണം ഓഡിറ്റ് ഫയലിൽ അത്തരമൊരു കുറിപ്പ് കണ്ടിരുന്നില്ല. യഥാർത്ഥത്തിൽ ഒരു കത്തിൽ (2015 മാർച്ച് 09) എസ്പിസി കെൽട്രോണിനെ അറിയിച്ചതിപ്രകാരമാണ് “ന്യായമായ നിരക്കു നിർദ്ദേശിക്കുക വഴി ഒരു തൃപ്തികരമായ പരിഹാരം ഉണ്ടായില്ലെങ്കിൽ ഇതിന്റെ വാങ്ങലിനായി പോലീസ് ആസ്ഥാനം ഈ ഏർപ്പാടിന്റെ രഹസ്യം സ്വഭാവം പരിഗണിച്ച് ഒരു നിയന്ത്രിത ദർഘാസിലേക്കു പോകാൻ നിർബന്ധിതമാകും.”

കെൽട്രോണിന് ഈ കത്തയച്ച ദിവസം തന്നെയാണ് എൽഎറ്റിയിൽ നിന്നു എഡിജിപി (നവീകരണ) ത്തിന് ലഭിച്ച വാണിജ്യ നിർദ്ദേശം കെൽട്രോണിന് അയച്ചത് എന്നത് രസകരമാണ്. സംഭരണം നിയന്ത്രിത ദർഘാസ് വഴി വേണമെന്നും കെൽട്രോൺ മുന്നോട്ടുവച്ച നിരക്ക് കൂടുതലാണെന്നും അറിയാമായിരുന്നിട്ടും സംഭരണം കെൽട്രോൺ വഴി വേണമെന്ന എസ്പിസിയുടെ നിർബന്ധ ബുദ്ധി, പ്രക്രിയയിലെ സംശയകരമായ ഉദ്ദേശ്യങ്ങളെയ സുതാര്യതയുടെ അഭാവത്തെയുമാണ് കാണിക്കുന്നത്.

2.14.3. വാഹനത്തിൽ ഘടിപ്പിച്ച് എക്സറേ ബാഗേജ് ഇൻസ്പെക്ഷൻ സിസ്റ്റത്തിന്റെ സംഭരണം. 2014-15-ലെ എഎപിയിൽ പോലീസ് വകുപ്പിനു വാഹനത്തിൽ ഘടിപ്പിക്കാവുന്ന രണ്ടു എക്സറേ ബാഗ്​ഗേജ് ഇൻസ്പെക്ഷൻ സിസ്റ്റം വാങ്ങുന്നതിന് 1.95 കോടി അനുവദിച്ചിരുന്നു. 2014 ഡിസംബറിൽ കേരളസർക്കാർ അത് വാങ്ങുന്നതിനുള്ള ഭരണാനുമതി നൽകി. അതനുസരിച്ച് എസ്പിസി നിലവാരമുള്ള ഉൽപാദകർ/ അംഗീകൃത വ്യാപാരികൾ എന്നിവരിൽ നിന്ന് വാഹനത്തിൽ ഘടിപ്പിച്ച എക്സ്റേ ബാഗേജ് ഇൻസ്പെക്ഷൻ സിസ്റ്റം വിതരണം നടത്തി, സ്ഥാപിച്ച് പ്രവർത്തനക്ഷമമാക്കി നൽകുന്നതിനായി ഓൺലൈൻ ബിഡുകൾ ക്ഷണിച്ചു (2015 മാർച്ച്). ഇതിനിടെ എസ്പിസി എക്സ്റേ ബാഗേജ് സിസ്റ്റം ഘടിപ്പിക്കുന്നതിന് രണ്ടു ഫോഴ്സസ് ട്രാവലർ 20 സീറ്റർ വാഹനങ്ങൾ 17.18 ലക്ഷത്തിന് ഡിജിഎസ്&ഡി നിരക്കിൽ വാങ്ങി (2015 മേയ്).

സാധുവായ ഒരു ബിഡ് മാത്രം (മെസേർസ് ഇസിഐൽ റാപ്പിസ്കാൻ ലിമിറ്റഡ്) ലഭിച്ചതുകാരണം എക്സ്റേ ബാഗേജ് സിസ്റ്റം വാങ്ങുന്നതിനുവേണ്ടി ഇറക്കിയ ദർഘാസ് റദ്ദു ചെയ്തു (2015 ഏപ്രിൽ). എക്സറേ ബാഗേജ് സിസ്റ്റം വാങ്ങുന്നതിന് വീണ്ടും (2015 ജൂൺ) ദർഘാസ് പുറപ്പെടുവിച്ചു. നാലു വ്യവസായ സ്ഥാപനങ്ങളുടെയും (മെസേർസ് ഇസിഐൽ റാപ്പിസ്കാൻ ലിമിറ്റഡ് ഹൈദരബാദ് ഉൾപ്പെടെ) ഫിനാൻഷ്യൽ ബിഡ് തുറന്നില്ല കാരണം അവരൊന്നും ടെക്നിക്കൽ ഇവാല്യൂഷൻ കമ്മിറ്റിക്കു മുമ്പാകെ വാഹനത്തിൽ ഘടിപ്പിച്ച സ്കാനേഴ്സ് ഹാജരാക്കിയില്ല. എക്സ്റേബാഗേജ് സിസ്റ്റം വാങ്ങുന്നതിനായി എസ്പിസി വീണ്ടും ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചെങ്കിലും (2016 ഫെബ്രുവരി) കിട്ടിയ ഒരേ ഒരു ദർഘാസ് (മെസേർസ് ഇസിഐൽ റാപിസ്കാൻ ലിമിറ്റഡ്) മതിയായ ബിഡ്ഡർമാരില്ലെന്ന കാരണത്താൽ സ്വീകരിച്ചില്ല.

രണ്ടു വെഹിക്കിൾ മൗണ്ടഡ് എക്സറേ ബാഗേജ് സിസ്റ്റം വാങ്ങുന്നതിന് 1.95 കോടിയുടെ ലഭ്യതയുണ്ട് എന്നും എന്നാൽ ദർഘാസ് നൽകിയവർ ടെക്നിക്കൽ ഇവാല്യൂഷൻ കമ്മിറ്റി മുമ്പാകെ അവരുടെ ഉൽപന്നങ്ങൾ പ്രവർത്തിപ്പിച്ചു കാണിക്കാൻ പരാജയപ്പെട്ടതിനാൽ സംഭരണത്തിനു കഴിയുന്നില്ലെന്നും എസ്പി കെൽട്രോണിനെ അറിയിച്ചിരുന്നുവെന്ന (2017 ജനുവരി) വിവരം ഓഡിറ്റിന്റെ ശ്രദ്ധയിൽപ്പെട്ടു. വാഹനത്തിൽ ഘടിപ്പിച്ച രണ്ടു എക്സറേ ബാഗേജ് സിസ്റ്റങ്ങൾ 1.40 കോടിയ്ക്ക് നൽകി സജ്ജീകരിച്ചുകൊടുക്കാനായി വകുപ്പ് സ്വന്തം ചിലവിൽ ആ വാഹനങ്ങൾ മെസേർസ് ഇസിഐൽ റാപിസ്കാൻ ലിമിറ്റഡ്, ഹൈദരബാദിൽ രണ്ടു മാസത്തേക്ക് അയച്ച് അതിൻ ഫാബ്രിക്കേഷൻ ജോലി നടത്തണം എന്ന് ഒരു നിർദേശം കെൽട്രോൺ മമ്പോട്ടു വച്ചത് (2017 ഫെബ്രുവരി) വകുപ്പ് സ്വികരിച്ചു (2017 മാർച്ച്). നാല് മാസത്തിനകം പൂർത്തിയാക്കണമെന്ന് വ്യവസ്ഥയോടുകൂടി കരാറിൽ ഏർപ്പെട്ടു (2017 മാർച്ച്). കെൽട്രോൺ 2018 ആഗസ്റ്റിൽ വാഹനങ്ങൾ നൽകി.

എസ്പിസിയുടെ സംഭരണ രീതിയിൽ ഓഡിറ്റ് ക്രമക്കേടുകൾ കണ്ടു. ഓൺലൈൻ ദർഘാസ് രേഖകളുടെ 10-ാം ഉപഖണ്ഡം വ്യക്തമായി തറപ്പിച്ചു പറയുന്നത് ‘വ്യാപാരസ്ഥാപനങ്ങൾക്ക് ലൈവ് ഡെമോൺസ്ടേഷൻ നടത്താൻ സാധിക്കാതെ വന്നാൽ അവർ ടെക്നിക്കൽ ഇവാല്യുവേഷൻ കമ്മിറ്റിയെ കാരണം ബോദ്ധ്യപ്പെടുത്തേണ്ടതും ഡോക്യുമെന്ററി/ അസൽ ഉൽപന്ന ബ്രോഷറുകൾക്കൊപ്പം പവ്വർപോയിന്റ് അവതരണം/ സിഡികൾ/ സ്കെയിൽ മോഡലുകൾ/ വീഡിയോകൾ/ സ്ലെെഡ് ഷോകൾ മുതലായവയോടുകൂടി ടെക്നിക്കൽ ഇവാലുവേഷൻ കമ്മിറ്റിക്കു പൂർണ്ണമായി ബോദ്ധ്യപ്പെടുത്തുകയും വേണം.’ ടെക്നിക്കൽ ഇവാല്യുവേഷൻ കമ്മിറ്റി നൽകിയ റിപ്പോർട്ടനുസരിച്ച് (2015 ആഗസ്റ്റ്) ‘സ്ഥാപനങ്ങളൊന്നും വാഹനത്തിൽ ഘടിപ്പിച്ച സ്കാനറിന്റെ അസൽ ഹാജരാക്കിയില്ല. അവർ ബ്രോഷറുകൾ ഹാജരാക്കുകയും പവർപോയിന്റ അവതരണം നടത്തുകയും മാത്രമേ ചെയ്തുള്ളൂ. നേരിട്ട് കാണിച്ച് ബോദ്ധ്യപ്പെടുത്താതെ വാഹനത്തിൽ ഘടിപ്പിച്ച സ്കാനർ വിതരണം ചെയ്യാനുള്ള ഒരു സ്ഥാപനത്തിന്റെ കഴിവ് പവർപോയിന്റ് അവതരണത്തിലൂടെ മാത്രം ഫലപ്രദമായി വിലയിരുത്താൻ കഴിയില്ല എന്ന് സമർപ്പിക്കുന്നു.’

പവർപോയിന്റ് അവതരണം/ അസൽ ഉൽപന്നത്തിന്റെ ബ്രോഷർ/ സിഡി മുതലായവ മതിയാകുമെന്ന് ദർഘാസ് പ്രമാണങ്ങളിൽ അനുവദിച്ചിരുന്നിട്ടും നേരിട്ടുള്ള ബോദ്ധ്യപ്പെടുത്തൽ വേണമെന്ന ടെക്നിക്കൽ ഇവാലുവേഷൻ കമ്മിറ്റിയുടെ നിർബന്ധ ബുദ്ധി ക്രമരഹിതമായിരുന്നെന്ന് ഓഡിറ്റ് നിരീക്ഷിച്ചു. ദർഘാസ് സമർപ്പിച്ചവരിൽ, ഒരു കേന്ദ്രസർക്കാർ സംയുക്ത സംരംഭം ആയ ഇസിഐൽ റാപിസ്കാൻ ലിമിറ്റഡ് (ഐഎസ്ഒ 9001-2008 സർട്ടിഫൈഡ് കമ്പനി) എന്ന സ്ഥാപനമുണ്ടായിരുന്നു എന്നും അവരുടെ ബിഡ് എസ്പിസി മൂന്നു തവണ അതായത്, ഒറ്റ ബിഡ്ഡർ എന്ന നിലയിൽ രണ്ടു തവണയും ടെക്നിക്കൽ ഇവാലുവേഷൻ കമ്മിറ്റി മുമ്പാകെ നേരിട്ടുള്ള പ്രദർശനത്തിന് പകരം പവ്വർപോയിന്റ് അവതരണം എന്ന നിലയിൽ ഒരു തവണയും തള്ളിക്കളഞ്ഞിരുന്നു എന്നും ഓഡിറ്റ് കണ്ടു. നാമനിർദ്ദേശം വഴി കെൽട്രോണിനു പ്രവൃത്തി ലഭിക്കും മുമ്പ് പവ്വർപോയിന്റ് അവതരണം/ലൈവ് ഡെമോൺസ്റ്റേഷൻ അവർ നടത്തിയിരുന്നുവെന്നതിന് തെളിവൊന്നുമില്ല എന്നത് രസകരമാണ്. ടെക്നിക്കൽ കമ്മിറ്റി ദർഘാസുകൾ ക്രമവിരുദ്ധമായി നിരസിച്ചതു കാരണമാണ് പ്രവൃത്തി കെൽട്രോണിനു ലഭിച്ചത്. ഇസിഐൽ റാപിസ്കാൻ ലിമിറ്റഡ് എന്ന വിൽപനക്കാരനിൽ നിന്നു തന്നെയാണ് കെൽട്രോൺ ഉപകരണം വാങ്ങി പോലീസ് വകുപ്പിന് എത്തിച്ച് സജ്ജീകരിച്ചു കൊടുത്തത് എന്ന് ഓഡിറ്റ് നിരീക്ഷിച്ചു.

ഇസിഐൽ റാപിസ്കാൻ ലിമിറ്റഡിന്റെ ഫിനാൻഷ്യൽ ബിഡ് തുറക്കാതിരുന്നതിനാൽ പോലീസ് വകുപ്പ് ഇസിഐൽ റാപിസ്കാൻ ലിമിറ്റഡ് വഴി നേരിട്ടു പ്രവൃത്തി നടത്തിക്കാതെ കെൽട്രോൺ മുഖേന നടത്തിച്ചതു വഴി വന്ന നഷ്ടം വിലയിരുത്താൻ ഓഡിറ്റിനായില്ല. എന്നാൽ മുകളിൽ പറഞ്ഞ വസ്തുതകളുടെ വെളിച്ചത്തിൽ എസ്പിസി നാമനിർദ്ദേശ അടിസ്ഥാനത്തിൽ പ്രവൃത്തി കെൽട്രോണിനു നൽകിയത് യുക്തിക്കു നിരക്കാത്തതും സംശയാസ്പദവുമാണ് എന്ന് തീർച്ചയായും അനുമാനിക്കാവുന്നതാണ്.

അന്തിമകൂടിക്കാഴ്ചയിൽ (2019 ഏപ്രിൽ) എസ്പിസി പറഞ്ഞത് കെൽട്രോൺ ആദ്യം കോട്ട് ചെയ്തിരുന്ന വില രണ്ടു സിസ്റ്റത്തിനും കൂടി 140 ലക്ഷം ആയിരുന്നെങ്കിലും ടിഎസ്പിയുമായി ബന്ധപ്പെട്ട സർക്കാർ നിർദ്ദേശങ്ങൾക്കനുസരിച്ച് വകുപ്പ് കെൽട്രോണിനു കൊടുക്കേണ്ട വില കണക്കുകൂട്ടി ഉപകരണത്തിന്റെ വിലയും അനുബന്ധ ചെലവുകളും കൂടി ഏകദേശം 70 ലക്ഷം മാത്രം നൽകാനാണ് സമ്മതിച്ചിരുന്നത് എന്നാണ്. ഇക്കാര്യത്തിൽ വിലവർദ്ധന ശ്രദ്ധയിൽ പെട്ടെന്നും അതു കൈക്കൊണ്ടെന്നും കേരളസർക്കാർ പ്രസ്താവിച്ചു (2019 മേയ്). ടെക്നിക്കൽ ഇവാലുവേഷൻ കമ്മിറ്റി ലൈവ് ഡെമോൺസ്റ്റേഷൻ വേണമെന്ന നിർബന്ധിച്ചതിനെ സർക്കാർ ന്യായീകരിക്കുകയും ദർഘാസിൽ പങ്കെടുത്ത സ്ഥാപനങ്ങളൊന്നും ഇത്തരം ജോലിയിൽ മുൻപരിചയമുള്ളവരായിരുന്നില്ല എന്ന് പറയുകയും ചെയ്തു. ഈ മറുപടി ശരിയല്ല, എന്തെന്നാൽ കെൽട്രോണിന്റെ രേഖകൾ പരിശോധിച്ചപ്പോൾ വെളിപ്പെട്ടത് ഇസിഐൽ റാപിസ്കാൻ ലിമിറ്റഡ് “ഇസിഎൽ റാപിസ്കാൻ (റാപിസ്കാൻ ആർ ഏപി 620 എക്സ് ആർ) വാഹനത്തിൽ ഘടിപ്പിച്ച എക്സ്ബിഐഎസ് ബാഗേജ് സ്ക്രീനിംഗ് സിസ്റ്റം“ എന്ന പേരിൽ ഒരു അഡ്വാൻസ്ഡ് സെൽഫ് കണ്ടെയ്ൻഡ് മൊബൈൽ സ്കാനിംഗ് സിസ്റ്റം വികസിപ്പിച്ചെടുക്കുകയും വിൽപനയ്ക്ക് ലഭ്യമാക്കുകയും ചെയ്തു എന്നാണ്. കൂടാതെ, ടെക്നിക്കൽ ഇവാല്യുവേഷൻ കമ്മിറ്റിയുടെ മിനിറ്റ്സ് വെളിപ്പെടുത്തുന്നത്, ഇസിഐൽ റാപ്പിസ്കാൻ ലിമിറ്റഡ് നേരിട്ടുള്ള തെളിയിക്കൽ ഹൈദരാബാദിൽ നടത്താൻ തയ്യാറായിരുന്നു എന്നതാണ്.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913