അലന് എൽഎൽബി പരീക്ഷ എഴുതാന്‍ കണ്ണൂര്‍ സര്‍വകലാശാല അനുമതി നല്‍കി

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ കണ്ണൂര്‍ സര്‍വകലാശാല പാലയോട് ക്യാമ്പസിലെ വിദ്യാര്‍ത്ഥി അലന്‍ ഷുഹൈബിന് എല്‍.എല്‍.ബി പരീക്ഷ എഴുതാന്‍ സര്‍വകലാശാലയുടെ അനുമതി. സര്‍വകലാശാല അനുമതി നല്‍കിയാല്‍ അലന് പരീക്ഷ എഴുതാമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.എന്നാല്‍ ഹാജര്‍ നില കൂടി പരിശോധിച്ചാകും ഫലം പ്രഖ്യാപിക്കുകയെന്ന് സര്‍വകലാശാല വ്യക്തമാക്കിയിട്ടുണ്ട്. 

പരീക്ഷ എഴുതാന്‍ അനുമതി തേടി അലന്‍ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ ഹൈക്കോടതി കണ്ണൂര്‍ സര്‍വകലാശാലയുടെ വിശദീകരണം തേടുകയും തീരുമാനം എടുക്കാൻ 48 മണിക്കൂർ സമയം നൽകുകയും ചെയ്തിരുന്നു.

ഈ മാസം 18ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി പരീക്ഷ എഴുതാന്‍ അനുമതി തേടിയാണ് അലന്‍ കോടതിയെ സമീപിച്ചത്. മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതുന്നതില്‍ നിന്ന് സർവകലാശാല വിലക്കിയിട്ടുണ്ട്. എന്നാല്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുമതി വേണമെന്ന് അലന്‍ ആവശ്യപ്പെടുകയായിരുന്നു. വിദ്യാര്‍ത്ഥിയെന്ന പരിഗണന നല്‍കണമെന്നും അലന്‍ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

Kannur University permits Alan to appear for LLB examination