കണ്ണൂര്‍ തയ്യില്‍ കടപ്പുറത്തെ ഒന്നര വയസുകാരന്റെ മരണം കൊലപാതകം; തലക്കറ്റ ക്ഷതമാണ് മരണകാരണം എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കഴിഞ്ഞ ദിവസം കണ്ണൂര്‍ തയ്യിലെ കടലോരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ഒന്നര വയസുകാരന്‍ കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരണം. കുട്ടിയുട മരണത്തിന് കാരണം തലക്കറ്റ ക്ഷതമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. കുട്ടി ഉപ്പ് വെള്ളം കുടിച്ചതിന്റെ ഒരു അടയാളവും ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.

രാത്രി വീട്ടില്‍ ഉറങ്ങിക്കിടന്ന തയ്യിലെ പ്രണവ്- ശരണ്യ ദമ്പതികളുടെ മകന്‍ വിയാനെ നേരം വെളുത്തപ്പോള്‍ കടലോരത്തെ പാറക്കെട്ടുകള്‍ക്കിടയില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് സിറ്റി പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് രാവിലെ 11 മണിയോടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അച്ചനേയും അമ്മയേയും വിശദമായി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. അമ്മ പറയുന്നത് തലേന്ന് രാത്രി അച്ചന്റെ കൂടെയാണ് കുട്ടി ഉറങ്ങിയതെന്നാണ്. ഇത് നിഷേധിക്കുന്ന അച്ഛന്‍ അമ്മയുടെ കൂടെയാണ് ഉറങ്ങിയതെന്നാണ് പറയുന്നത്.

അര്‍ധരാത്രിയില്‍ കുട്ടിക്ക് പാലും മരുന്നും നല്‍കിയ ശേഷം പിതാവിനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ രാവിലെ കണ്ടില്ലെന്നാണ് ബന്ധുക്കളുടെ മൊഴി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഇന്നലെ തന്നെ ശരണ്യയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

മാതാപിതാക്കളില്‍ ഒരാളാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. ഒരു ദിവസം മുഴുവന്‍ ചോദ്യം ചെയ്തിട്ടും ഇരുവരും കുറ്റം സമ്മതിച്ചിട്ടില്ല. പരസ്പരം കുറ്റം ആരോപിക്കുകയാണ്. ഇവരുടെ വസ്ത്രങ്ങളില്‍ അടക്കം ശാസ്ത്രീയ പരിശോധന നടത്തിയശേഷം കൊലയാളിയാരാണെന്ന് ഉറപ്പിക്കാന്‍ കഴിയുമെന്നാണ് പോലീസിന്റെ വിശ്വാസം.

ഇന്നലെ പുലര്‍ച്ചെയാണ് തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ-പ്രണവ് ദമ്പതികളുടെ മകന്‍ വിയാനെ കാണാതായത്. പിതാവ് നല്‍കിയ പരാതിയില്‍ പോലീസിന്റെ അന്വേഷണത്തില്‍ 11 മണിയോടെയാണ് മൃതദേഹം കടല്‍തീരത്തുനിന്ന് കണ്ടെത്തിയത്. കല്‍ക്കെട്ടില്‍ മലര്‍ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

കുട്ടിയും പിതാവും മുറിയിലെ കട്ടിലിലും കുട്ടിയുടെ അമ്മ ഇതേ മുറിയില്‍ നിലത്തും കിടന്നാണ് ഉറങ്ങിയത്. അടച്ചു പൂട്ടിയിട്ടിരുന്ന വീട്ടില്‍ നിന്നാണ് കുഞ്ഞിനെ കാണാതായിരിക്കുന്നതെന്നാണ് പരാതി. പുലര്‍ച്ചെ മൂന്ന് മണിക്ക് കുട്ടി ഉണര്‍ന്നിരുന്നു. പിന്നീട് കുഞ്ഞിനെ അച്ഛനൊപ്പം ഉറക്കിക്കിടത്തിയ ശേഷമാണ് അമ്മ ഉറങ്ങിയത്.

കുട്ടിയുടെ അച്ഛനും അമ്മയും അമ്മയുടെ അമ്മയും അമ്മയുടെ ആങ്ങളയും ഉള്‍പ്പെടുന്ന നാലുപേരാണ് ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ സംഭവ സമയം വീട്ടില്‍ ഉണ്ടായിരുന്നവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. പ്രണവും ശരണ്യയും തമ്മില്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും കുട്ടിയെ മാതാപിതാക്കള്‍ ശ്രദ്ധിക്കാറില്ലെന്നും ബന്ധു ആരോപിച്ചു.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913