തിരൂരിലെ ഒരു വീട്ടില്‍ ഒമ്പത് വര്‍ഷത്തിനിടെ മരിച്ചത് ആറ് കുട്ടികള്‍; അസ്വഭാവിക മരണത്തിന് കേസെടുത്തു

മലപ്പുറം തിരൂരിലെ ഒരു വീട്ടിലെ ഒമ്പത് വര്‍ഷത്തിനിടെ ആറുകുട്ടികള്‍ മരിച്ച സംഭവത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. തറമ്മല്‍ റഫീഖ് -സബ്‌ന ദമ്പതിമാരുടെ മക്കളുടെ മരണത്തിലാണ് നാട്ടുകാര്‍ ദുരൂഹത ആരോപിച്ച സാഹചര്യത്തില്‍ പോലീസ് കേസെടുത്തത്. 93 ദിവസം പ്രായമുള്ള ഇവരുടെ ആറാമത്തെ കുഞ്ഞ് ഇന്ന് രാവിലെയാണ് മരിച്ചത്. അപസ്മാരത്തെ തുടര്‍ന്നാണ് മരിച്ചതെന്നാണ് കുടുംബം പറയുന്നത്.

ഇന്ന് രാവിലെ പത്ത് മണിയോടെ കുട്ടിയെ മറവ് ചെയ്യുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. ഇവരുടെ മറ്റ് മക്കളും ഇത്തരത്തില്‍ പെട്ടന്ന് മരണപ്പെട്ട സാഹചര്യത്തിലായിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാത്ത കുടുംബം ഉടന്‍ തന്നെ മറവ് ചെയ്യുകയായിരുന്നെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

സംഭവത്തില്‍ ഒരു പ്രാഥമിക നിഗമനം പ്രകാരം അസ്വഭാവികതയുണ്ടെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ മൃതദേഹം ഉടന്‍ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് മലപ്പുറം എസ് പി മാധ്യമങ്ങളോട് പറഞ്ഞു. രക്ഷിതാക്കള്‍ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

2010ല്‍ ആയിരുന്നു റഫീക്കിന്റെയും സബ്‌നയുടെയും വിവാഹം. 2020 നുള്ളിലായി ഇവര്‍ക്ക് മൂന്ന് പണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമടക്കം ആറ് പേര്‍ ജനിച്ചു. ഇതില്‍ ഇന്ന് മരിച്ച കുട്ടിയടക്കം അഞ്ച് പേര്‍ മരിച്ചത് ഒരു വയസിനിടയാണ്. എന്നാല്‍ ഒരു പെണ്‍കുട്ടി മാത്രം നാലര വയസുള്ളപ്പോഴാണ് മരിച്ചത്.

Six children of a house die in a span of nine years in Malappuram