രാത്രി അച്ഛനൊപ്പം ഉറങ്ങാൻ കിടന്ന ഒന്നര വയസുകാരന്റെ മൃതദേഹം കടപ്പുറത്ത്

അച്ഛനൊപ്പം ഉറങ്ങാൻ കിടന്ന ഒന്നര വയസുകാരന്റെ മൃതദേഹം കടപ്പുറത്തെ പാറക്കൂട്ടത്തിൽ കണ്ടെത്തി. കണ്ണൂർ തയ്യിൽ കൊടുവള്ളി ഹൗസിൽ പ്രണവ് – ശരണ്യ ദമ്പതികളുടെ മകൻ വിയാന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ 11 ഓടെ വീട്ടിനടുത്ത് തയ്യിൽ കടപ്പുറത്ത് കണ്ടെത്തിയത്. രാത്രി ഉറങ്ങാൻ കിടന്ന കുട്ടിയെ രാവിലെ 6.20ന് കാണാതായെന്നാണ് സിറ്റി പൊലീസിൽ പ്രണവ് നൽകിയ പരാതിയിലുള്ളത്. അതേസമയം കുട്ടിയെ പിതാവ് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി ശരണ്യയുടെ ബന്ധുക്കൾ ആരോപിച്ചു.

ദമ്പതികൾ ഉൾപ്പെടെ വീട്ടിലുണ്ടായിരുന്നവരെയെല്ലാം സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്. മൂന്നു വർഷം മുൻപ് വിവാഹിതരായ ശരണ്യയും പ്രണവും തമ്മിൽ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഞായറാഴ്ച രാത്രി കുട്ടിക്ക് പനിയുണ്ടായിരുന്നതിനാൽ ഏറെ വൈകിയും ഉറങ്ങാതെ കരഞ്ഞു കൊണ്ടിരുന്നു. വെളുപ്പിന് മൂന്നു മണിയോടെ ശരണ്യ കുട്ടിയെ പ്രണവിന്റെ കൂടെ മുറിയിൽ കിടത്തിയുറക്കി ഹാളിൽ ഉറങ്ങാൻ പോയി. രാവിലെയോടെ കുട്ടിയെ കാണാതാവുകയായിരുന്നു.

പ്രണവിനോട് ചോദിച്ചപ്പോൾ അറിയില്ലെന്നും പൊലീസിൽ പരാതി നൽകാമെന്നും പറഞ്ഞു. പൊലീസിന്റെ അന്വേഷണത്തിൽ വീട്ടിൽ നിന്ന് അധികം ദൂരെയല്ലാതെ കടലോരത്ത് പാറക്കൂട്ടത്തിനിടയിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മലർന്നു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. മൃതദേഹത്തിൽ ഇടതു കണ്ണിന്റെ ഭാഗത്ത് പൊട്ടലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പാറക്കൂട്ടത്തിൽ ഇടിച്ചുണ്ടായതാകാം ഈ മുറിവെന്ന് പൊലീസ് പറഞ്ഞു.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913