ട്രംപിന്റെ കണ്ണുകെട്ടാൻ മതിൽ കെട്ടലിനുപുറമെ ചേരികൾ ഒഴിപ്പിക്കുന്നു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തോടനുബന്ധിച്ച് കണ്ണ് കെട്ടുന്ന നടപടികള്‍ തുടരുന്നു. ട്രംപിന്റെ അഹമ്മദാബാദ് സന്ദര്‍ശനത്തിന് മുമ്പായി ഇവിടത്തെ ചേരികള്‍ കാണാതിരിക്കാന്‍ വലിയ മതില്‍കെട്ടുന്നത് നേരത്തെ വാര്‍ത്തായായിരുന്നു. ഇപ്പോള്‍ ചേരി നിവാസികളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അഹമ്മദാബാദിലെ അഞ്ച് കോളനികളിലുള്ള 4000ത്തോളം ചേരി നിവാസികളോടാണ് വീടൊഴിയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഏഴ് ദിവസത്തിനകം വീട് ഒഴിയണമെന്നാണ് അഹമ്മദാബാദ് നഗരസഭ ഇവര്‍ക്ക് ലഭിച്ച നോട്ടീസില്‍ പറയുന്നത്.

എന്നാല്‍ നമസ്‌തേ ട്രംപ് പരിപാടിയുമായി ഇതിന് ബന്ധമില്ലെന്നും അനധികൃതമായി താമസിക്കുന്നതുകൊണ്ടാണ് ഇവരെ ഒഴിപ്പിക്കുന്നതെന്നുമാണ് നഗരസഭയുടെ വിശദീകരണം.

എന്നാല്‍ ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്ന റോഡ് ഷോ കടന്നു പോകാന്‍ സാധ്യതയുള്ള ചേരി പ്രദേശങ്ങള്‍ മറക്കുന്നതിനായാണ് നഗരസഭ മതില്‍ കെട്ടിതുടങ്ങിയത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ ഇന്ദിരാ ബ്രിഡ്ജുമായി ബന്ധിപ്പിക്കുന്ന റോഡിനരികിലാണ് മതില്‍ പണിതത്.

അരകിലോമീറ്ററിലധികം നീളവും ആറ് മുതല്‍ ഏഴ് അടി വരെ ഉയരത്തിലും മതില്‍ പണിയുന്നത് വിവാദമായിരുന്നു. അതേ തുടര്‍ന്ന് മതിലിന്റെ ഉയരം ആറടിയില്‍ നിന്നും നാലടിയായി കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചേരി പൂര്‍മായും ഒഴിപ്പിക്കാനുള്ള നീക്കവും.

ഈ മാസം 24, 25 തീയ്യതികളിലായാണ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം. ഡല്‍ഹിക്കൊപ്പം അഹമ്മദാബാദുമാണ് ട്രംപ് സന്ദര്‍ശിക്കുന്നത്.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913