മുതിർന്ന മാധ്യമ പ്രവർത്തകൻ എം.എസ്.മണി ഇനി ഓർമ്മ

കലാകൗമുദി ചീഫ് എഡിറ്ററും കേരള കൗമുദി പത്രത്തിൻറെ മുൻ ചീഫ് എഡിറ്ററുമായ എം.എസ്.മണി (79) അന്തരിച്ചു. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് പുലർച്ചെ അ‍ഞ്ച് മണിയോടെ കുമാരപുരം കലാകൗമുദി ഗാർഡൻസിൽ വച്ചായിരുന്നു. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ ഫാർമക്കോളജി അസോസിയേറ്റ് പ്രൊഫസറായിരുന്ന ഡോ.കസ്തൂരിബായിയാണ് ഭാര്യ. കേരളകൗമുദി അസിസ്‌റ്റന്റ് എഡിറ്ററായിരുന്ന വത്സാമണി മകളും കലാകൗമുദി മാനേജിംഗ് ഡയറക്ടറും എഡിറ്ററുമായ സുകുമാരൻ മണി മകനുമാണ്. കേരളകൗമുദി മുൻ റെസിഡന്റ് എഡിറ്റർ എസ്. ഭാസുരചന്ദ്രനാണ് മരുമകൻ. സംസ്കാരം ഇന്ന് വെെകിട്ട് അഞ്ച് മണിക്ക് കുമാരപുരം കലാകൗമുദി ഗാർഡൻസിൽ നടക്കും.

സിവികുഞ്ഞുരാമൻറെ മകൻ പത്രാധിപർ കെ. സുകുമാരന്റെയും മാധവീ സുകുമാരന്റെയും മകനായി 1941 നവംബർ നാലിന് കൊല്ലം ജില്ലയിൽ എം. എസ്. മണി ജനിച്ചു. ശ്രീനാരായണഗുരുവിൻറെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഒരു ആനുകാലിക പ്രസിദ്ധീകരണമായി ‘കേരളകൗമുദി’ ആരംഭിച്ച മുത്തച്ഛൻ സി.വി. കുഞ്ഞുരാമന്റെ സ്‌നേഹലാളനകളനുഭവിച്ച് മയ്യനാട് പാട്ടത്തിൽ വീട്ടിലായിരുന്നു ബാല്യം.തിരുവനന്തപുരം പേട്ട ഗവ. സ്‌കൂൾ, സെന്റ് ജോസഫ്സ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടി.

വിദ്യാഭാസകാലത്തുതന്നെ കേരളകൗമുദിയുടെ ലേഖകനായി പ്രവർത്തിച്ച എം.എസ്. മണി ബിരുദ പഠനശേഷം ഡൽഹി ലേഖകനായി ചുമതലയേറ്റു. നാലുവർഷം പാർലമെന്റ് ലേഖകനായിരുന്നു. 1962-ലെ ചൈനീസ് യുദ്ധകാലത്ത് നീഫായിലും ലഡാക്കിലും പോയി അവിടെ നിന്ന് യുദ്ധവാർത്തകൾ റിപ്പോർട്ടു ചെയ്തു. അക്കാലത്ത് കേന്ദ്രമന്ത്രിമാരായിരുന്ന മൊറാർജി ദേശായി, ജഗജ്ജീവൻറാം, വി.കെ. കൃഷ്ണമേനോൻ, എ.ബി. വാജ്‌പേയി, എൽ.കെ. അദ്വാനി, എസ്.കെ. പാട്ടീൽ, കമലാപതി ത്രിപാഠി, ഷംനാദ് എന്നിവരുമായും മന്നത്തു പത്മനാഭൻ, ആർ. ശങ്കർ, ഇ.എം.എസ്, എ.കെ. ഗോപാലൻ, രാജ്നാരായൺ, സുബ്രഹ്മണ്യസ്വാമി, സി.കെ. ഗോവിന്ദൻ നായർ എന്നിവരുമായും നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഡൽഹിയിൽ വച്ച് കാർട്ടൂണിസ്‌റ്റ് ശങ്കർ, ഒ.വി. വിജയൻ, എടത്തട്ട നാരായണൻ, കിഷൻ ഭാട്ടിയ, എച്ച്.കെ. ദുവ, എസ്. വിശ്വനാഥൻ, എസ്. വിശ്വം, ജോഗറാവു, എം. ശിവറാം, വി.കെ.എൻ, എം.പി. നാരായണപിള്ള, വി.പി. രാമചന്ദ്രൻ, വി.കെ. മാധവൻകുട്ടി, ആർ.പി. നായർ, കെ. എൻ. മേനോൻ, വി.എൻ. നായർ (നരേന്ദ്രൻ) തുടങ്ങിയ മുതിർന്ന പത്രപ്രവർത്തകരുടെ ഉപദേശനിർദ്ദേശങ്ങൾ മണിയിലെ പത്രപ്രവർത്തകനെ രൂപപ്പെടുത്തുന്നതിന് സഹായകമായി.

ജവഹർലാൽ നെഹ്റു നേതൃത്വം വഹിച്ച 1962-ലെ കോൺഗ്രസിന്റെ പാറ്റ്നാ പ്ലീനം, ഇന്ദിരാഗാന്ധി നേതൃത്വം വഹിച്ച ബംഗളൂരു എ.ഐ.സി.സി സമ്മേളനം എന്നിവ റിപ്പോർട്ടു ചെയ്തതും എം. എസ്. മണിയാണ്. കേരളത്തിലെ ടൈറ്റാനിയം സമ്പത്ത് സ്വകാര്യമേഖലയിലൂടെ ജപ്പാന് നൽകാൻ വ്യവസായ മന്ത്രിയായിരുന്ന ടി.വി. തോമസ് നടത്തിയ ശ്രമങ്ങൾ പുറത്ത് കൊണ്ടുവന്നതും അദ്ദേഹമായിരുന്നു. ഇതേതുടർന്ന് ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി സ്വന്തം മന്ത്രിയുടെ നീക്കത്തിനെതിരെ നിലപാടെടുക്കാൻ നിർബന്ധിതമായി.

കെ. ആർ. നാരായണൻ രാഷ്ട്രപതിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ സംഘാംഗമായി രണ്ടാഴ്ചയിലധികം ബ്രിട്ടനിൽ പര്യടനം നടത്തിയ മണി മൊറാർജി ദേശായി പ്രധാനമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തോടൊപ്പം പഴയ സോവിയറ്റ് യൂണിയനിലെ മോസ്‌കോ, താഷ്‌കന്റ്, ഉസ്ബക്കിസ്ഥാൻ, താജിക്കിസ്ഥാൻ എന്നിവിടങ്ങളും ഹംഗറി, ചെക്കോസ്ളാവാക്യ, യുഗോസ്ലാവ്യ എന്നീ രാജ്യങ്ങളും സന്ദർശിച്ചു. അമേരിക്ക, ബ്രിട്ടൻ, യു.എസ്.എസ്.ആർ, പശ്ചിമ – പൂർവ ജർമ്മനികൾ, ഹംഗറി എന്നീ രാജ്യങ്ങളിലെ സർക്കാരുടെ ക്ഷണപ്രകാരം ആ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഈജിപ്ത്, ഇസ്രയേൽ, സ്വീഡൻ, നോർവ്വേ, ഡെന്മാർക്ക്, തായ്‌വാൻ, സിംഗപ്പൂർ, യു.എ.ഇ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും പര്യടനം നടത്തിയിട്ടുണ്ട്.

കേരളകൗമുദിയുടെ എഡിറ്ററായി 1969-ൽ ചുമതലയേറ്റ എം.എസ്. മണിയാണ് ‘സൺഡേ മാഗസിൻ’ തുടങ്ങിയ പുതിയ മാഗസിൻ സംസ്‌കാരം മലയാള പത്രങ്ങളിൽ കൊണ്ടുവന്നത്. ഞായറാഴ്ചപ്പതിപ്പുകൾ അക്കാലത്ത് മലയാള പത്രങ്ങൾക്കില്ലായിരുന്നു. അതിന്റെ തുടക്കമായി മാറിയ ‘കേരളകൗമുദി സൺഡേ മാഗസിൻ’ അക്കാലത്തെ പ്രധാന ചർച്ചാവിഷയമായിരുന്നു. ഞായറാഴ്ച അവധിയായിരുന്ന സ്ഥിതി മാറ്റി കേരളകൗമുദി ഏഴുദിന പത്രമാക്കി മാറ്റിയതിനു പിന്നിലും ഇദ്ദേഹമായിരുന്നു.

അമേരിക്കയിലെ ഗ്രാന്റ് കാനിയനെ വർണിക്കുന്ന ‘സ്വർഗം ഭൂമിയിലേക്ക് ഇറങ്ങിവരുന്നു’ (1970) എന്ന യാത്രാവിവരണമാണ് മണിയുടെ ആദ്യ കൃതി. കേരള സർക്കാരിന്റെ അറിവോടെ കോട്ടയത്തെ ക്രൈസ്തവ പ്രമാണികൾ വനം കൊള്ളയടിച്ചത് തുറന്നുകാട്ടിയ ‘കാട്ടുകള്ളന്മാർ’ (1974) ആണ് രണ്ടാമത്തെ പുസ്തകം. കാട്ടുകള്ളന്മാർക്ക് സർക്കാർ കൂട്ടുനിൽക്കുന്നതിന്റെ രേഖകൾ ഉദ്ധരിച്ച ഈ റിപ്പോർട്ട് മലയാളത്തിലെ അന്വേഷണാത്മക പത്രപ്രവർത്തനശാഖയുടെ തുടക്കമായി വിലയിരുത്തപ്പെടുന്നു. ഭരണകക്ഷിയായ കോൺഗ്രസിൽ ഈ റിപ്പോർട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായമുണ്ടായതിനെ തുടർന്ന് അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ഇടപെട്ടാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന്റെ പേരിൽ കേരളകൗമുദിക്കെതിരെ സർക്കാർ കൊടുത്ത കേസ് പിൻവലിപ്പിച്ചത്. ശിവഗിരിക്കുമുകളിൽ തീമേഘകൾ (1995) എന്നൊരു പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്.

Veteran journalist and former Kerala Kaumudi chief editor M S Mani passes away; CM condoles death of M S Mani