ഇന്ത്യൻ 2ന്റെ ഷൂട്ടിങ്ങിനിടെ അപകടം;​ 3 പേർ മരിച്ചു,​ 11 പേർക്ക് പരിക്ക്; കമൽ ഹാസൻ ലൊക്കേഷനിൽ ഉണ്ടായിരുന്നു

കമൽ ഹാസനും ശങ്കറും ഒന്നിക്കുന്ന ബിഗ്ബജറ്റ് ചിത്രം ഇന്ത്യൻ 2വിന്റെ ഷൂട്ടിങ് സെറ്റിൽ അപകടം. അപകടത്തിൽ സാങ്കേതിക പ്രവർത്തകരായ മൂന്ന് പേർ മരിച്ചു. സൈറ്റിൽ ക്രെയിൻ മറിഞ്ഞ് വീണാണ് അപകടം സംഭവിച്ചത്. 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ക്രെയിൻ ഉപയോഗിച്ച് നടത്തേണ്ട ഒരു സീനിന്റെ ചിത്രീകരണത്തിനായുള്ള തയ്യാറെടുപ്പിനിടെയാണ് അപകടം ഉണ്ടായത്.

ക്രെയിൻ മറിഞ്ഞ് വീണ് അതിനടിയിൽ പെട്ടാണ് മൂന്ന് പേർ മരിച്ചത്. സംവിധായകൻ ശങ്കറിന്റെ കാലൊടിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. പൂനമല്ലിയിലെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ വച്ചാണ് അപകടം. അപകട സമയത്ത് കമൽ ഹാസൻ ലൊക്കേഷനിൽ ഉണ്ടായിരുന്നു.

‘അപകടം ഭയാനകമായിരുന്നുവെന്ന് നടൻ കമലഹാസൻ പറഞ്ഞു. ‘ഒരുപാട് അപകടങ്ങളിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഇത് ഭയാനകമായിരുന്നു. ഏറ്റവുമധികം കഠിനാദ്ധ്വാനം ചെയ്ത മൂന്നുപേരെയാണ് നഷ്ടമായത്. എന്റെ വേദനയെക്കാൾ അവരുടെ കുടുംബത്തിന്റെ വേദനയാണ് വലുത്. ഞാനുണ്ടാകും അവരോടൊപ്പം’ – കമൽ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്കായി ഒരു കോടി രൂപ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ജാഗ്രതക്കുറവ് കാരണം അപകടമുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടി ക്രെയിൻ ഓപ്പറേറ്റർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മരിച്ച മൂന്ന് പേരുടേയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

ചിത്രത്തിന്റെ നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷൻസും അനുശോചിച്ചു. സീൻ ഷൂട്ട് ചെയ്യാനുള്ള തയ്യാറെടുപ്പിനിടെ ടെന്റിന് മുകളിലേക്ക് 150 അടിയിലേറെ ഉയരമുള്ള ക്രെയിൻ മറിഞ്ഞ് വീണ് സംവിധാന സഹായികളായ മധു (29), കൃഷ്ണ (34), നൃത്ത സഹ സംവിധായകൻ ചന്ദ്രൻ (60) എന്നിവരാണ് മരിച്ചത്. സംവിധായകൻ ശങ്കറിനടക്കം പതിനൊന്നോളം പേർക്ക് പരിക്കേറ്റു. ശങ്കറിന്റെ നില ഗുരുതരമല്ല.

അപകടത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും. ഒരു നിമിഷം കൊണ്ടാണ് എല്ലാം സംഭവിച്ചത്. എന്റെ ജീവൻ ബാക്കി വച്ചു. ദൈവത്തിന് നന്ദി. ജീവിതത്തിന്റെയും സമയത്തിന്റെയും വില എന്നെ പഠിപ്പിച്ചതിന്. എന്റെ സഹപ്രവർത്തകരുടെ കുടുംബത്തിന് സ്‌നേഹവും ശക്തിയും അനുശോചനവും അറിയിക്കുന്നു.എന്ന് നടി കാജൽ അഗർവാൾ പ്രതികരിച്ചു.

Major accident in sets of Kamal Haasan’s movie Indian 2: Three killed, several injured