വി.എസ് ശിവകുമാറിന്റെ വീട്ടിൽനിന്ന് ഭൂമി ഇടപാടുകളുടേത് അടക്കമുള്ള രേഖകൾ പിടിച്ചെന്ന് വിജിലൻസ്

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ മന്ത്രി വി.എസ് ശിവകുമാറിന്റെ തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഭൂമിയിടപാടുകളുടേതടക്കം സുപ്രധാന രേഖകൾ പിടിച്ചതായി വിജിലൻസ്. ഇവയെല്ലാം വിശദമായി പരിശോധിച്ച ശേഷമേ അനധികൃതമാണോ എന്നു വ്യക്തമാക്കാനാവൂ.

ശിവകുമാറിനൊപ്പം എഫ്.ഐ.ആറിൽ പ്രതിചേർത്ത നേമം ശാന്തിവിള രാജേന്ദ്ര വിലാസത്തിൽ രാജേന്ദ്രൻ, കരകുളം ഏണിക്കര കെ.പി.ലെയിൻ ശ്രീനിലയത്തിൽ ഷൈജു ഹരൻ, ഗൗരീശപട്ടം കൃഷ്ണയിൽ അഭിഭാഷകനായ എൻ.എസ്.ഹരികുമാർ എന്നിവരുടെ വീടുകളിൽ നടത്തിയ റെയ്ഡിലും സുപ്രധാന വിവരങ്ങൾ കിട്ടിയതായി വിജിലൻസ് വ്യക്തമാക്കി.

വി.എസ്. ശിവകുമാറിന്റെ വസതിയിൽ നടത്തിയ പരിശോധനയിൽ ഭാര്യയുടെ പേരിൽ ബാങ്കിൽ ലോക്കറുള്ളതായി കണ്ടെത്തി. ഇതിന്റെ താക്കോൽ ചോദിച്ചെങ്കിലും കാണാനില്ലെന്നായിരുന്നു മറുപടി. ലോക്കറിന്റെ താക്കോൽ കണ്ടെത്തി വൈകാതെ നൽകണമെന്നു വിജിലൻസ് നിർദ്ദേശിച്ചിട്ടുണ്ട്. ശിവകുമാർ മന്ത്രിയായിരുന്ന കാലയളവിലേത് ഉൾപ്പെടെ എല്ലാവരുടെയും ബാങ്ക് ഇടപാടുകളുടെ വിവരങ്ങൾ ബാങ്കുകളിൽ നിന്ന് ശേഖരിക്കും. ഭൂമി ഇടപാടുകളുടേത് അടക്കമുള്ള രേഖകൾ പരിശോധിച്ച് വരുമാനവും ചെലവുകളും കണക്കാക്കിയ ശേഷമേ ഇവ നിലനിൽക്കുന്നതാണോയെന്ന് ഉറപ്പിക്കാനാവൂ. പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങൾ ഇന്നു വിജിലൻസ് കോടതിയിൽ സമർപ്പിക്കും.

ശിവകുമാറിന്റെ ശാസ്തമംഗലത്തെ വീട്ടിലടക്കം ഏഴിടങ്ങളിലായിരുന്നു വിജിലൻസ് എസ്.പി വി.എസ്. അജിയുടെ നേതൃത്വത്തിൽ ഒരേ സമയം റെയ്ഡ് നടത്തിയത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെ ആരംഭിച്ച റെയ്ഡ് 14 മണിക്കൂറിലേറെ നീണ്ടു. ഗൗരീശപട്ടം കൃഷ്ണയിൽ എൻ.എസ്.ഹരികുമാറിന്റെ വീട്, ഫ്ളാറ്റ്, വാടകയ്ക്കു നൽകിയിട്ടുള്ള വീട് എന്നിവിടങ്ങളിലും റെയ്ഡ് നടത്തി.ശിവകുമാർ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പേരിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ ശിവകുമാറിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് സ്‌പെഷ്യൽ സെൽ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചിരുന്നു.

എന്നാൽ വിജിലൻസ് തന്റെയും മുൻ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെയും വീടുകളിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് വി.എസ്. ശിവകുമാർ എംഎൽഎ പറഞ്ഞു.രാഷ്ട്രീയമായി തേജോവധം ചെയ്യാനായിരുന്നു റെയ്ഡ്. തന്റെ പേഴ്സണൽ സ്റ്റാഫിന്റെ വീടുകളിൽ പരിശോധന നടത്തിയ ശേഷം അവരുടെ സ്വത്തുക്കൾ തന്റേതാണെന്ന് പറയുന്നത് എങ്ങനെയാണെന്നും ശിവകുമാർ ചോദിച്ചു.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913