മുന്‍സിപ്പില്‍ കോര്‍പ്പറേഷനില്‍ വനിതാ ക്ലാര്‍ക്കുമാരെ നഗ്നരാക്കി നിര്‍ത്തി കന്യകാത്വ പരിശോധനയും ഗർഭ പരിശോധനയും

ഗുജറാത്തിലെ സൂറത്ത് മുന്‍സിപ്പില്‍ കോര്‍പ്പറേഷനില്‍ വനിതാ ക്ലാര്‍ക്കുമാര്‍ക്ക് കന്യകാത്വ പരിശോധന. പത്ത് വനിതാ ക്ലാര്‍ക്ക് ട്രെയിനികള്‍ക്കാണ് ഈ അപമാനം നേരിടേണ്ടി വന്നത്. ഒരു മുറിയില്‍ നഗ്നരാക്കി നിര്‍ത്തി, വിരല്‍ കടത്തി കന്യകാത്വ പരിശോധന നടത്തിയും ഗര്‍ഭിണിയാണോ എന്ന് പരിശോധിച്ചുമാണ് അപമാനിച്ചത്.

ഫെബ്രുവരി 20 നായിരുന്നു സംഭവം. ട്രെയിനിംഗ് കഴിഞ്ഞതിന്റെ ഭാഗമായി ജോലിയില്‍ സ്ഥിരപ്പെടുത്തുന്നതിന് മുന്നോടിയായിട്ടാണ് പരിശോധന നടത്തിയതെന്നാണ് വനിതാ ക്ലാര്‍ക്കുമാര്‍ പറഞ്ഞത്. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയിലെ ഗൈനക്കോളജി വാര്‍ഡിലായിരുന്നു പരിശോധന. കഴിഞ്ഞ് ദിവസം ഗുജറാത്തില്‍ ആര്‍ത്തവ പരിശോധന നടത്തിയത് വിവാദമായതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് വനിതാ ക്ലാര്‍ക്കുമാരെയും സമാനമായ രീതിയില്‍ അപമാനിച്ച സംഭവം പുറത്ത് വരുന്നത്.

സംഭവം വിവാദമായതോടെ സൂറത്ത് മുന്‍സിപ്പല്‍ കമ്മീഷണര്‍ ബഞ്ചനിധി പാനി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.സൂറത്ത് മുന്‍സിപ്പല്‍ എംപ്ലോയീസ് യൂണിയനാണ് പരാതി പുറത്ത് വിടുന്നത്. വിവാഹം കഴിഞ്ഞിട്ടില്ലാത്ത വനിതാ ട്രെയിനി ക്ലാര്‍ക്കുമാരെ കന്യകാത്വ പരിശോദനയും വിവാഹിതരെ ഗർഭപരിശോധനയും നടത്തി ഇത്തരത്തില്‍ അപമാനിച്ചതായി എംപ്ലോയീസ് യൂണിയന്‍ വ്യക്തമാക്കുന്നു.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെയാണ് അധികൃതര്‍ രൂപീകരിച്ചിരിക്കുന്നത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ മുന്‍ ഡീന്‍ ഡോ കല്‍പന ദേശായ്, അസിസ്റ്റന്റ് മുന്‍സിപ്പല്‍ കമ്മീഷണര്‍ ഗായത്രി ജരിവാല, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തൃപ്തി കലാത്തിയ എന്നിവരാണ് മൂന്നംഗ സമിതിയിലെ അംഗങ്ങള്‍.

Surat: Female trainees forced to undergo ‘virginity’ test, made to stand naked during medical test