ഞാന്‍ ക്രിസ്ത്യനാണ് ഭാര്യ ഹിന്ദുവും; മതവിശ്വാസത്തിന് പ്രാധാന്യം നല്‍കാത്ത കുടുംബമാണ് ഞങ്ങളുടേത്: വിജയ്‌യുടെ അച്ഛന്‍

തൻറെ മകൻ വിജയ് ക്ക്‌ എതിരെയുള്ള സംഘപരിവാറിന്റെ മത വിദ്വേഷ പ്രചാരണങ്ങൾക്കും ആരോപണങ്ങള്‍ക്കും മറുപടിയുമായി വിജയ്‌യുടെ അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍. ഒരു അഭിമുഖത്തിനിടെയാണ് തമിഴ് സിനിമാ സംവിധായകന്‍ കൂടിയായ ചന്ദ്രശേഖര്‍ പ്രതികരിച്ചത്. ജീവിതത്തില്‍ മതവിശ്വാസത്തിന് അമിത പ്രാധാന്യം നല്‍കാത്ത കുടുംബമാണ് തങ്ങളുടേതെന്നും ഇത്തരം ആരോപണങ്ങള്‍ ബലിശമാണെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. ജോസഫ് വിജയ് എന്നു ബി.ജെ.പി നേതാക്കള്‍ വിളിക്കുന്നതിന് മറുപടി പോലും അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ക്രിസ്തുമതത്തിലേക്ക് വിജയ് ആളുകളെ റിക്രൂട്ട് ചെയ്യുകയാണെന്നാണ് പുതിയ ആരോപണം. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ വിജയ് സേതുപതി തന്നെ നേരത്തെ രംഗത്തു വന്നിരുന്നു.  

എന്റെ കൂടെ അസിസ്റ്റന്റുമാരായി ധാരാളം പേര്‍ ജോലി ചെയ്തിട്ടുണ്ട്. അവരെ സമുദായ അടിസ്ഥാനത്തിലല്ല എടുത്തിരുന്നതെന്നും ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി. കഴിവു നോക്കിയാണ് എല്ലാവരേയും എടുത്തത്. ഒരു ക്രിസ്ത്യാനി പോലും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല. തമിഴിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകന്‍ ശങ്കര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് എസ്.എ ചന്ദ്രശേഖരുടെ അസിസ്റ്റന്റായി മുമ്പ് ജോലി ചെയ്തിരുന്നത്.

‘ഞാന്‍ ക്രിസ്ത്യന്‍ കുടുംബത്തിൽ ജനിച്ച ഒരാളാണ്. എന്റെ ഭാര്യ ശോഭ ഹിന്ദു മത വിശ്വാസിയും. 45 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഞങ്ങളുടെ വിവാഹം. ഞങ്ങളുടെ വിവാഹം ചര്‍ച്ചിലല്ല നടന്നത്. ശിവാജി ഗണേശന്റെ ഭാര്യയാണ് താലിയെടുത്ത് നല്‍കിയത്. അവൾ വിശ്വാസിയായതിനാൽ ഞങ്ങളുടെ വീട്ടില്‍ ഒരു വലിയ പൂജ മുറിയുണ്ട്. ഞാന്‍ ഒരിക്കലും അവരുടെ മതവിശ്വാസങ്ങളില്‍ ഇടപെട്ടിട്ടില്ല.ഞാൻ ജീവിത്തില്‍ ഒരുവട്ടം മാത്രം ജറുസലേമില്‍ പോയിട്ടുണ്ട്.മൂന്ന് വട്ടം തിരുപതിയിലും. മതവിശ്വാസത്തിന് അമിത പ്രാധാന്യം നല്‍കാത്ത കുടുംബമാണ് ഞങ്ങളുടേത്.

എൻറെ മകൻ വിജയ് വിവാഹം കഴിച്ചത് ഒരു ഹിന്ദു പെണ്‍കുട്ടിയെയാണ്. പേര് സംഗീത. വിവാഹം രജിസ്ട്രാഫീസില്‍ വെച്ചാണ് നടത്തിയത്. വിജയ് യുടെ വിവാഹം ക്രിസ്ത്യന്‍ മതാചാര പ്രകാരമാണ് നടത്തിയതെന്ന് ആരോപിക്കുന്നവര്‍ അതിന് തെളിവ് കൊണ്ടുവരട്ടെ. തെറ്റാണെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ചവര്‍ പരസ്യമായി മാപ്പ് പറയുമോ?’ എന്ന് ചന്ദ്രശേഖര്‍ ചോദിക്കുന്നു. സംഗീത സംഗീതയായും വിജയ് വിജയ് ആയുമാണ് ജീവിക്കുന്നത്. എന്തോരസംബന്ധ പ്രചാരണങ്ങളാണ് ഇവർ നടത്തുന്നതെന്ന് ചന്ദ്രശേഖര്‍ ചോദിക്കുന്നു.

പുതിയ തലമുറ രാഷ്ട്രീയത്തില്‍ വന്നാല്‍ മാത്രമേ മാറ്റങ്ങള്‍ ഉണ്ടാകൂ. അത് ആരായാലും വേണ്ടില്ലെന്ന് ചന്ദ്രശേഖർ പറഞ്ഞു.രജനിയുടെ പെരുമാറ്റം നിരാശാജനകമാണ്. അത് ജനങ്ങള്‍ക്ക് തന്നെ ഇപ്പോള്‍ മനസ്സിലായിട്ടുണ്ട്. കമല്‍ പ്രതികരിക്കുന്നുണ്ട്. എന്നാല്‍ രജനിയുടെ കാര്യത്തില്‍ സമീപകാലത്ത് നിശബ്ദത പാലിക്കുകയാണ് ചെയ്യുന്നത്.-ചന്ദ്രശേഖര്‍ പറഞ്ഞു.

എന്തായാലും വിജയ് യുടെ രാഷ്ട്രീയ പ്രവേശനമാണ് തമിഴകത്തിപ്പോള്‍ ചൂടുള്ള ചര്‍ച്ച. അദ്ദേഹത്തിന്റെ പിതാവ് എസ്.എ ചന്ദ്രശേഖറിന്റെ വെളിപ്പെടുത്തലോടെ അഭ്യൂഹവും ശക്തമായിരിക്കുകയാണ്. തനിക്കെതിരായ ബി.ജെ.പി നേതാക്കളുടെ വിമര്‍ശനത്തിനെതിരെ രജനി പ്രതികരിക്കാത്തതിലും വിജയ് അസ്വസ്ഥനാണ്. പ്രധാന മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് തന്നെയാണ് കരുതുന്നത്.എന്നാല്‍ അത് എപ്പോഴാണ് എന്ന കാര്യത്തില്‍ മാത്രമാണ് വ്യക്തതയില്ലാത്തത്. സാമുദായികമായി ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ നീക്കത്തിനെതിരെ അദ്ദേഹം പെട്ടന്ന് തന്നെ രാഷ്ട്രീയത്തില്‍ ഇറങ്ങിയേക്കുമെന്നും ചില തമിഴ്മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913