ഇംഗ്ലീഷ് മീഡിയം പെട്ടിക്കട: അരൂജാസ് സ്‌കൂള്‍ മാനേജരും ട്രസ്റ്റ് പ്രസിഡന്റും അറസ്റ്റില്‍

കൊച്ചി തോപ്പുംപടിയിൽ സി.ബി.എസ്.ഇ അംഗീകാരമില്ലാത്തതിന്റെ പേരില്‍ 29 പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാതെ പോയ സംഭവത്തില്‍ അനധികൃത സ്‌കൂൾ നടത്തിയിരുന്ന സ്‌കൂള്‍ മാനേജരും സ്‌കൂള്‍ ട്രസ്റ്റ് പ്രസിഡന്റും അറസ്റ്റില്‍. തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍സ് സി.ബി.എസ്.ഇ സ്‌കൂള്‍ മാനേജര്‍ മാഗി, ട്രസ്റ്റ് പ്രസിഡന്റ് മെല്‍ബിന്‍ ഡിക്രൂസ് എന്നിവരാണ് അറസ്റ്റിലായത്. വഞ്ചനാകുറ്റം ചുമത്തിയാണ് അറസ്റ്റ്. സ്‌കൂളിന് അംഗീകാരമില്ലാത്ത വിവരം മറച്ചാണ് ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷൻ നൽകിയിരുന്നതും ഇപ്പോൾ പരീക്ഷ എഴുതാന്‍ കഴിയാത്ത കാര്യം അറിയിച്ചതും. ബുധനാഴ്ചയാണ് പന്ത്രണ്ടുവർഷമായി ഈ സ്‌കൂളിൽ പഠിച്ച് പത്താംക്‌ളാസിൽ എത്തിയ വിദ്യാർത്ഥികളെ ഹാൾടിക്കറ്റ് നൽകാനെന്നപേരിൽ വിളിച്ചുവരുത്തി പരീക്ഷയെഴുതാനാകില്ലെന്ന് അറിയിച്ചത്.

വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന് വിവരം സെപ്തംബർ മുതല്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് അറിയാമെങ്കിലും അക്കാര്യം മറച്ചുവയ്ക്കുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള സാഹചര്യമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇന്ന് സ്‌കൂള്‍ ഉപരോധിച്ചിരുന്നു.

വിദ്യാർത്ഥികളെ കബളിപ്പിക്കാൻ മോഡല്‍ പരീക്ഷകളും നടത്തിയ ശേഷമാണ് മാനേജ്‌മെന്റിന്റെ ഈ ക്രൂരത. ഹാള്‍ടിക്കറ്റ് വാങ്ങാന്‍ ബുധനാഴ്ച സ്‌കുളിലെത്തിയ കുട്ടികളോട് രക്ഷിതാക്കളെ കൂട്ടിവരാന്‍ നിര്‍ദേശിക്കുകയായിരുന്നു. രക്ഷിതാക്കള്‍ സ്‌കൂളിലെത്തിയപ്പോഴാണ് രജിസ്‌ട്രേഷന്‍ അപ്രൂവ് ആയില്ലെന്നും ഈ വര്‍ഷം പരീക്ഷയെഴുതാന്‍ കഴിയില്ലെന്നും അറിയിക്കുന്നത്. ഇതോടെ ഒരു വര്‍ഷം നഷ്ടപ്പെടുന്ന അവസ്ഥയിലാണെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പറയുന്നു.

ഒമ്പതാം ക്ലാസ് മുതല്‍ കുട്ടികളെ രജിസ്റ്റര്‍ ചെയ്തു വേണം സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയ്ക്ക് ഇരുത്താന്‍. എന്നിരിക്കേയാണ് അവസാന നിമിഷം രജിസ്‌ട്രേഷന് ശ്രമിച്ച് പരീക്ഷയ്ക്ക് ഇരുത്താന്‍ നോക്കിയത്. സാധാരണ അംഗീകാരമില്ലാത്ത സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെ അംഗീകാരമുള്ള മറ്റു സ്‌കൂളുകളുമായി വ്യാപാരകരാറുണ്ടാക്കി അവരുടെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രജിസ്‌ട്രേഷന് അപേക്ഷിച്ച് പരീക്ഷ എഴുതിക്കുന്നതാണ് സിബിഎസ്ഇ കച്ചവടത്തിലെ രീതി.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913