തൃശ്ശൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു; ഭര്‍ത്താവ് അറസ്റ്റിൽ

തൃശ്ശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു.അണ്ടത്തോട് തങ്ങൾപ്പടിയിൽ താമസിക്കുന്ന പെരുമ്പടപ്പ് സ്വദേശിനിയും പി.യു.സി.എൽ മലപ്പുറം ജില്ലാ മുൻ സെക്രട്ടറിയുമായ സുലേഖയാണ് (52) മരിച്ചത്. ഭർത്താവ് പാലക്കാട് സ്വദേശി ചീനിക്കര വീട്ടിൽ യൂസഫിനെ (56) പൊലീസ് കസ്റ്റഡിയിലെടുത്തു. വീടിന്റെ ഓട് പൊളിച്ച് അകത്തു കടന്നാണ് യൂസഫ് ഉറങ്ങിക്കിടന്ന ഭാര്യയെ കൊലപ്പെടുത്തിയത്. യൂസഫും ഭാര്യ സുലേഖയും പിരിഞ്ഞ് കഴിയുകയായിരുന്നുവെന്നാണ് വിവരം. പ്രതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

ആറു മാസമായി ഭർത്താവുമായി വേർപിരിഞ്ഞ് മാതാവിനൊപ്പമാണ് സുലേഖ താമസിച്ചിരുന്നത്. ഒപ്പം താമസിച്ചിരുന്ന മൂത്ത മകൾ കഴിഞ്ഞയാഴ്ച ഭർതൃഗൃഹത്തിലേക്കു പോയിരുന്നു. മറ്റു രണ്ട് മക്കൾ വേറെയാണ് താമസം. ഇന്നലെ പുലർച്ചെ നമസ്‌കാരം കഴിഞ്ഞ് മുറ്റമടിച്ച് തിരിച്ചെത്തിയിട്ടും സുലേഖയെ പുറത്തേക്കു കാണാതിരുന്നതിനെ തുടർന്ന് മുറിയിൽ നോക്കിയപ്പോഴാണ് കഴുത്തിനു വെട്ടേറ്റ് മരിച്ചുകിടക്കുന്നത് മാതാവ് കണ്ടത്. വീടിന്റെ ഓടു പൊളിച്ച് അകത്തു കടന്നാണ് യൂസഫ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മാറഞ്ചേരിയിൽ തടിമില്ല് ജീവനക്കാരനായ യൂസഫ്,​ ഭാര്യയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം മില്ലിൽ തിരികെ കൊണ്ടുവച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസിൻറെ പിടിയിലായത്.

ഭർത്താവ് വധ ഭീഷണി നടത്തുന്നതായി നേരത്തെ വടക്കേക്കാട് പൊലീസിൽ സുലേഖ പരാതി നൽകിയിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് സംസ്‌കരിക്കും. വടക്കേക്കാട് എസ്.ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913