കേരളത്തിൽ വീണ്ടും ‘തീണ്ടൽ പലക’: ഐ പി സി സഭയിലെ ക്രിസ്തു സിറിയൻ ക്രിസ്ത്യനോ?

ക്രിസ്തുമതം സ്വീകരിച്ചതുകൊണ്ട് മാമോദീസ മുങ്ങി ക്രിസ്തുവിൻറെ രക്തത്താൽ കഴുകപെട്ടു എന്നൊക്കെ വാചകമടിക്കാമെന്നല്ലാതെ അവൻറെ ക്രിസ്ത്യാനിറ്റിയെക്കാൾ അവൻ ബ്രാഹ്മണിസത്തിന് അറിഞ്ഞോ അറിയാതെയോ വിലകല്പിക്കുന്നുണ്ട് എന്നതാണ് വാസ്തവം. ക്രൈസ്തവ സഭകൾക്കുള്ളിൽ പോലും ജാതിയെ നിര്‍മൂലനം ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നത് എത്രമാത്രം ആഴത്തിലാണ് അതിൻറെ വേരുകള്‍ എന്ന് നമ്മെ ഓര്‍മപ്പെടുത്തുന്നു.ക്രിസ്ത്യന്‍ ദളിതര്‍ ഹിന്ദുമതത്തിലായിരുന്നപ്പോഴും ഉയര്‍ന്ന ജാതികളുടെ ബലിയാടുകളായിരുന്നു. ക്രിസ്തുമതത്തിലേക്കു ചേര്‍ന്നത് ഹിന്ദുമൌലികവാദികളുടെ വര്‍ണ്ണ വ്യവസ്ഥയില്‍നിന്നു രക്ഷനേടുവാനായിരുന്നു. ക്രിസ്ത്യാനിപ്രഭുക്കന്മാര്‍ തങ്ങളെ തുല്യമായി പരിഗണിക്കുമെന്ന് അവര്‍ വിശ്വസിച്ചു. എന്നാല്‍ തങ്ങളുടെ സ്വപ്നങ്ങളെല്ലാം പാഴാവുകയായിരുന്നു.ക്രിസ്ത്യാനികളായി മതം മാറ്റുന്നതിനും മതം മാറുന്നവരുടെ സാമൂഹ്യ സുരക്ഷക്കുമായി കോടിക്കണക്കിനു ഡോളര്‍ വിദേശപ്പണം സഭ സമാഹരിക്കുന്നുമുണ്ട്. എന്നാൽ സഭയ്ക്കുള്ളില്‍ ബ്രാഹ്മണരെപ്പോലെ പ്രഭുക്കന്മാരായി ജീവിക്കുന്നവരുടെ ആധിപത്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. സഭയുടെ സമ്പത്തും അധികാരവും അവസരങ്ങളും പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ടാണ് ജാതിവിവേചനത്തിന്‍െറ മുഖം വ്യക്തമായി തെളിഞ്ഞുവരാറുള്ളത്.

ക്രിസ്തീയ സഭകളിലെ, പ്രത്യേകിച്ച് പ്രൊട്ടസ്റ്റന്‍റ്, പെന്തക്കോസ്ത് വിഭാഗങ്ങളിലെ സഭകളിലെ കൂട്ടായ്മകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന വീടുകളില്‍ നടത്തുന്ന പ്രാര്‍ഥനകള്‍ ശ്രദ്ധേയമാണ്. ഇത്തരം പ്രാര്‍ഥനകള്‍ക്കുശേഷം ഒരുമിച്ച് ഭക്ഷണം കഴിക്കുക കൂട്ടായ്മയുടെ ഭാഗമാണ്. എന്നാല്‍, ദലിത് ക്രൈസ്തവരുടെ വീടുകളില്‍ പ്രാര്‍ഥനക്കുശേഷം ഭക്ഷണം കഴിക്കാതെ പോകുന്ന ‘സവര്‍ണ’ ക്രൈസ്തവര്‍ ഇന്നുമുണ്ട്. വീട്ടില്‍ പാകംചെയ്ത ഭക്ഷണമാണെങ്കില്‍ കഴിക്കാതിരിക്കുക, ചായയുമായി വെളിയിലിറങ്ങി കളഞ്ഞശേഷം ഗ്ളാസ് തിരികെയേല്‍പിക്കുക മുതലായ രീതികള്‍ അവലംബിക്കുന്നത് ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്.എന്നാൽ ഇപ്പോഴിതാ ഒരു ഐപിസിയുടെ പെന്തക്കോസ്ത് ചർച്ചിൽ ‘തീണ്ടൽപ്പലക’ സ്ഥാപിച്ചത് വിവാദമാകുന്നു.

ചാത്തൻതറ എന്ന തൻറെ സ്വന്തം നാട്ടിലെ പെന്തകോസ്ത് ചർച്ചിലേക്കുള്ള വഴിയിൽ സ്ഥാപിച്ചിട്ടുള്ള തീണ്ടൽ പലകയുടെ ബോർഡ് സഹിതം അലീന ആകാശ മിഠായി ആണ് ഈ വിവരം സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. പല ദളിത് സംഘടനകളും പ്രതിഷേധവുമായെത്തിയതിനെ തുടർന്ന് പോലീസെത്തി തീണ്ടൽ പലക നീക്കം ചെയ്തു.

എന്നാൽ ഇന്ത്യയിൽ ദളിത് ക്രിസ്ത്യാനികൾ സവർണ്ണ ക്രിസ്ത്യാനികൾ എന്ന ഭീകര ജീവികളിൽ നിന്നും അനുഭവിക്കുന്ന അക്രമങ്ങളുടെയും അപമാനത്തിന്റെയും വിവേചനത്തിന്റെയും പരിഹാരം ദൈവത്തിന് വിട്ടുകൊടുക്കേണ്ട കാലമൊക്കെ എന്നേ അതിക്രമിച്ചു കഴിഞ്ഞു എന്ന യദാർഥ്യം പങ്കുവെച്ചുകൊണ്ട് അലീന ഫെയ്സ്  ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ചുവടെ ചേർക്കുന്നു.

ഫെയ്‌സ് ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം:

എന്റെ നാടാണ് ചാത്തൻതറ. എന്റെ നാട്ടിലെ ഐ പി സി പള്ളിയിൽ ആണ് ഈ സംഭവം നടന്നിരിക്കുന്നത്.

ദളിത് ഭൂരിപക്ഷമുള്ള, അതിൽ തന്നെയും കൂടുതൽ ദളിതർ ക്രിസ്തുമതം സ്വീകരിച്ചിട്ടുള്ള ഞങ്ങളുടെ നാട്ടിൽ WME, Church of God, മർത്തോമ (രണ്ടു പള്ളിയും), TPM, CMS, സിറിയൻ കത്തോലിക്കാ സഭ, ലാറ്റിൻ കത്തോലിക്കാ സഭ, പിന്നെ ഒട്ടനവധി സ്വതന്ത്രസഭകൾ തുടങ്ങി എല്ലാ വിധ ക്രിസ്തീയ സഭകളുമുണ്ട്. മിക്ക പ്രൊട്ടസ്റ്റന്റ് സഭകളും ആരംഭിക്കാൻ നേതൃത്വം വഹിക്കുകയും അതിന് സ്ഥലം ദാനം ചെയ്യുകയും ആരാധനാലയം പണിയുകയും ചെയ്തത് ദളിത് വിഭാഗങ്ങളിൽ പെട്ട ഞങ്ങളുടെ കാർന്നോന്മാർ ആയിരുന്നു. ഈ ഐ പി സി സഭയിൽ എനിക്ക് നേരിട്ട് അറിയാവുന്ന പല ദളിത് കുടുംബങ്ങളും തലമുറകളായി അംഗങ്ങളുമാണ്.
കഴിഞ്ഞ കാലങ്ങളായി സുറിയാനി ക്രിസ്ത്യാനികളും ദളിതരും തമ്മിൽ ആ സഭയിൽ പ്രത്യക്ഷത്തിൽ തന്നെ ജാതീയത നില നിന്നിരുന്നു. സുറിയാനി ക്രിസ്ത്യാനിയായ പ്ലാക്കുഴിയിയിൽ പി എം തോമസ് (സാം) ദളിത് വിഭാഗങ്ങളിൽ പെട്ടവരെ സഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടെന്നും തുടർന്നുള്ള ചർച്ചയിൽ വെച്ചൂച്ചിറ സെന്റർ പാസ്റ്റർ തോമസ് മാത്യു മൗനം പാലിച്ചെന്നും ആക്ഷേപമുണ്ട്. ഇയാളുടെ ഇടപെടീൽ മൂലം പല ദളിത് കുടുംബങ്ങളും WME സഭയിലേക്ക് പറഞ്ഞയക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച ഹർത്താൽ ആയതിനാൽ സ്വന്തം പള്ളികളിൽ പോകാൻ സാധിക്കാഞ്ഞ കുറച്ചു ദളിതർ ഐ പി സി സഭയിൽ എത്തുകയും പള്ളിക്കാർ അവരെ ആരാധന നടത്താൻ സമ്മതിക്കാതിരിക്കുകയും ചെയ്തതിനാൽ പ്രതിഷേധമായി അവർ കവലയിൽ പരസ്യമായി പ്രാർത്ഥന നടത്തി. ആരാധന നടത്താൻ സമ്മതിക്കാതിരിക്കൽ ബൈബിൾ പ്രകാരവും ഐ പി സി സഭയുടെ ചട്ടപ്രകാരവും ഇൻഡ്യൻ ഭരണഘടന പ്രകാരവും തെറ്റാണ്. അതേ ദിവസമാണ് പള്ളിയുടെ മുന്നിൽ ഈ ബോർഡ് പ്രത്യക്ഷപ്പെട്ടത്, പോലീസ് എത്തി അത് നീക്കം ചെയ്യുകയും ചെയ്തു. വിവരമറിഞ്ഞ ദളിത് പ്രവർത്തകർ പി എം തോമസിന്റെ വീട്ടിൽ എത്തുകയും പലരുടെയും ഇടപെടൽ മൂലം അക്രമം ഒഴിവാകുകയും ചെയ്തു.

ചാത്തൻതറയിലും പരിസരത്തും “ഐ പി സി സഭയിലെ ക്രിസ്തു സിറിയൻ ക്രിസ്ത്യനോ?” എന്ന് പല ദളിത് സംഘടനകളും പോസ്റ്റർ പതിച്ചു.

നാട്ടിൽ ഇല്ലാഞ്ഞതിനാൽ അമ്മയാണ് ഫോണിലൂടെ ഇത്രയും വിവരങ്ങൾ പറഞ്ഞത്. ഇതൊന്നും ഫെയ്സ്ബുക്കിൽ എഴുതരുതെന്നും ഇവരോടൊക്കെ ദൈവം ചോദിച്ചോളും എന്നും പറഞ്ഞിരുന്നു. പക്ഷേ ഇന്ത്യയിൽ ദളിത് ക്രിസ്ത്യാനികൾ അനുഭവിക്കുന്ന അക്രമങ്ങളുടെയും അപമാനത്തിന്റെയും വിവേചനത്തിന്റെയും പരിഹാരം ദൈവത്തിന് വിട്ടുകൊടുക്കേണ്ട കാലമൊക്കെ എന്നേ അതിക്രമിച്ചു കഴിഞ്ഞു.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913