ഡല്‍ഹിയിലെ വംശഹത്യ: മരണം 20; അറസ്റ്റിലായവരും 20; സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ അജിത് ഡോവലിന് ചുമതല

വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ 20 പേര്‍ അറസ്റ്റില്‍. ഡല്‍ഹി പോലീസാണ് ഇക്കാര്യം അറിയിച്ചത്. അതേ സമയം സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സന്ദര്‍ശിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ഡല്‍ഹിയിലെത്തിയ അജിത് ഡോവല്‍ ഡല്‍ഹി കമ്മീഷണര്‍ ഓഫീസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി.കലാപം വന്‍ തോതില്‍ നാശം വിതച്ച സീലാംപൂര്‍, ജാഫ്രാബാദ്, മൗജ്പൂര്‍,ഗോകുല്‍പുരി ചൗക് എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ അജിത് ഡോവല്‍ സന്ദര്‍ശനം നടത്തിയത്.

സംഘര്‍ഷത്തിന് പിന്നാലെ പുതുതായി നിയമിച്ച സ്‌പെഷ്യല്‍ കമ്മീഷണര്‍ എസ്എന്‍ ശ്രീവാസ്ത, നോര്‍ത്ത് ഈസ്റ്റ് ഡിസിപി തുടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥരും അജിത് ഡോവല്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തു. സംഘര്‍ഷ മേഖലയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍, വടക്ക് കിഴക്കന്‍ ഡല്‍ഹിയിലേക്കുള്ള പോലീസ് വ്യന്യാസം, മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള മാര്‍ഗങ്ങള്‍ എന്നിവ യോഗത്തില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് വിലയിരുത്തി.

അതിനിടെ ഡല്‍ഹി കലാപം സംബന്ധിച്ച ഹരജി ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച രാത്രി പരിഗണിച്ചു. അക്രമം രൂക്ഷമായ സാഹചര്യത്തില്‍ അര്‍ധരാത്രി കോടതി ഹരജി പരിഗണിക്കുകയായിരുന്നു. കലാപംസംബന്ധിച്ച് കോടതി റിപ്പോര്‍ട്ട് തേടി. പരുക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസ് ഇന്ന് ഉച്ചക്കു ശേഷം കോടതി വീണ്ടും പരിഗണിക്കും. ഡല്‍ഹി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നു നിശ്ചയിച്ച കേരള സന്ദര്‍ശനം റദ്ദാക്കി.അതേ സമയം കലാപത്തില്‍ മരിച്ചവരുടെ എണ്ണം 20ആയി ഉയര്‍ന്നു. 48 പോലീസുകാരടക്കം 200ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന് ചുമതലയേല്‍പ്പിച്ചിട്ടുണ്ട്.

സംഘര്‍ഷങ്ങള്‍ക്കിടെ നിര്‍ത്തി വച്ച മെട്രോ സര്‍വീസുകള്‍ പുനരാരംഭിച്ചതായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ അറിയിച്ചു. എല്ലാ സ്റ്റേഷനുകളും തുറന്നു പ്രവര്‍ത്തിക്കും. ഡല്‍ഹിയില്‍ അര്‍ധസൈനിക വിഭാഗങ്ങളടക്കം കൂടുതല്‍ സേനയെ വിന്യസിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. സംഘര്‍ഷം ആസൂത്രിതമല്ലെന്നാണ് കരുതുന്നതെന്ന് അമിത് ഷാ പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ അടക്കമുളളവര്‍ പങ്കെടുത്തു. സ്ഥിതി ആശങ്കാജനകമാണെന്ന് കേജ്‌രിവാള്‍ അറിയിച്ചു. സംഘര്‍ഷം നിയന്ത്രിക്കാന്‍ ആവശ്യമായ എല്ലാ സഹായവും കേന്ദ്രം വാഗ്ദാനം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേ സമയം മുസ്ലിങ്ങളെ മാത്രം ലക്ഷ്യംവച്ചുള്ള വംശഹത്യയാണ് ഡൽഹിയിൽ നടക്കുന്നത് എന്നതാണ് യാഥാർഥ്യം.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913