ഡല്‍ഹിയിലെ വംശഹത്യ: സ്ഥിതിഗതികൾ ഭയാനകം; സൈന്യത്തെ ഇറക്കണം: അരവിന്ദ് കെജിരിവാള്‍

കലാപത്താല്‍ കത്തിയെരിയുന്ന ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ഉടന്‍ സൈന്യത്തെ വിളിക്കണമെന്നു കേന്ദ്രത്തോട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കിണഞ്ഞ് ശ്രമിച്ചിട്ടും പോലീസിന് സാഹചര്യം നിയന്ത്രണ വിധേയമാക്കാനായിട്ടില്ലെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് കെജ്‌രിവാളിന്റെ പ്രതികരണം.

‘ഒരു രാത്രി മുഴുവന്‍ ഞാന്‍ ജനങ്ങളുമായി സംസാരിച്ചു. സാഹചര്യം ഭയപ്പെടുത്തുന്നതാണ്. പോലീസ് അവരുടെ എല്ലാ പരിശ്രമങ്ങള്‍ നടത്തിയിട്ടും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനോ ആത്മവിശ്വാസം സൃഷ്ടിക്കാനോ സാധിക്കുന്നില്ല. സൈന്യത്തെ നിര്‍ബന്ധമായും വിളിക്കണം. സംഘര്‍ഷമേഖലകളില്‍ ഉടന്‍ തന്നെ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും വേണം. ഇക്കാര്യം ആവശ്യപ്പെട്ടുക്കൊണ്ട് ആഭ്യന്തര മന്ത്രാലയത്തിന് കത്തയക്കുകയാണ്.’ കെജ്‌രിവാള്‍ ട്വീറ്റില്‍ കുറിച്ചു.

സംഘര്‍ഷത്തില്‍ പരുക്കേറ്റവരെ ചൊവ്വാഴ്ച രാത്രി കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആശുപത്രികളിലെത്തി സന്ദര്‍ശിച്ചിരുന്നു. അതേ സമയം സൈന്യത്തെ വിളിക്കേണ്ട സാഹചര്യമില്ലെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത തല യോഗങ്ങളും നടത്തുകയുണ്ടായി. കലാപം ആസൂത്രിതമല്ലെന്നാണ് കരുതുന്നതെന്നുമാണ് അമിത് ഷാ അഭിപ്രായപ്പെട്ടത്. ഡല്‍ഹി കലാപത്തില്‍ ഇതുവരെ 20 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 200ലധികം പേര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ പലരുടേയും നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913