വിദ്വേഷ പ്രസംഗം: എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്ന് ഡല്‍ഹി പോലീസ് ഹൈക്കോടതിയിൽ

ഡല്‍ഹിയിലെ അക്രമ പരമ്പരകള്‍ക്ക് കാരണമായ വിദ്വേഷ പ്രസംഗര്‍ക്ക് എതിരെ കേസെടുക്കാന്‍ കൂടുതല്‍ സമയം തേടി ഡല്‍ഹി പോലീസ്. ഇതുസംബന്ധിച്ച കേസ ഡല്‍ഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിച്ചപ്പോഴാണ് ഡല്‍ഹി പോലീസിനും കേന്ദ്ര സര്‍ക്കാറിനും വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.

മൂന്ന് പ്രസംഗങ്ങള്‍ മാത്രമാണ് പരാതിക്കാരന്‍ കോടതിക്ക് മുമ്പാകെ ഹാജരാക്കിയതെന്നും ഇത്തരത്തില്‍ പ്രസംഗം സെലക്ട് ചെയ്യാന്‍ പരാതിക്കാരന് സാധിക്കില്ലെന്നും തുഷാര്‍ മെഹ്ത പറഞ്ഞു. ഇതിലും കൂടുതല്‍ വിധ്വേഷ പ്രസംഗങ്ങള്‍ നടന്നിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുക സാധ്യമല്ലെന്നും തുഷാര്‍ മെഹ്ത പറഞ്ഞു. പോലീസ് കാര്യങ്ങള്‍ പരിശോധിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്ന് ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ കേന്ദ്ര ഗവണ്‍മെന്റിന് ഹൈക്കോടതി ചീഫ് ജസറ്റിസ് ഡി എന്‍ പട്ടേല്‍ നാലാഴ്ച സമയം നല്‍കി. ഏപ്രിൽ 13ന് കോടതി കേസ് വീണ്ടും പരിഗണിക്കും.

വിദ്വേഷ പ്രസംഗകര്‍ക്ക് എതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ വൈകുന്നതില്‍ ഡല്‍ഹി ഹൈക്കോടതി ഇന്നലെ രൂക്ഷമായി വിമര്‍ശനമുന്നയിച്ചിരുന്നു. 1984ലെ സിഖ് കലാപത്തെ ഓര്‍മിപ്പിച്ച കോടതി അത്തരമൊരു സാഹചര്യം ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

ബിജെപി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, അഭയ് വര്‍മ, പര്‍വീഷ് വര്‍മ തുടങ്ങിയ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ കോടതി കേട്ടിരുന്നു. അതിന് ശേഷമായിരുന്നു രൂക്ഷമായ പ്രതികരണമുണ്ടായത്.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913