കൂടത്തായി കേസ് പ്രതി ജോളി ജയിലില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു

കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളി ജയിലില്‍ ആത്മഹത്യക്കു ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചായിരുന്നു ജീവനൊടുക്കാനുള്ള ശ്രമം. ജോളിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടതു കൈതണ്ടയിലെ രണ്ട് ഞരമ്പുകളിലെ മുറിവ് ഗുരുതരമായതിനാൽ ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റി. ആശുപത്രി പരിസരത്ത് പോലീസ് കാവലേർപ്പെടുത്തി.

ഞരമ്പ് കടിച്ചുമുറിക്കുകയായിരുന്നുവെന്നാണ് ജോളിയുടെ മൊഴി. എന്നാല്‍ ഇത് വിശ്വസിക്കാന്‍ ജയില്‍ അധികൃതര്‍ തയാറായിട്ടില്ല. ജോളിയുടെ സെല്ലില്‍ ജയില്‍ അധികൃതര്‍ വിശദമായ പരിശോധന നടത്തിയെങ്കിലും മുറിവുണ്ടാക്കാന്‍ കഴിയുന്ന എന്തെങ്കിലും വസ്തുക്കള്‍ സെല്ലില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല.

മറ്റ് മൂന്ന് പേരുടെ കൂടെ സെല്ലില്‍ പാര്‍പ്പിച്ചിരുന്ന ജോളിയെ വ്യാഴാഴ്ച രാവിലെയാണ് ഞരമ്പ് മുറിച്ച നിലയില്‍ കണ്ടത്. ആദ്യം ജില്ലാ ആശുപത്രിയിലെത്തിച്ച ജോളിക്ക് അവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913