‘ഇന്‍ഷാ അല്ലാഹ്, ഇവിടെ സമാധാനം പുലരും’ എന്ന് സംഘര്‍ഷ മേഖല സന്ദര്‍ശിച്ച അജിത് ഡോവല്‍

ഡല്‍ഹിയിലെ അക്രമബാധിത പ്രദേശങ്ങളില്‍ സാധാരണ നില പുനഃസ്ഥാപിക്കുന്നതിന്റെ ചുമതലയുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ബുധനാഴ്ച വൈകീട്ട് വീണ്ടും പ്രദേശം സന്ദര്‍ശിച്ച് സുരക്ഷാ സ്ഥിതി അവലോകനം ചെയ്തു. ‘ഇന്‍ഷ അല്ലാഹ്, ഇവിടെ സമാധാനം പുലരും’ എന്ന്‌ സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഡോവല്‍ പിന്നീട് ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ അറിയിക്കുകയും ചെയ്തു.

‘സംഘര്‍ഷമുണ്ടായ സ്ഥലങ്ങളില്‍ ഇപ്പോള്‍ സ്ഥിതി പൂര്‍ണമായും നിയന്ത്രണവിധേയമാണ്. ആളുകള്‍ സംതൃപ്തരാണ്. എനിക്ക് നിയമപാലകരില്‍ വിശ്വാസമുണ്ട്. പോലീസ് അവരുടെ കര്‍ത്തവ്യം നിര്‍വഹിക്കുന്നുണ്ട്’ അജിത് ഡോവല്‍ പറഞ്ഞു.

ഞായറാഴ്ച മുതല്‍ നടന്ന സംഘര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നായ ജാഫ്രാബാദിൽ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തോടൊപ്പമാണ് ഡോവല്‍ സന്ദര്‍ശനം നടത്തിയത്. ജാഫ്രാബാദില്‍ സ്ഥിതി അതീവ ഭയാനകമാണെന്ന് നാട്ടുകാര്‍ ഡോവലിനോട് പറഞ്ഞു. താന്‍ ഒരു വിദ്യാര്‍ത്ഥിയാണെന്നും രാത്രി ഉറങ്ങാന്‍ കഴിയുന്നില്ലെന്നും ഒരു പെണ്‍കുട്ടി ഡോവലിനോട് പറഞ്ഞു. നിങ്ങള്‍ വിഷമിക്കേണ്ടതില്ല. ഇത് സര്‍ക്കാരിന്റെയും പോലീസിന്റെയും ഉത്തരവാദിത്തമാണ് എന്നായിരുന്നു ഡോവലിന്റെ മറുപടി. പോലീസ് അവരുടെ ജോലി ചെയ്യുന്നില്ലെന്നും അതിനാല്‍ ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട വിദ്യാര്‍ഥിയോട്, ‘ഞാന്‍ നിങ്ങള്‍ക്ക് എന്റെ വാക്ക് തരാം’ എന്ന് ഡോവല്‍ മറുപടി നല്‍കി.

ഡല്‍ഹി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായോട് അഭ്യര്‍ഥിച്ചതിന്റ അടിസ്ഥാനത്തിലാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ചുമതല അജിത് ഡോവലിനെ ഏല്‍പിച്ചത്. ഇന്ന് വൈകുന്നേരം അദ്ദേഹം സ്ഥിതിഗതികള്‍ വിശദീകരിക്കുന്നതിന് മുമ്പ് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ കമ്മീഷണര്‍ (ക്രമസമാധാനം) എസ്എന്‍ ശ്രീവാസ്തവയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913