ശരണ്യയും കാമുകനും പോലീസ് കസ്റ്റഡിയില്‍; സ്‌റ്റേഷനില്‍ കാമുകനും ഭര്‍ത്താവും തമ്മില്‍ വാക്കേറ്റം

കണ്ണൂരില്‍ ഒന്നരവയസുകാരന്‍ വിയാനെ കടല്‍ഭിത്തിയിലെറിഞ്ഞു കൊന്ന സംഭവത്തില്‍ അമ്മയും കാമുകനും പോലീസ് കസ്റ്റഡിയില്‍. റിമാന്‍ഡിലായിരുന്ന കുഞ്ഞിന്റെ മാതാവ് തയ്യില്‍ ശരണ്യയെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണു പോലീസ് കസ്റ്റഡിയില്‍ വിട്ടത്. എറണാകുളത്തായിരുന്ന കാമുകന്‍ നിധിനെ വിളിച്ചുവരുത്തി മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തതിനു പിന്നാലെയാണു പോലീസ് കസ്റ്റഡിയിലെടുത്തത്. നിലവില്‍ പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും കൊലപാതകത്തില്‍ നിധിനു പങ്കുണ്ടെന്നു പോലീസിനു സംശയമുണ്ട്.

കണ്ണൂര്‍ സിറ്റി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ആര്‍. സതീശന്റെ നേതൃത്വത്തില്‍ ശരണ്യയേയും നിധിനേയും വെവ്വേറെ മുറികളില്‍ ഇന്നലെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. ശരണ്യയെ കാണുന്നതിന് വേണ്ടി എത്തിയതാണെന്ന് സമ്മതിക്കുമ്പോഴും കുഞ്ഞിനെ കൊല്ലാന്‍ ഒരിക്കലും പറഞ്ഞിരുന്നില്ലെന്നും കാമുകന്‍ ആവര്‍ത്തിച്ചു. ഈ മൊഴി പൊലീസ് പൂര്‍ണമായി മുഖവിലയ്‌ക്കെടുത്തിട്ടില്ല.

നേരത്തേ കുറ്റം സ്വയമേറ്റ ശരണ്യ സംഭവത്തില്‍ കാമുകന്റെ പ്രേരണയെക്കുറിച്ചു സൂചന നല്‍കിയതോടെയാണു നിധിനെ കസ്റ്റഡിയിലെടുത്തത്. നിധിന്‍ ഭീഷണിപ്പെടുത്തി വരുതിയിലാക്കിയതാണെന്നും രഹസ്യ ഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്നു പലവട്ടം പറഞ്ഞതായും ശരണ്യ ആരോപിച്ചു. സാമ്പത്തിക ആവശ്യം പറഞ്ഞു നിരന്തരം സമ്മര്‍ദം ചെലുത്തിയതിനെത്തുടര്‍ന്നു കാമുകനുവേണ്ടി ബാങ്ക് വായ്പ തരപ്പെടുത്താന്‍ ശ്രമിച്ചതായും ചില മോഷണങ്ങള്‍ നടത്തിയതായും ശരണ്യ വെളിപ്പെടുത്തി.

സിറ്റി സി.ഐയുടെ അപേക്ഷയില്‍ ഇന്നലെ ഉച്ചയോടെയാണു ശരണ്യയെ ഏഴു ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍വിട്ടത്. തുടര്‍ന്ന് സ്‌റ്റേഷനിലെത്തിച്ച് കാമുകനൊപ്പം ചോദ്യംചെയ്തു. സംശയ ദൂരീകരണത്തിനായി ഭര്‍ത്താവ് പ്രണവിനേയും സ്‌റ്റേഷനിലേക്കു വിളിച്ചുവരുത്തിയിരുന്നു. പ്രണവിനെ കണ്ട ശരണ്യ പൊട്ടിക്കരഞ്ഞു. പ്രണവിനെ കണ്ടപ്പോള്‍ തനിക്ക് ആരുമില്ലാതായെന്ന് പറഞ്ഞായിരുന്നു ശരണ്യ പൊട്ടിക്കരഞ്ഞത്. പിന്നീടാണ് കുഞ്ഞിനെ കൊല്ലാന്‍ കാമുകന്‍ പ്രേരിപ്പിച്ചെന്നു പോലീസിനോടു പറഞ്ഞത്.

സ്‌റ്റേഷനില്‍ നിധിനും പ്രണവും തമ്മില്‍ വാക്കേറ്റവുമുണ്ടായി. കുടുംബം തകര്‍ത്തല്ലോടാ എന്ന് പറഞ്ഞ് നിധിന് നേരെ പ്രണവ് ആഞ്ഞടുത്തെങ്കിലും പോലീസും കൂട്ടുകാരും തടഞ്ഞതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. കേസില്‍ നിധിനെ പ്രതി ചേര്‍ത്തില്ലെങ്കിലും കുഞ്ഞിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് തന്നെയാണ് പോലീസ് സംശയിക്കുന്നത്. അതേസമയം നിധിനെ പ്രതിചേര്‍ക്കാന്‍ തക്കവിധമുള്ള തെളിവുകള്‍ കിട്ടിയിട്ടില്ല.

കുഞ്ഞ് കൊല്ലപ്പെടുന്നതിന്റെ തലേദിവസം ശരണ്യയുടെ വീടിന്റെ പരിസരത്ത് കമുകന്‍ എത്തിയതായി അയല്‍വാസി മൊഴി നല്‍കിയിരുന്നു. ഒരു വയസുകാരന്‍ വിയാനെ കൊലപ്പെടുത്താന്‍ കാമുകന്‍ ശരണ്യയില്‍ സമ്മര്‍ദം ചെലുത്തിയിരുന്നോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഭര്‍ത്താവ് പ്രണവിന്റെ മൊഴിയില്‍ കുട്ടിയെ കൊലപ്പെടുത്തിയതില്‍ കാമുകനും പങ്കുണ്ടാകമെന്ന സൂചനയുണ്ടായിരുന്നു. ശരണ്യയും, കാമുകനും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതിനും തെളിവ് ലഭിച്ചിട്ടുണ്ട്. 

വരും ദിവസങ്ങളില്‍ ഭര്‍ത്താവ് പ്രണവിനേയും കൂടുതല്‍ ചോദ്യം ചെയ്യും. കുട്ടിയെ കൊലപ്പെടുത്താന്‍ ശരണ്യ നേരത്തേയും ശ്രമിച്ചിരുന്നു എന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ചും അന്വേഷണസംഘം വിശദമായി പരിശോധിക്കുന്നുണ്ട്. കണ്ണൂര്‍ തയ്യിലെ ശരണ്യ-പ്രണവ് ദമ്പതികളുടെ ഒന്നര വയസുള്ള മകന്‍ വിയാന്റെ മൃതദേഹമാണ് ഒരാഴ്ച മുമ്പു കടപ്പുറത്തിനു സമീപത്തെ പാറക്കൂട്ടത്തില്‍നിന്നു കണ്ടെത്തിയത്. കാമുകനൊപ്പം ജീവിക്കാന്‍ താന്‍തന്നെയാണ് മകനെ കൊലപ്പെടുത്തിയതെന്നു ശരണ്യ സമ്മതിച്ചിരുന്നു.

Saranya breaks down before husband ‘I don’t have anybody’; Pranav lost control and told Nithin you ruined my family life and raised his hand to attack him