രാജ്യദ്രോഹക്കേസില്‍ കനയ്യകുമാര്‍ വിചാരണ നേരിടണം; കെജ്രിവാള്‍ സര്‍ക്കാര്‍ അനുമതി നല്‍കി

ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന് ആരോപിച്ചുള്ള രാജ്യദ്രോഹക്കേസില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ അദ്ധ്യക്ഷനും സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗവുമായ കനയ്യകുമാര്‍ അടക്കമുള്ളവരെ വിചാരണ ചെയ്യാന്‍ ദല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കി.

2016 ല്‍ ജെ .എന്‍.യു വിദ്യാര്‍ത്ഥി നേതാവായിരിക്കെ അഫ്സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നായിരുന്നു കനയ്യ അടക്കമുള്ളവര്‍ക്കെതിരെയുള്ള ആരോപണം.

ഈ കേസിലാണ് ദല്‍ഹി സര്‍ക്കാര്‍ ഇപ്പോള്‍ വിചാരണക്ക് അനുമതി നല്‍കിയത്. കേസില്‍ കനയ്യ കുമാറിനെയും മറ്റു 9 പേരെയും പ്രോസിക്യൂട്ട് ചെയ്യാനാണ് തീരുമാനം.കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ ഈ ഫയല്‍ ഡല്‍ഹി ആഭ്യന്തര വകുപ്പിന് മുന്നിലുണ്ടായിരുന്നു. ഇതിലാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന അവസാന വിചാരണയില്‍ പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇത് സംബന്ധിച്ച ഫയല്‍ അന്നത്തെ ആഭ്യന്തര മന്ത്രി സത്യേന്ദര്‍ ജെയ്‌ന്റെ പരിഗണനയിലാണെന്നും ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഡല്‍ഹിയില്‍ അധികാരം നിലനിര്‍ത്തിയ എ.എ.പി സര്‍ക്കാരില്‍ സത്യേന്ദര്‍ ജെയ്‌ന് തന്നെയാണ് വീണ്ടും ആഭ്യന്തര വകുപ്പ് ലഭിച്ചിരിക്കുന്നത്.

2016 ഫെബ്രുവരി 9നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ചായിരുന്നു ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.ഫെബ്രുവരി 19നാണ് കോടതി സര്‍ക്കാര്‍ നിലപാട് ആരാഞ്ഞത്. കേസ് ഏപ്രില്‍ മൂന്നിന് പരിഗണിക്കുന്നതിനായി മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.

Delhi government gives permission to prosecute Kanhaiya Kumar in sedition case