യുഎപിഎ കേസ്: താഹാ ഫസല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളി

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരങ്കാവ് പോലീസ് അറസ്റ്റ്ചെയ്തശേഷം എൻഐഎ തട്ടിപ്പറിച്ചോണ്ടുപോയെന്ന് പറയുന്ന കേസിൽ ജയിലിൽ കഴിയുന്ന കണ്ണൂർ യൂണിവേഴ്സിറ്റിയിലെ ജേണലിസം പിജി വിദ്യാർത്ഥി താഹാ ഫസലിന്റെ ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി തള്ളി. കസ്റ്റഡി ചോദ്യം ചെയ്യല്‍ അവസാനിച്ചെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു താഹയുടെ ആവശ്യം. ദേശീയ അന്വേഷണ ഏജന്‍സി ജാമ്യപേക്ഷ എതിര്‍ക്കുകയായിരുന്നു.

താഹയോടൊപ്പം കസ്റ്റഡിയിലായ അലന്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല. അതേസമയം, ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് എല്‍എല്‍ബി പരീക്ഷയെഴുതാന്‍ അലന്‍ ഷുഹൈബിനെ അടുത്തയിടെ കണ്ണൂര്‍ സര്‍വലകലാശാല അനുവദിച്ചിരുന്നു.

മാവോയിസ്റ്റ് സംഘടന പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളും കണ്ടെടുത്തുവെന്നും ഏതോ ഒരു മാവോയിസ്റ്റ് അവരുടെ അടുത്തുനിന്നിട്ട് ഓടിക്കളഞ്ഞെന്നും ആരോപിച്ചാണ് 2019 നവംബര്‍ ഒന്നിന് അലന്‍ ഷുഹൈബിനെയും താഹാ ഫസല്‍നെയും യുഎപിഎ ചാർജ്ജ് ചെയ്ത് പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ യു.എ.പി.എ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന ചട്ടമനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് ഈ യുവാക്കളുടെ കേസും റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍.ഐ.എയോട് കേസേറ്റെടുക്കാന്‍ ശുപാര്‍ശ ചെയ്തത്. ഇതനുസരിച്ചാണ് എന്‍.ഐ.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

NIA court dismisses Thaha’s bail plea in Pantheerankavu UAPA case