ആലപ്പുഴയിൽ കാനത്തെ പുറത്താക്കണമെന്ന് പോസ്റ്റർ പതിച്ച സംഭവത്തിൽ മൂന്നുപേരെ സി.പി.ഐ പുറത്താക്കി

ആലപ്പുഴ ജില്ലാകമ്മറ്റി ഓഫീസിന് മുന്നിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ പാർട്ടി അംഗങ്ങളായ മൂന്നുപേരെ സി.പി.ഐ -ൽ നിന്ന് പുറത്താക്കി. സി.പി.ഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ലാൽജി , എ.ഐ.വൈ.എഫ് അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് ജോമോൻ,​ സെക്രട്ടറി സുബീഷ് എന്നിവരെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്.

പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ജില്ലാ കമ്മിറ്റിക്ക് സമർപ്പിച്ചതിനെതുടർന്നാണ് നടപടി . 2019 ജൂലൈ 26 നായിരുന്നു സംഭവം. ജില്ലാ കൗൺസിൽ ഓഫീസിന്റെ മതിലിലും നഗരത്തിലുമാണ് കാനം രാജേന്ദ്രനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ പതിച്ചത്. എറണാകുളത്തെ സി.പി.ഐ മാർച്ചിൽ എൽദോ എബ്രഹാം എം.എൽ.എ അടക്കം ഉള്ളവരെ പൊലീസ് മർദ്ദിച്ചതിനെ കാനം രാജേന്ദ്രൻ ന്യായീകരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പോസ്റ്റർ പതിച്ചത്. സംഭവത്തിൽ കിസാൻ സഭാ നേതാവ് ഉൾപ്പെടെ മൂന്നു പേരെ നേരത്തേ പുറത്താക്കിയിരുന്നു.

CPI expels three members for pasting posters against Kanam Rajendran in Alappuzha.